Asianet News MalayalamAsianet News Malayalam

തദ്ദേശഭരണ തെരഞ്ഞെടുപ്പ് തീയതികളിൽ മാറ്റം വേണം; തെരഞ്ഞെടുപ്പ് കമ്മീഷനോട് സർക്കാർ

ഭരണഘടനാ ബാധ്യത നിറവേറ്റാനുണ്ടെങ്കിലും കൊവിഡ് വ്യാപനം കൂടിയതിനാലാണ് ഇത്തരമൊരു ആവശ്യം ഉന്നയിക്കുന്നതെന്നും ചീഫ് സെക്രട്ടറി തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ട്. തീയതി നീട്ടി വയ്ക്കണമെന്ന സർക്കാർ ആവശ്യം കമ്മീഷൻ പിന്നീട് പരിഗണിക്കും. 

local body election dates re arrangement government sent letter to election commission
Author
Thiruvananthapuram, First Published Sep 14, 2020, 8:06 PM IST

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതികളിൽ നേരിയ മാറ്റം വേണമെന്ന് സംസ്ഥാന സർക്കാർ. ഇക്കാര്യം ആവശ്യപ്പെട്ട് സർക്കാർ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്  കത്ത് നൽകി. സർവ്വകക്ഷി യോഗത്തിൻ്റെ തീരുമാനം ചീഫ് സെക്രട്ടറിയാണ് കമ്മീഷനെ അറിയിച്ചത്.

ഭരണഘടനാ ബാധ്യത നിറവേറ്റാനുണ്ടെങ്കിലും കൊവിഡ് വ്യാപനം കൂടിയതിനാലാണ് ഇത്തരമൊരു ആവശ്യം ഉന്നയിക്കുന്നതെന്നും ചീഫ് സെക്രട്ടറി തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ട്. തീയതി നീട്ടി വയ്ക്കണമെന്ന സർക്കാർ ആവശ്യം കമ്മീഷൻ പിന്നീട് പരിഗണിക്കും. 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ താല്‍ക്കാലികമായി അല്‍പം മാറ്റിവെക്കാനും എന്നാല്‍ അനന്തമായി നീളാതെ എത്രയും വേഗം നടത്താനും സംസ്ഥാന തെരഞ്ഞെടുപ്പു കമീഷനോട് അഭ്യര്‍ത്ഥിക്കാൻ മുഖ്യമന്ത്രി വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ ധാരണയായിരുന്നു. 

തദ്ദേശ തെരഞ്ഞെടുപ്പ് തീയതി നീട്ടാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി തുടങ്ങിയതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കമ്മീഷന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കാനാണ് നീക്കം. ആറ് മാസം വരെ അഡ്മിനിസ്ട്രേറ്റീവ് ഭരണമാകാമെന്നാണ് ചട്ടം. തെരഞ്ഞെടുപ്പ് നീട്ടാനുള്ള സർക്കാരിന്റെ ശുപാർശ ലഭിച്ചാൽ നിയമവശം പരിശോധിച്ച് തീരുമാനമെടുക്കുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിരുന്നു. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷനുകളുടെ ഭരണസമിതിയുടെ അഞ്ചുവര്‍ഷ കാലാവധി അവസാനിക്കുന്ന മുറയ്ക്ക് 2020 നവംബറില്‍ പുതിയ ഭരണസമിതികള്‍ അധികാരമേല്‍ക്കേണ്ടതുണ്ട്. എന്നാൽ, തദ്ദേശ സ്ഥാപനങ്ങളിൽ ആറ് മാസത്തെ അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി പരമാവധി വേഗത്തിൽ തെരഞ്ഞെടുപ്പ് പൂർത്തീകരിക്കാനാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ആലോചിക്കുന്നത്.


 

Follow Us:
Download App:
  • android
  • ios