ഭരണഘടനയും ഭരണഘടനാ സ്ഥാപനങ്ങളും അക്രമിക്കപ്പെടുമ്പോൾ അതിനെ സംരക്ഷിക്കാൻ ഇടതുപക്ഷം കാവലാകണം. ഇങ്ങനെയുള്ള സന്ദർഭത്തിൽ മന്ത്രി സജി ചെറിയാന്റെ വാക്കുകൾ അനുചിതമാണ്
കോഴിക്കോട് : ഭരണഘടനയെ അധിക്ഷേപിച്ച മന്ത്രി സജി ചെറിയാനെതിരെ എൽജെഡിയും. മന്ത്രിയുടെ വാക്കുകൾ അനുചിതമെന്ന് എൽജെഡി അധ്യക്ഷൻ എംവി ശ്രേയാംസ്കുമാർ പറഞ്ഞു. അധികാരസ്ഥാനങ്ങളിൽ ഇരിക്കുന്നവർ വാക്കുകൾ ഉപയോഗിക്കുന്നത് സൂക്ഷ്മതയോടെയാകണം. ഇന്ത്യയിൽ ഭരണഘടനയ്ക്ക് എതിരായി ഒളിഞ്ഞും തെളിഞ്ഞുമുള്ള അക്രമങ്ങൾ ചില കേന്ദ്രങ്ങളിൽ നിന്നും ഉണ്ടാകുന്നുണ്ട്. ഈ അവസരത്തിൽ, മതേതര-ജനാധിപത്യ ഇന്ത്യയുടെ ഭരണഘടനയെ സംരക്ഷിക്കലാണ് ഇടതുപക്ഷം ഉൾപ്പെടെയുള്ള വിശാല പ്രതിപക്ഷത്തിന്റെ കടമയെന്നും എൽജെഡി അധ്യക്ഷൻ പറഞ്ഞു.
ഭരണഘടനയും ഭരണഘടനാ സ്ഥാപനങ്ങളും അക്രമിക്കപ്പെടുമ്പോൾ അതിനെ സംരക്ഷിക്കാൻ ഇടതുപക്ഷം കാവലാകണം. ഇങ്ങനെയുള്ള സന്ദർഭത്തിൽ മന്ത്രി സജി ചെറിയാന്റെ വാക്കുകൾ അനുചിതമാണ്. ജനാധിപത്യവും മതേതരത്വവും കുന്തവും കൊടച്ചക്രവുമാണെന്ന തരത്തിൽ സംസാരിച്ചത് അംഗീകരിക്കാവുന്ന പിഴവല്ല. ഇതിലൂടെ ജനാധിപത്യം, മതേതരത്വം എന്നീ വാക്കുകളെ ഉൾക്കൊള്ളുന്നതിൽ മന്ത്രിക്ക് വീഴ്ച പറ്റി. തീവ്രസംഘടനകളാണ് എഴുതപ്പെട്ട ഭരണഘടനയ്ക്ക് പേരുദോഷമുണ്ടാക്കുന്ന നിലപാടുകൾ നിലവിൽ കൈകൊണ്ടുവരുന്നത്. ഭരണഘടന സംരക്ഷിക്കാൻ ഇടതുപക്ഷം നടത്തുന്ന പ്രവർത്തനങ്ങൾക്ക് ഈ പ്രസ്താവന കളങ്കമാണെന്നും അദ്ദേഹം വ്യക്തമാക്കി.
സജി ചെറിയാന്റെ വിവാദമായ മല്ലപ്പള്ളി പ്രസംഗം അനുചിതമെന്ന വിലയിരുത്തലാണ് ഇടതു മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ സിപിഐക്കുമുള്ളത്. സജി ചെറിയാന്റെ പരാമർശങ്ങൾ ഗുരുതരമെന്നും ഇത് നിയമ പോരാട്ടമായി കോടതിയിലെക്കിയാൽ തിരിച്ചടിക്ക് സാധ്യതയുണ്ടെന്നും സിപിഐ വിലയിരുത്തി.
സജി ചെറിയാന്റെ പ്രസ്താവന 3 വർഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റം, കേസെടുക്കാൻ നിയമ തടസ്സമില്ല
ഭരണഘടനക്കെതിരായായിരുന്നു മന്ത്രി സജി ചെറിയാന്റെ വിമർശനം. ഇന്ത്യയിലെ ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയെന്നാണ് വിമര്‍ശനം. ബ്രിട്ടീഷുകാരൻ പറഞ്ഞ് തയ്യാറാക്കി കൊടുത്ത ഭരണഘടന ഇന്ത്യക്കാരൻ എഴുതി വച്ചു. കൂട്ടത്തിൽ മതേതരത്വം, ജനാധിപത്യം തുടങ്ങിയ കുന്തവും കുടച്ചക്രവുമെക്കെ എഴുതിവെച്ചു. തൊഴിലാളികളെ ചൂഷണം ചെയ്യാൻ ഭരണഘടന സഹായിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. മല്ലപ്പള്ളിയിൽ ഞായറാഴ്ച സി പി എം പരിപാടിയിലായിരുന്നു മന്ത്രിയുടെ പരാമർശം.
