Asianet News MalayalamAsianet News Malayalam

Bypolls : തദ്ദേശഉപതെരഞ്ഞെടുപ്പിൽ 17 സീറ്റിൽ എൽഡിഎഫ്, 13-ൽ യുഡിഎഫ്, ഒരു സീറ്റിൽ ബിജെപിയും ജയിച്ചു

പതെരഞ്ഞെടുപ്പ് നടന്ന ഇടമലക്കുടി ഡിവിഷൻ എൽഡിഎഫിൽ നിന്നും ബിജെപി പിടിച്ചെടുത്തപ്പോൾ പാലക്കാട് എരിമയൂർ സീറ്റിൽ സിപിഎം വിമതസ്ഥാനാർത്ഥി അപ്രതീക്ഷിത വിജയം നേടി. മൂന്നു ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും ഇടതു മുന്നണിയാണ് വിജയിച്ചത്. 

Local body bypoll 2021
Author
Thiruvananthapuram, First Published Dec 8, 2021, 1:49 PM IST

തിരുവനന്തപുരം: തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ ഇടതിന് നേരിയ മുൻതൂക്കം. തിരുവനന്തപുരം, കൊച്ചി കോർപ്പറേഷനിലടക്കം 16 ഇടങ്ങളിൽ എൽഡിഎഫ് വിജയിച്ചു. നിർണായക വിജയം നേടി പിറവം നഗരസഭയും നിലനിർത്തി. ഉപതെരഞ്ഞെടുപ്പ് നടന്ന ഇടമലക്കുടി ഡിവിഷൻ എൽഡിഎഫിൽ നിന്നും ബിജെപി പിടിച്ചെടുത്തപ്പോൾ പാലക്കാട് എരിമയൂർ സീറ്റിൽ സിപിഎം വിമതസ്ഥാനാർത്ഥി അപ്രതീക്ഷിത വിജയം നേടി. മൂന്നു ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും ഇടതു മുന്നണിയാണ് വിജയിച്ചത്. ആകെ തെരഞ്ഞെടുപ്പ് നടന്ന 32 വാർഡുകളിൽ 16 എണ്ണം എൽഡിഎഫും 13 എണ്ണം യുഡിഎഫും നേടിയപ്പോൾ ഒരിടത്ത് ബിജെപിയും ജയിച്ചു. 

കൊച്ചി കോർപ്പറേഷനിലെ 63ആം ഡിവിഷനായ ഗാന്ധിനഗർ ഭൂരിപക്ഷം അഞ്ചിരട്ടിയായി ഉയർത്തിയാണ് എൽഡിഎഫിന്‍റെ ജയം. സിപിഎം സ്ഥാനാർത്ഥി ബിന്ദു ശിവൻ 2,950 വോട്ടുകൾ നേടിയപ്പോൾ കോൺഗ്രസ് സ്ഥാനാർത്ഥിയ്ക്ക് കിട്ടിയത് 2,263 വോട്ടുകൾ മാത്രം. കഴിഞ്ഞ തവണത്തെ 106 വോട്ടുകളിൽ നിന്നാണ് എൽഡിഎഫ് 687ലേക്ക് ഭൂരിപക്ഷം ഉയർത്തിയത്. 

മുൻതെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇവിടെ എൻഡിഎയുടെയും വിഫോർ കൊച്ചിയുടെയും പ്രകടനം ദയനീയമായി. കഴിഞ്ഞ തവണ 397 വോട്ട് കിട്ടിയിടത്ത് നിന്ന് എൻഡിഎ വോട്ടുകൾ 195ലേക്ക് ചുരുങ്ങി. 216 വോട്ടുണ്ടായിരുന്ന വിഫോർ കൊച്ചി ഇത്തവണ 30 വോട്ടിലൊതുങ്ങി. ജയത്തോടെ 74 അംഗ കൊച്ചി കോർപ്പറേഷനിൽ എൽഡിഎഫിന് അഞ്ച് അംഗങ്ങളുടെ ഭൂരിപക്ഷമായി.

