ആലുവ വെസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ അസിസ്റ്റന്റ് എൻജിനീയറാണ് പൊലീസിൽ പരാതി നൽകിയത്. രാത്രി സമയത്ത് ജീവനക്കാരുടെയും ഓഫീസിൻ്റെയും സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ആലുവ സർക്കിൾ ഇൻസ്പെക്ടർക്ക് ബോർഡ് അധികൃതർ കത്ത് നൽകുകയായിരുന്നു. 

കൊച്ചി: ലോഡ് ഷെഡിങ്ങിനെതിരായ പ്രതിഷേധത്തിൽ ജീവന് സുരക്ഷ ആവശ്യപ്പെട്ടു കെഎസ്ഇബി ഉദ്യോഗസ്ഥർ പരാതി നൽകി. ആലുവ വെസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ അസിസ്റ്റന്റ് എൻജിനീയറാണ് പൊലീസിൽ പരാതി നൽകിയത്. രാത്രി സമയത്ത് ജീവനക്കാരുടെയും ഓഫീസിൻ്റെയും സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ആലുവ സർക്കിൾ ഇൻസ്പെക്ടർക്ക് ബോർഡ് അധികൃതർ കത്ത് നൽകുകയായിരുന്നു. കറന്റ് പോകുന്നതോടേ ജനങ്ങളുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് പരാതി നൽകിയിരിക്കുന്നത്. സംസ്ഥാനത്ത് ലോഡ് പ്രഖ്യാപിച്ച സാഹചര്യത്തിൽ രാഷ്ട്രീയ പാർട്ടികളുടെ ഉൾപ്പെടെ ശക്തമായ പ്രതിഷേധമാണ് നിലനിൽക്കുന്നത്.

അതേസമയം, സംസ്ഥാനത്ത് അതിരൂക്ഷമായ വൈദ്യുതി പ്രതിസന്ധി തുടരുന്നതിനിടെ ഇന്നലെ മുതൽ പ്രഖ്യാപിച്ച ലോഡ് ഷെഡിങ് അധിക നാള്‍ വേണ്ടി വരില്ലെന്ന് കെഎസ്ഇബി അറിയിച്ചു. നിലവിൽ 200 മെഗാവാട്ടിന്‍റെ കുറവ് മാത്രമാണുള്ളതെന്നും കൂടംകുളം നിലയത്തിൽ നിന്ന് 200 മെഗാവാട്ട് വൈദ്യുതി കിട്ടി തുടങ്ങിയെന്നുമാണ് കെഎസ്ഇബി അറിയിക്കുന്നത്. നിലയത്തിലെ അറ്റകുറ്റപ്പണി മൂലം കഴിഞ്ഞ ദിവസം ഇത് മുടങ്ങിയിരുന്നു. നേരത്തെയുള്ള കരാർ പ്രകാരം പവർ എക്സ്ചേഞ്ച് വഴി 150 മെഗാ വാട്ട് ലഭ്യമായിട്ടുണ്ട്. വേനൽ മഴ തുടങ്ങിയതും ശുഭ സൂചനയാണ്. ഇതോടെ വൈദ്യുതി ഉപഭോഗം കുറയാൻ സാധ്യതയുണ്ടെന്നും കെഎസ്ഇബി കണക്കുകൂട്ടുന്നു. മെയ് ആദ്യ വാരം ഉഷ്ണ തരംഗം ഉണ്ടാവുമെന്നാണ് മുന്നറിയിപ്പ്. അപ്പോഴേക്കും കഴിഞ്ഞ ദിവസം പവർ എക്സ്ചേഞ്ച് വഴി അപേക്ഷിച്ച 250 മെഗാ വാട്ട് പൂർണമായി കിട്ടി തുടങ്ങുമെന്നും പ്രതിസന്ധി കുറയുമെന്നും കെഎസ്ഇബി വ്യക്തമാക്കുന്നു.

