തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിനുള്ള പുതുക്കിയ അന്തിമവോട്ടർപട്ടിക അടുത്ത ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും. വോട്ടെടുപ്പ് തീയതി ഉടൻ പ്രഖ്യാപിക്കും. ഇതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായെന്ന് കമ്മീഷൻ വ്യക്തമാക്കി

അന്തിമവോട്ടർപ്പട്ടിക സംബന്ധിച്ച രാഷ്ട്രീയപാർട്ടികൾ ഉൾപ്പടെ പരാതി ഉന്നയിച്ച സാഹചര്യത്തിലാണ് വീണ്ടും പേര് ചേർക്കാൻ അവസരം നൽകിയത്. പുതിയ പേരുകൾ ഉൾപ്പെടുത്തിയാണ് പട്ടിക വീണ്ടും പ്രസിദ്ധീകരിക്കുന്നത്. ഇനി വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അവസരമില്ല. ഇതിനിടെ വോട്ടടുപ്പിനുള്ള തീയതി പ്രഖ്യാപിക്കുന്നതിനുള്ള അവസാനഘട്ട ഒരുക്കത്തിലാണ് കമ്മീഷൻ. രാഷ്ട്രീയമായി സർക്കാർ വെല്ലുവിളി നേരിടുന്നതിനിടയിലാണ് തെരഞ്ഞെടുപ്പ് വരുന്നത്. കോവിഡ് മഹാമാരിക്കിടെയാണ് കമ്മീഷൻ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർത്തിയാക്കിയത്. 

രോഗികൾക്ക് തപാൽ വോട്ട് സൗകര്യം ഉൾപ്പടെ ഏർപ്പെടുത്തി. വോട്ടെടുപ്പിന് അടുത്തുള്ള ദിവസങ്ങളിൽ രോഗം വരുന്നവർക്ക് പിപിഇ കിറ്റ് നൽകി വോട്ട് ചെയ്യാൻ സൗകര്യമൊരുക്കാനാണ് നീക്കം. പ്രചാരണത്തിനും വോട്ടെടുപ്പിനും കർശനനിയന്ത്രണങ്ങൾ.രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന വോട്ടെടുപ്പ് അടുത്ത മാസം പകുതിയോടെ പൂ‍ർത്തിയാകുമെന്നാണ് സൂചന. അടുത്ത ബുധനാഴ്ച മുതൽ തദ്ദേശസ്ഥാപനങ്ങളിൽ അഡിമിനിസ്ട്രേറ്റീവ് ഭരണം വരും.

 

.