ഇടപ്പള്ളിച്ചിറ ഡിവിഷനിൽ വിജയിച്ചതോടെ പിറവം നഗരസഭയിൽ എൽഡിഎഫിന് ഭരണം തുടരാനുള്ള വഴി തുറന്നു. 14-ാം വാർഡായ ഇടപ്പള്ളിച്ചിറയിൽ സിപിഎം സ്ഥാനാർത്ഥി അജേഷ് മനോഹരന് 26 വോട്ടുകളുടെ ജയമാണുണ്ടായത്. എൽഡിഎഫ് 504 വോട്ട് നേടിയപ്പോൾ രണ്ടാമതെത്തിയ യുഡിഎഫിന് 478 വോട്ട്. എൻഡിഎയ്ക്ക് കിട്ടിയത് ആറ് വോട്ടുകൾ മാത്രം. ഇതോടെ 27അംഗ നഗരസഭയിൽ എൽഡിഎഫിന്‍റെ അംഗബലം 14 ആയി. ഉപതെരഞ്ഞെടുപ്പിന് മുന്പ് എൽഡിഎഫ് 13 - യുഡിഎഫിന് 13 എന്ന നിലയിലായിരുന്നു കക്ഷിനില. ഒരു കൗൺസില‍ർ മരണപ്പെടുകയും, ഒരു കൗൺസില‍ർ സർക്കാർ ജോലി രാജിവയ്ക്കുകയും ചെയ്തതോടെ രണ്ട് തെരഞ്ഞെടുപ്പുകളാണ് പിറവത്ത് നടന്നത്. ഇതിൽ ആദ്യത്തെ തെരഞ്ഞെടുപ്പിൽ എൽഡിഎഫിൻ്റെ സിറ്റിം​ഗ് സീറ്റ് യുഡിഎഫ് പിടിച്ചിരുന്നു. ഇതോടെയാണ് കക്ഷിനില തുല്യമായതും എൽഡിഎഫ് ഭരണത്തിന് ഭീഷണി ഉയ‍ർന്നതും. 

തിരുവനന്തപുരം കോർപ്പറേഷനിലെ വെട്ടുകാട് വാർഡിൽ ഭൂരിപക്ഷം കൂട്ടിയാണ് ഇടതിൻറെ വിജയം. ഇടത് സ്ഥാനാർത്ഥി ക്ലൈനസ് റൊസാരിയോയുടെ വിജയം 1490 വോട്ടിനായിരുന്നു. ഇരിഞ്ഞാലക്കുട നഗരസഭ ചാലാംപടി ഡിവിഷൻ 149 വോട്ടുകളോടെ യുഡിഎഫ് നിലനിർത്തി. ഇടുക്കി ഇടമലക്കുടി ഗ്രാമപഞ്ചായത്തിലാണ് ഇഡലിപ്പാറ വടക്ക് വാ‍ർഡിൽ ബിജെപി അട്ടിമറി ജയം നേടി. ഇടത് സീറ്റ് പിടിച്ചെടുത്തത് ഒരു വോട്ടിനാണ്. 

പാലക്കാട് എരിമയൂർ പഞ്ചായത്തിലെ ഒന്നാം വാർഡിൽ സിപിഎം വിമതനാണ് ജയിച്ചത്. മുൻ ബ്രാഞ്ച് സെക്രട്ടരി അമീറിൻറെ ജയം 377 വോട്ടിനായിരുന്നു. യുഡിഎഫ് സീറ്റിംഗ് സീറ്റ് സിപിഎം വിമതൻ പിടിച്ചപ്പോൾ സിപിഎം സ്ഥാനാർത്ഥി മൂന്നാമതായ കാഴ്ചയും ഇവിടെ കണ്ടു. കൊല്ലം തേവലക്കര പഞ്ചായത്തിലെ നടുവിലക്കര വാർഡ് ബിജെപിയിൽ നിന്നും യുഡിഎഫ് പിടിച്ചെടുത്തു. മലപ്പുറത്ത് ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് പഞ്ചായത്ത് വാർഡുകളും യുഡിഎഫ് നിലനിർത്തി. എംഎ.എ.യായി തെരഞ്ഞെടുക്കപ്പെട്ട ഒഎസ് അംബിക ഒഴിഞ്ഞ ചിറയിൻകീഴ് ബ്ലോക്ക് ഡിവിനിലും ലിൻോ ജോസഫ് ഒഴിഞ്ഞ കൂടരഞ്ഞി പഞ്ചായത്തിലും കാനത്തിൽ ജമീല ഒഴിഞ്ഞ കൊയിലാണ്ടി ഡിവിഷനലും ദലീമ ജോജോ ഒഴിഞ്ഞ അരൂർ ജില്ലാ പ്ഞ്ചായത്ത് ഡിവിഷനിലും ഇടത് സ്ഥാനാർത്ഥികൾ ജയിച്ചു.

