അസ്വാഭാവിക മരണത്തിന് കേസെടുത്തു എന്നല്ലാതെ നവിപേട് പൊലീസ് സംഭവം ഗൗരവത്തിലെടുക്കുന്നില്ലെന്നാണ് കുടുംബത്തിന്റെ പരാതി. മഹാരാഷ്ട്ര പൊലീസിൽ സമ്മർദ്ദം ചെലുത്താൻ മുഖ്യമന്ത്രിയുടെ ഇടപെടലാണ് കുടുംബം ആവശ്യപ്പെടുത്തത്.
കണ്ണൂർ: പൂനെയിൽ ലോൺ ആപ്പിന്റെ (Loan App) ചതിക്കുഴിൽ പെട്ട് ആത്മഹത്യ ചെയ്ത മലയാളിയായ 22 കാരന് കുടുംബം നീതി തേടി മുഖ്യമന്ത്രിയുടെ അടുത്തേക്ക്. പൂനെ പൊലീസ് കേസ് കാര്യക്ഷമായി അന്വേഷിക്കുന്നില്ലെന്നും മുഖ്യമന്ത്രി മഹാരാഷ്ട്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തണം എന്നുമാണ് ആവശ്യം. 8,000 രൂപ ലോൺ തിരിച്ചടവ് വൈകിയതിന് ആപ് അധികൃതർ നഗ്ന ദൃശ്യങ്ങൾ മോർഫ് ചെയ്തുണ്ടാക്കി പ്രചരിപ്പിച്ചതിന്റെ മനോവിഷമത്തിലായിരുന്നു അനുഗ്രഹ് ജീവനൊടുക്കിയത്.
ഫെബ്രുവരി പന്ത്രണ്ടിന് ആണ്ടല്ലൂർ കാവിലെ ഉത്സവത്തിന് വരുമെന്നും കുടുംബക്കാരൊക്കെയായി കൂടണമെന്നും അമ്മയോട് വൈകുന്നേരം ഫോണിൽ പറഞ്ഞതാണ് അനുഗ്രഹ്. നേരം പുലർന്നപ്പോൾ അമ്മ കേൾക്കുന്നത് മകൻ ഇനി ജീവനോടെ ഇല്ലെന്ന വാർത്തയാണ്. പൂനെ നവി പേട്ടിൽ പെട്രോൾ പമ്പ് ജീവനക്കാരനായിരുന്ന അനുഗ്രഹ് ആത്മഹത്യ ചെയ്തത് ലോൺ ആപ്പിന്റെ ചതിക്കുഴിയിൽ പെട്ട്. എട്ടായിരം രൂപ ലോണെടുത്ത് തിരിച്ചടവ് വൈകിയപ്പോൾ ആസാൻ എന്ന ആപ്പിന്റെ അധികൃതർ ചെയ്തത് അനുഗ്രഹിന്റെ നഗ്ന ദൃശ്യങ്ങൾ മോർഫ് ചെയ്തുണ്ടാക്കി സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയച്ചുകൊടുക്കുകയായിരുന്നു. സമ്മർദ്ദം താങ്ങാനാകാതെ 22 കാരൻ ഉടുത്തിരുന്ന ലുങ്കിയിൽ ജീവനൊടുക്കി.
അസ്വാഭാവിക മരണത്തിന് കേസെടുത്തു എന്നല്ലാതെ നവിപേട് പൊലീസ് സംഭവം ഗൗരവത്തിലെടുക്കുന്നില്ലെന്നാണ് കുടുംബത്തിന്റെ പരാതി. മഹാരാഷ്ട്ര പൊലീസിൽ സമ്മർദ്ദം ചെലുത്താൻ മുഖ്യമന്ത്രിയുടെ ഇടപെടലാണ് കുടുംബം ആവശ്യപ്പെടുന്നത്.
