തന്‍റെ കൈവശം എടിഎം കാർഡ് ഇല്ല എന്ന് പറഞ്ഞ് വിഷ്ണു ഗൂഗിൾ പേ വഴി സുഹൃത്തിന് പണം അയച്ച് നൽകി. ഈ തുക സുഹൃത്ത് തന്‍റെ എടിഎം ഉപയോഗിച്ച് എടുത്ത് നൽകുകയായിരുന്നു. ഇതിന് തൊട്ടുപിന്നാലെ വിഷ്ണുവിന് ഒരു കോൾ വന്നതായി സുഹൃത്ത് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

കോഴിക്കോട്: ലോൺ ആപ്പുകാരുടെ ഭീഷണിക്ക് പിന്നാലെ കാണാതായ വടകര സ്വദേശി വിഷ്ണുവിനായി അന്വേഷണം ഊർജിതമാക്കി പൊലീസ്. കർണാടക കേന്ദ്രീകരിച്ചാണ് അന്വേഷണം. ബെംഗളൂരുവിലും, മംഗലാപുരത്തും വിവിധ സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. കാസർകോട് ജില്ലയിലെ ബേക്കലിൽ വെച്ചാണ് ഇയാളുടെ ഫോൺ ഓഫാകുന്നത്. വിഷ്ണു സഞ്ചരിച്ച വഴികളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. വിഷ്ണുവിനെ കാണാതാകുന്നതിന് തൊട്ടുമുൻപുള്ള സിസിടിവി ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. വടകര ബസ് സ്റ്റാൻഡിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ.

ബാങ്കിൽ പോകാനെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ വിഷ്ണു വടകരയിൽ വച്ച് സുഹൃത്തിന്റെ എടിഎം വഴി 1000 രൂപ എടുത്തിരുന്നു. തന്‍റെ കൈവശം എടിഎം കാർഡ് ഇല്ല എന്ന് പറഞ്ഞ് വിഷ്ണു ഗൂഗിൾ പേ വഴി സുഹൃത്തിന് പണം അയച്ച് നൽകി. ഈ തുക സുഹൃത്ത് തന്‍റെ എടിഎം ഉപയോഗിച്ച് എടുത്ത് നൽകുകയായിരുന്നു. ഇതിന് തൊട്ടുപിന്നാലെ വിഷ്ണുവിന് ഒരു കോൾ വന്നതായി സുഹൃത്ത് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇതിന് ശേഷമാണ് വിഷ്ണുവിനെ കാണാതാകുന്നത്. ഈ ഫോൺ കോളിന് ശേഷം വിഷ്ണു അസ്വസ്ഥനായിരുന്നുവെന്ന് ബന്ധുക്കളോട് സുഹൃത്ത് പറഞ്ഞു.

ടൗണിലേക്ക് പോയ വിഷ്ണു കൂട്ടുകാരന് വേണ്ടി വസ്ത്രമെടുക്കാൻ ടൗണിലേക്ക് പോകുന്നു എന്ന് ബന്ധുക്കളോട് പറഞ്ഞിരുന്നു. കൗണാതാവുന്നതിന് തൊട്ടു മുമ്പും ഇയാൾ സഹോദരങ്ങളോട് സംസാരിച്ചിട്ടുണ്ട്. വിഷ്ണു കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്നും അവസാന ഫോൺ കോളിൽ അസ്വസ്ഥനായിരുന്നുവെന്നും കുടുംബം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ലോൺ ആപ്പിൽ നിന്ന് വായ്പ എടുത്തത് ഉൾപ്പെടെ ഒരു ലക്ഷം രൂപയുടെ കടബാധ്യത വിഷ്ണുവിനുണ്ടെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. ലോൺ ആപ്പിലെ തിരിച്ചടവ് മുടങ്ങിയതോടെ വിഷ്ണുവിന്‍റെ മോർഫ് ചെയ്ത ചിത്രങ്ങളടക്കം ബന്ധുക്കൾക്ക് അയച്ചു നൽകുകയും തട്ടിപ്പ് സംഘം ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് കുടുംബത്തിന്‍റെ പരാതി. വിഷ്ണുവിന്‍റെ ബൈക്കും കാണാതായിട്ടുണ്ട്.