ഫലങ്ങൾ ജില്ല തിരിച്ച് - 

തിരുവനന്തപുരം

  • വിതുര ഗ്രാമപഞ്ചായത്ത് - വാർഡ് 3 പൊന്നാംചുണ്ട് 45 വോട്ടിന് എൽഡിഎഫ് സ്ഥാനാർത്ഥി എസ്.രവികുമാർ ജയിച്ചു. യുഡിഎഫ് സിറ്റിംഗ് സീറ്റായിരുന്നു ഇത്.  
  • പോത്തൻകോട് ബ്ലോക്ക് ഡിവിഷൻ എൽഡിഎഫ്  സ്ഥാനാർത്ഥി മലയിൽകോണം സുനിൽ വിജയിച്ചു .നേരത്തെ എൽഡിഎഫ് വിജയിച്ച സീറ്റാണ് നിലനിർത്തിയത്. ബ്ലോക്ക് മെമ്പറായിരുന്ന ശ്രീകണ്ഠൻ കോവിഡ് ബാധിച്ച് മരിച്ചതിനെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ് നടന്നത്.
  • വെട്ടുകാട് വാർഡ് 1490 വോട്ടിന് എൽഡിഎഫിലെ ക്ലൈനസ് റൊസാരിയോ വിജയിച്ചു

കൊല്ലം

  • ചിതറ ഗ്രാമപഞ്ചായത്തിലെ സത്യമംഗലം വാർഡ്  യുഡിഎഫ് നിലനിർത്തി. യുഡിഎഫ് സ്ഥാനാർഥി എസ്.ആശയാണ് വിജയിച്ചത്. വിജയം 16 വോട്ടിന്
  • കൊല്ലം തേവലക്കര പഞ്ചായത്ത് മൂന്നാം വാർഡ് യുഡിഎഫ് പിടിച്ചെടുത്തു. ആർ.എസ്.പിയിലെ ജി പ്രദീപ്കുമാർ 317 വോട്ടുകൾക്ക് വിജയിച്ചു.  ബി.ജെ.പിയുടെ സിറ്റിങ് വാർഡാണ് യുഡിഎഫ് പിടിച്ചെടുത്തത്

ഇടുക്കി

  • ഇടമലക്കുടി പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിൽ സിപിഎമ്മിൻ്റെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്ത് ബിജെപി. താമര ചിഹ്നത്തിൽ മത്സരിച്ച ചിന്താമണി കാമരാജിന്റെ ജയം ഒരു വോട്ടിന്.
  • രാജാക്കാട് പഞ്ചായത്തിലെ ഒൻപതാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ  വാർഡ് യുഡിഎഫ് നിലനിർത്തി. പ്രിൻസ് തോമസ് ജയിച്ചത് 678 വോട്ടുകൾക്ക് വിജയിച്ചു. വോട്ടുനില - പ്രിൻസ് തോമസ് (യുഡിഎഫ്) - 678,കെ.പി അനിൽ (എൽഡിഎഫ്) -  249, ലീഡ് - 429

കോട്ടയം

  • കാണക്കാരി പഞ്ചായത്ത് ഒൻപതാം വാർഡിൽ  എൽഡിഎഫിന് ജയം. കോൺഗ്രസിൻ്റെ സിറ്റിങ് സീറ്റ് സിപിഎം പിടിച്ചെടുത്തു. സിപിഎമ്മിൻ്റെ വി.ജി. അനിൽകുമാർ ജയിച്ചത് 338 വോട്ടിന്
  • മാഞ്ഞൂർ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് യുഡിഎഫ്  നിലനിർത്തി. കോൺഗ്രസിലെ സുനു ജോർജ് 252 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. കഴിഞ്ഞ തവണ കോൺഗ്രസിന് 112 വോട്ടുകളുടെ ഭൂരിപക്ഷം ആയിരുന്നു ഇവിടെ ഉണ്ടായിരുന്നു

എറണാകുളം

  • കൊച്ചി കോ‍ർപ്പറേഷനിലെ 63-ാം ഡിവിഷൻ എൽഡിഎഫിൻ്റെ ബിന്ദു ശിവൻ 687 വോട്ടിന് വിജയിച്ചു. എൽഡിഎഫ് സിറ്റിംഗ് സീറ്റാണിത്.
  • പിറവം നഗരസഭ - 14-ാം വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥി അജേഷ് മനോഹർ 20 വോട്ടിന് ജയിച്ചു. എൽഡിഎഫ് സിറ്റിംഗ് സീറ്റാണിത്.

