കോഴിക്കോട്: തദ്ദേശതെരഞ്ഞെടുപ്പിൽ നാലാംഘട്ട വോട്ടെടുപ്പ് അഞ്ച് മണിക്കൂർ പിന്നിടുമ്പോൾ പോളിം​ഗ് ശതമാനം  40 09 ആയി.  കാസർഗോഡ് -  41.68  കണ്ണൂർ - 4 2.11, കോഴിക്കോട് - 41.54,  മലപ്പുറം - 42.41എന്നിങ്ങനെയാണ് ജില്ലകൾ‌ തിരിച്ചുള്ള പോളിം​ഗ് ശതമാനമെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം.  ആദ്യരണ്ടു ഘട്ടത്തേക്കാളും മികച്ച പോളിം​ഗാണ് മൂന്നാം ഘട്ടത്തിലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇടതുപക്ഷത്തിന് ശക്തമായ മേൽക്കൈയ്യുള്ള കണ്ണൂരിലെ ആന്തൂർ മുൻസിപ്പാലിറ്റിയിൽ പോളിം​ഗ് ശതമാനം 50 കടന്നു. 

കോഴിക്കോട് വടകര മേഖലയിലും കനത്ത പോളിം​ഗ് ആണ് രേഖപ്പെടുത്തുന്നത്. മിക്കയിടത്തും നീണ്ട ക്യൂ ദൃശ്യമാണ്. കോഴിക്കോട് പയ്യാനയ്ക്കലിൽ വോട്ട് ചെയ്യാനെത്തിയ ആൾ കൊവിഡ് രോഗികളുടെ ലിസ്റ്റിലുണ്ടെന്ന് പറഞ്ഞ് പ്രിസൈഡിങ് ഓഫിസർ വോട്ട് നിഷേധിച്ചു. പ്രതിഷേധവുമായി വോട്ടർ. താൻ കൊവിഡ് ടെസ്റ്റ് നടത്തുകയോ ക്വാറന്റെനിൽ പോവുകയോ ചെയ്തിട്ടില്ലെന്ന് വോട്ടർ അർഷാദ് . 
കൊടുവള്ളി കരുവമ്പൊയിൽ എസ്ഡിപിഐ എൽഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായി.  ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന് സമീപമാണ് സംഘർഷം ഉണ്ടായത്. കൊടുവള്ളി നഗരസഭയിലെ 16, 17, 19 ഡിവിഷനുകളിലെ പോളിംഗ് ബൂത്തുകൾ ഉള്ള സ്കൂളാണിത്.

മലപ്പുറം പെരുമ്പടപ്പ് കോടത്തൂരിൽ പോളിം​ഗിനിടെ ബൂത്തിന് മുമ്പിൽ സംഘർഷം ഉണ്ടായി. എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ തമ്മിലാണ് സംഘർഷം ഉണ്ടായത്. യുഡിഎഫ് സ്ഥാനാർത്ഥി സുഹറ അഹമ്മദിന് പരിക്കേറ്റു. സ്ഥലത്ത് പൊലീസ് ലാത്തിവീശി.  കാസർകോട് നഗരസഭ തളങ്കര ജദീദ് റോഡ് വാർഡ് (26) നൂറുൽ ഇസ് ലാം മദ്രസയിലെ പോളിങ് ഓഫിസറെ ദേഹാസ്വാസ്ഥ്യം കാരണം മാറ്റി. പകരം ആളെ നിയമിച്ചു.