അതേസമയം, ഇപ്പോഴത്തെ പ്രതിസന്ധിക്ക് ഡാം മാനേജ്‍മെന്‍റിലുണ്ടായ വീഴ്ചയും കാരണമായെന്നാണ് വിവരം.കഴിഞ്ഞ മൂന്നു വർഷവും ഉയർന്ന തോതിൽ വെള്ളം എത്തി. എന്നാൽ, ഈ അധികജലം ഫലപ്രദമായി ഉപയോഗിച്ചില്ല. സംസ്ഥാനത്ത് ഇന്നലെയാണ് അര മണിക്കൂർ വരെ ലോഡ് ഷെഡ്ഡിംഗ് പ്രഖ്യാപിച്ചത്. വൈകിട്ട് ആറ് മണി മുതൽ 12 മണി വരെയുള്ള പീക്ക് അവറിലാണ് വൈദ്യുതി നിയന്ത്രണം. പ്രകൃതി ചതിച്ചതിനാലാണ് ലോഡ് ഷെഡ്ഡിംഗ് എന്നാണ് വൈദ്യുതി മന്ത്രിയുടെ വാദം.പത്ത് വർഷം നീണ്ട അവകാശവാദങ്ങളുടെ എല്ലാം ഫ്യൂസ് ഊരിയാണ് കെഎസ്ഇബി വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചത്. വൈദ്യതി വിതരണ പ്രസരണ ശൃംഖലയുടെ ആഘാതം ഒഴിവാക്കാൻ നിയന്ത്രണം കൂടിയേ തീരു എന്നാണ് വിശദീകരണം. ഊര്‍ജ്ജ സെക്രട്ടറി പങ്കെടുത്ത കെഎസ്ഇബി ഉന്നതതല യോഗത്തിലായിരുന്നു തീരുമാനം. കഴിഞ്ഞ ദിവസങ്ങളിൽ മുന്‍ കൂട്ടി അറിയിക്കാതെയും അറിയിച്ചും നടത്തിയിരുന്ന നിയന്ത്രണമാണ് ഇപ്പോള്‍ കെഎസ്ഇബി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. വേനൽക്കാലം മുന്നിൽക്കണ്ടുള്ള മുന്നൊരുക്കം കെഎസ്ഇബി നടത്തിയില്ലെന്ന് റഗുലേററ്ററി കമ്മീഷൻ പോലും വിമര്‍ശിക്കുമ്പോള്‍ പ്രകൃതിയുടെ ചതിയെന്ന് വാദിക്കുകയാണ് മന്ത്രി.

കൂടിയവിലക്ക് 250 മെഗാവാട്ട് വാങ്ങാൻ അനുമതി വേണമെന്ന കെഎസ്ഇബി ആവശ്യം റെഗുലേറ്ററി കമ്മീഷൻ അംഗീകരിച്ചെങ്കിലും കറന്‍റ് കിട്ടാനില്ലാത്ത അവസ്ഥയാണ്. ഇക്കാര്യത്തിൽ നാളെ തീരുമാനം ആകുമെന്നാണ് പ്രതീക്ഷ. കേന്ദ്ര നിലയങ്ങളിൽ നിന്ന് തൽക്കാലം 200 മെഗാവാട്ട് എത്തിക്കും. വൈദ്യുതി ഉപയോഗത്തിൽ കടുത്ത നിയന്ത്രണത്തിനും നി‍‍ര്‍ദ്ദേശമുണ്ട്. വൈകിട്ട് ആറു മുതൽ 12 വരെയുള്ള സമയത്ത് വാഹന ചാർജ്ജിംഗ് പാടില്ല. എസി യഥേഷ്ടം ഉപയോഗിക്കരുത്. 24 മുതൽ 24 ഡിഗ്രിവരെയാക്കി താപനില ക്രമീകരിക്കണം. ഈ സമയങ്ങളിൽ ഇൻ്റക്ഷൻ കുക്കറുകൾ പ്രവർത്തിപ്പിക്കരുതെന്നും നിര്‍ദേശമുണ്ട്. 

YouTube video player