കണ്ണൂർ ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി ദമ്പതികൾ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം ശക്തമാക്കി പ്രദേശവാസികൾ. 

കണ്ണൂർ: കണ്ണൂർ ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി ദമ്പതികൾ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം ശക്തമാക്കി പ്രദേശവാസികൾ. സ്ഥലത്തെത്തിയ സിപിഎം നേതാവ് എംവി ജയരാജൻ ഉൾപ്പെടെയുള്ള നേതാക്കളെ നാട്ടുകാർ തടഞ്ഞു. ദമ്പതികളുടെ മൃതദേഹവുമായി എത്തിയ ആംബുലൻസും നാട്ടുകാർ തടഞ്ഞു. ആരെയും ഉള്ളിലേക്ക് കയറ്റിവിടില്ലെന്ന നിലപാടിലാണ് നാട്ടുകാരുടെ പ്രതിഷേധം.

റോഡ് ഉപരോധിച്ച നാട്ടുകാരെ പൊലീസ് ബലം പ്രയോ​ഗിച്ചുനീക്കി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ റോഡിൽ കുത്തിയിരുന്നാണ് പ്രതിഷേധിക്കുന്നത്. വനംവകുപ്പിനോട് ഉദ്യോ​ഗസ്ഥരോടുമാണ് പ്രതിഷേധമെന്ന് നാട്ടുകാർ പറഞ്ഞു. കൊല്ലപ്പെട്ട ദമ്പതികളുടെ മൃതദേഹം വീട്ടിലേക്ക് എത്തിക്കാന്‍ സാധിച്ചിട്ടില്ല. മന്ത്രിയും കളക്ടറും എത്തണമെന്നാണ് ജനങ്ങളുടെ ആവശ്യം. 

കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെയും പ്രതിഷേധക്കാര്‍ വഴിയില്‍ തടഞ്ഞു. വന്യജീവി ആക്രമണത്തിന് പരിഹാരം കാണാതെ പിന്നോട്ടില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. ആറളത്ത് സര്‍വകക്ഷി യോഗത്തിന് എത്തിയ വനംമന്ത്രി എ കെ ശശീന്ദ്രന് നേരെ യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി കാണിച്ചു. ഇന്നലെ വൈകിട്ടാണ് കാട്ടാന ആക്രമണത്തില്‍ ആറളം ഫാമിലെ പതിമൂന്നാം ബ്ലോക്കിലെ ആദിവാസി ദമ്പതികള്‍ കൊല്ലപ്പെട്ടത്. കശുവണ്ടി ശേഖരിക്കുന്നതിനിടെയാണ് ഇവരെ കാട്ടാന ആക്രമിച്ചത്. 

കാട്ടാന ആക്രമണത്തിൽ ദമ്പതികൾ കൊല്ലപ്പെട്ട സംഭവം;ആറളത്ത് പ്രതിഷേധം കടുപ്പിച്ച് നാട്ടുകാർ