മന്ത്രി കെ ടി ജലീൽ വളാഞ്ചേരി കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ വോട്ട് രേഖപ്പെടുത്തി. ഭാര്യ ഫാത്തിമയ്ക്കൊപ്പമാണ് മന്ത്രി വോട്ട് ചെയ്യാനെത്തിയത്. ദുരന്ത കാലത്ത് നാട്ടിലെ ജനങ്ങൾക്ക് പട്ടിണിയില്ലാതെ നോക്കിയ സർക്കാരിനുള്ള പിന്തുണ ജനങ്ങൾ നൽകുമെന്ന് മന്ത്രി പറഞ്ഞു. പ്രതിപക്ഷവും മാധ്യമങ്ങളും ആരോപിച്ചത് കള്ളമാണ് എന്നതിൻ്റെ തെളിവാണ് താൻ. പച്ചക്കള്ളമായത് കൊണ്ടാണ് താനിപ്പോഴും ജനങ്ങൾക്ക് മുന്നിൽ നിൽക്കുന്നത്. ഉയർന്ന പോളിംഗ് ശതമാനം എൽഡിഎഫിനുള്ള പിന്തുണ. സാധാരണ വോട്ട് ചെയ്യാത്തവർ പോലും സർക്കാരിന് പിന്തുണയുമായി രംഗത്തെത്തുന്നു എന്നും കെ ടി ജലീൽ അഭിപ്രായപ്പെട്ടു. 

കേരളത്തിൽ യു ഡി എഫ്‌ തരംഗം ഉണ്ടാവുമെന്ന് രമ്യ ഹരിദാസ് എം പി പറഞ്ഞു. യു ഡി എഫിന് വിജയം സുനശ്ചിതമാണെന്നും രമ്യ പറഞ്ഞു.കൊണ്ടോട്ടി നഗരസഭ പത്താം വാർഡ് പഴയങ്ങാടിയിൽ  വോട്ടിംഗ് മെഷീൻ തകരാറിലായി. പകരം മറ്റൊരു വോട്ടിംഗ് മെഷീൻ എത്തിച്ച് വോട്ടെടുപ്പ് തുടരുന്നു. നേരത്തെയുള്ള മെഷീനിൽ 416 വോട്ട് രേഖപ്പെടുത്തിയപ്പോഴാണ്  മെഷിൻ തകരാർ ആയത് .

രാഷ്ട്രീയം തൊഴിലാക്കാത്തവർക്കാണ് തന്റെ വോട്ടെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു പറഞ്ഞു. സ്വർണ്ണക്കടത്ത് - പാലാരിവട്ടം പാലം സംഭവങ്ങളിൽ യാഥാർത്ഥ്യങ്ങളാണ് പുറത്ത് വരുന്നത്. വിവാദങ്ങൾ മാധ്യമങ്ങൾ നൃഷ്ടിക്കുന്നതല്ല. മാധ്യമ പ്രവർത്തനമാണ് ഇപ്പോൾ ഏറ്റവും ജനാധിപത്യ രീതിയിൽ പ്രവർത്തിക്കുന്നതെന്നും ജോയ് മാത്യു പറഞ്ഞു. ഭാര്യയ്ക്കും മകൾക്കുമൊപ്പം കോഴിക്കോട് മലാപറമ്പ് ജി.യു.പി.സ്കൂളിലെ ബൂത്തിലാണ് ജോയ് മാത്യു വോട്ട് ചെയ്തത്.

മന്ത്രി എ കെ ശശീന്ദ്രൻ ചൊവ്വ ധർമ്മ സമാജം സ്കൂളിൽ വോട്ടു ചെയ്തു. മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ് നിലമ്പൂർ വീട്ടിക്കുത്ത് സ്കൂളിൽ വോട്ട് ചെയ്തു. സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനും രാവിലെ വോട്ട് രേഖപ്പെടുത്തി. ഇടതുതരം​ഗമാണ് ദൃശ്യമാകുന്നതെന്ന് കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു. വോട്ടെടുപ്പിൽ സർക്കാർ അനുകൂല വികാരം പ്രതിഫലിക്കും. ഇടതുപക്ഷത്തെ ഒറ്റപ്പെടുത്താനുള്ള നീക്കം ജനം അം​ഗീകരിക്കില്ല എന്നും അദ്ദേഹം പറഞ്ഞു. 

updating....