തൃശ്ശൂർ

  • ഇരിങ്ങാലക്കുട നഗരസഭയിലെ ചാലാംപാടം ഡിവിഷൻ UDF നിലനിർത്തി. മിനി ജോസ് ചാക്കോളയുടെ ഭൂരിപക്ഷം 149
  • കടപ്പുറം പഞ്ചായത്തിലെ 16-ാം വാർഡിൽ  LDF ന് തോൽവി. യു ഡിഎഫ് വാർഡ് തിരിച്ചു പിടിച്ചു

പാലക്കാട്

  • തരൂർ പഞ്ചായത്തിലെ ഒന്നാം വാർഡ് എൽ. ഡി. എഫ്. നിലനിർത്തി.  എം.സന്ധ്യ യാണ്153 വോട്ടിന് ജയിച്ചത്
  • സി.പി. എം. വിമതന് വിജയം. പാലക്കാട് എരിമയൂർ എരിമയൂർ പഞ്ചായത്തിലെ ഒന്നാം വാർഡിലാണ് CPM വിമതൻ അട്ടിമറി വിജയം നേടിയത്. ജെ. അമീർ വിജയിച്ചത് 377 വോട്ടിന്.  സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു അമീർ. യു ഡി. എഫിന്റെ സിറ്റിങ് വാർഡിൽ സി.പിഎം സ്ഥാനാർത്ഥി മൂന്നാമതായി.
  • ഓങ്ങല്ലൂർ പഞ്ചായത്ത് എട്ടാം വാർഡ് എൽ ഡി എഫ് നിലനിർത്തി. 380 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സിപിഐ എമ്മിലെ കെ അശോകൻ വിജയിച്ചു

മലപ്പുറം

  • മലപ്പുറം തിരുവാലി ഏഴാം വാർഡ് യു.ഡി.എഫ് വിജയിച്ചു. അല്ലേക്കാട് അജീസ് 106 വോട്ടുകൾക്കാണ് വിജയിച്ചത്
  • മലപ്പുറം ഊർങ്ങാട്ടിരി  വാർഡ് അഞ്ചിൽ സത്യൻ കോൺഗ്രസ് 354 വോട്ടുകൾക്ക് വിജയിച്ചു
  • മലപ്പുറം മക്കരപറമ്പിൽ ഒന്നാം വാർഡിൽ  സി.ഗഫൂർ മുസ്ലീം ലീഗ് 90 വോട്ടുകൾക്ക് വിജയിച്ചു.
  • മലപ്പുറം  പൂക്കോട്ടൂർ വാർഡ് 14 ൽ സത്താർ മുസ്ലീം ലീഗ് 221 വോട്ടുകൾക്ക് വിജയിച്ചു
  • മലപ്പുറം കാലടി പഞ്ചായത്ത് ആറാം വാർഡിൽ 278 വോട്ടിന് രജിത (യുഡിഎഫ്) വിജയിച്ചു.

കോഴിക്കോട്

  • കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറ വാർഡ് എൽഡിഎഫ് നിലനിർത്തി. ആദർശ് ജോസഫിൻ്റെ വിജയം ഏഴ് വോട്ടിന്. ലിൻ്റോ ജോസഫ് എംഎൽഎയായതിനെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വന്നത്. 
  • ഉണ്ണിക്കുളം പഞ്ചായത്തിലെ 15 ആം വാർഡായ വള്ളിയോത്ത് UDF നിലനിർത്തി. OM ശശീന്ദ്രൻ 530 വോട്ടിന് വിജയിച്ചു. വള്ളിയോത്ത് വാർഡിലെ സിറ്റിംഗ് മെമ്പറുടെ മരണത്തെ തുടർന്നാണ് തെരഞ്ഞെടുപ്പ്

കാസർഗോഡ് 

  • കാഞ്ഞങ്ങാട് നഗരസഭ 30-ാം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ.കെ ബാബു വിജയിച്ചു. 116 വോട്ടുകളുടെ ഭൂരി പക്ഷത്തിനാണ് വിജയം. ഇതോടെ വാർഡ് യുഡിഎഫ് നിലനിർത്തി
Follow Us:
Download App:
  • android
  • ios