Asianet News MalayalamAsianet News Malayalam

തദ്ദേശതെരഞ്ഞെടുപ്പിൽ യുഡിഎഫിനൊപ്പമെന്ന് വെൽഫെയർ പാർട്ടി; ധാരണയായില്ലെന്ന് മുസ്ലീംലീ​ഗ്

മുസ്ലീംലീഗിലെ ഒരു വിഭാഗത്തിന്‍റെ എതിര്‍പ്പ് നിലനില്‍ക്കെയാണ് യുഡിഎഫുമായി പ്രാദേശിക നീക്കുപോക്കിനുള്ള നീക്കം തുടരുന്നത്. ഇപ്പോള്‍ ഇടതുമുന്നണിയുമായി ഭരണം പങ്കിടുന്ന തദ്ദേശ സ്ഥാപനങ്ങളില്‍ അടുത്ത തെരെഞ്ഞെടുപ്പില്‍ വെല്‍ഫയര്‍ പാര്‍ട്ടി ബന്ധം തുടരില്ലെന്ന് ഇതോടെ വ്യക്തമായി.

local body election welfare party will support udf
Author
Calicut, First Published Oct 2, 2020, 10:11 AM IST

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ബന്ധത്തിന്‍റെ മറവില്‍ ഇത്തവണ സീറ്റു കൂട്ടാന്‍ വെല്‍ഫയര്‍ പാര്‍ട്ടി. മുസ്ലീംലീഗിലെ ഒരു വിഭാഗത്തിന്‍റെ എതിര്‍പ്പ് നിലനില്‍ക്കെയാണ് യുഡിഎഫുമായി പ്രാദേശിക നീക്കുപോക്കിനുള്ള നീക്കം തുടരുന്നത്. ഇപ്പോള്‍ ഇടതുമുന്നണിയുമായി ഭരണം പങ്കിടുന്ന തദ്ദേശ സ്ഥാപനങ്ങളില്‍ അടുത്ത തെരെഞ്ഞെടുപ്പില്‍ വെല്‍ഫയര്‍ പാര്‍ട്ടി ബന്ധം തുടരില്ലെന്ന് ഇതോടെ വ്യക്തമായി.

കോഴിക്കോട് മുക്കത്ത് വെല്‍ഫയര്‍ പാര്‍ട്ടിയുടെ പിന്തുണയോടെയാണ് എല്‍ഡിഎഫ് നഗരസഭ ഭരിക്കുന്നത്. എന്നാൽ ഇത്തവണ എല്‍ഡിഎഫുമായി വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാനത്ത് എവിടെയും ധാരണയുണ്ടാക്കില്ല. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അനുകൂല നിലപാട് പാര്‍ട്ടി എടുത്തതോടെയാണ് എല്‍ഡിഎഫ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഇടഞ്ഞത്. കോഴിക്കോട്ടും മലപ്പുറത്തും ആലപ്പുഴയിലും പാലക്കാടുമടക്കം എല്‍ഡിഎഫുമായി ഇനി ബന്ധമുണ്ടാവില്ല. ഇത്തവണ പൂര്‍ണമായും യുഡിഎഫുമായി നീക്കുപോക്കുണ്ടാക്കാനാണ് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ തീരുമാനമെന്ന് പാർട്ടി അധ്യക്ഷൻ ഹമീദ് വാണിയമ്പലം വ്യക്തമാക്കി.

അതേസമയം, വെല്‍ഫയര്‍ പാര്‍ട്ടിയുമായി നീക്കുപോക്കുണ്ടാക്കുന്നതിനെതിരെ മുസ്ലീംലീഗിലെ ഒരു വിഭാഗത്തിന് ശക്തമായ വിയോജിപ്പുണ്ട്. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി നിലവില്‍ ഒരു ധാരണയുമായില്ലെന്ന് എംകെ മുനീര്‍ പറഞ്ഞു. 

ഇതിനകം തന്നെ യുഡിഎഫുമായി നീക്ക് പോക്ക് ചര്‍ച്ചകള്‍ തുടങ്ങിയ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഇടതുമുന്നണി ചര്‍ച്ചയ്ക്ക് ശ്രമിക്കില്ല. ഏതായാലും  യുഡ‍ിഎഫുമായി നീക്കുപോക്കുണ്ടാക്കി ഇപ്പോഴുള്ള 42 അംഗങ്ങള്‍ എന്നത് കൂട്ടാനാണ് വെല്‍ഫയര്‍ പാര്‍ട്ടിയുടെ നീക്കം. പൊതുസ്വതന്ത്രരായിട്ടല്ല, പാര്‍ട്ടി സ്ഥാനാര്‍ത്ഥികളായിത്തന്നെ എല്ലാവരും മല്‍സരിക്കുമെന്നാണ് വെല്‍ഫയര്‍ പാര്‍ട്ടി നേതൃത്വം വിശദീകരിക്കുന്നത്. ലീഗിലെ ഒരു വിഭാഗത്തിന്‍റെ എതിര്‍പ്പ് മറികടന്ന് പ്രാദേശിക നീക്കുപോക്കിനുള്ള ശ്രമം വരും ദിവസങ്ങളിലും മുന്നണിയിലും ലീഗിലും ചര്‍ച്ചയായേക്കും.

...

Follow Us:
Download App:
  • android
  • ios