കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ എല്ലാ വാർഡിലും മത്സരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. എൻഡിഎയിൽ എല്ലാ വിഭജനവും തർക്കങ്ങളില്ലാതെ പരിഹരിക്കും. സംസ്ഥാന കൺവെൻഷൻ ഈ മാസം 30 ന് നടത്തും. മുന്നണിയെ ശക്തിപ്പെടുത്തും. യുഡിഫിലും എൽഡിഎഫിലും പ്രവർത്തിച്ചു മടുത്തവരെ എൻഡിഎയിലേക്ക് ആകർഷിക്കും. ഇതിനായി സബ് കമ്മിറ്റിയെ നിയോഗിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ എൻഡിഎ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാസികളോടുള്ള സംസ്‌ഥാന സർക്കാർ സമീപനത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ തീരുമാനിച്ചു. സംസ്ഥാനത്ത് കൊവിഡ് പ്രതിരോധം പാളി. ഉറവിടമില്ലാത്ത കേസുകൾ വർധിക്കുകയാണ്. ഇത് കണ്ടെത്താനാവുന്നില്ല.  രാജ്യത്ത് കൊവിഡ് പരിശോധന കുറഞ്ഞ സംസ്ഥാനം കേരളമാണ്. പരിശോധനകളുടെ എണ്ണം വർധിപ്പിക്കണം. പിആർ പ്രചാരണം മാത്രമാണ് നടക്കുന്നത്. സംസ്ഥാന സർക്കാർ കൊള്ള നടത്തുന്നു. മാഫിയ സംഘങ്ങളെ സഹായിക്കുന്നു. 250 പ്രവാസികൾ വിദേശത്ത് മരിച്ചിട്ടും ഒരു സഹായവും ചെയ്തില്ല.

പ്രവാസികളുടെ കാര്യത്തിൽ കണ്ണിൽ ചോരയില്ലാത്ത നടപടിയാണ് സംസ്ഥാനം സ്വീകരിച്ചത്. കൊവിഡ് ബാധിച്ച് വിദേശത്ത് മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ട പരിഹാരം നൽകണം. ഈ വിഷയത്തിൽ ജൂലൈ ഒൻപതിന് സെക്രട്ടറിയേറ്റ് ധർണ നടത്തും. 

ഇന്ധന വില കുറക്കാൻ സംസ്‌ഥാന സർക്കാർ തയ്യാറാകണം. കേന്ദ്ര സർക്കാർ പിരിക്കുന്ന നികുതിയിൽ 40 ശതമാനം സംസ്ഥാനങ്ങൾക്കാണ് നൽകുന്നത്. മഹേശൻറെ മരണത്തിൽ അന്വേഷണം നടക്കുന്നുണ്ട്. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നാണ് എൻഡിഎ നിലപാട്. ഇക്കാര്യത്തിൽ ബിഡിജെസും എസ്എൻഡിപിയും നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.