കോട്ടയം: കൊവിഡ് മൂലം മരിച്ചയാളുടെ സംസ്കാരം നാട്ടുകാർ തടഞ്ഞു. ചുങ്കം സ്വദേശി ഔസേപ്പ് ജോർജിന്‍റെ സംസ്കാരമാണ് നാട്ടുകാർ തടഞ്ഞത്. മുട്ടമ്പലം ശ്മാശനത്തിന്‍റെ കവാടം ബിജെപി കൗൺസിലറുടെ നേതൃത്വത്തില്‍ നാട്ടുകാർ കെട്ടിയടച്ചു. മുട്ടമ്പലം ശ്മശാനത്തിലേക്കുള്ള റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ് നാട്ടുകാര്‍. നഗരത്തിലെ ശ്മാശനത്തിൽ സംസ്കാരം നടത്താന്‍ അനുവദിക്കില്ലെന്നാണ് നാട്ടുകാർ പറയുന്നത്. സ്ഥലത്ത് പൊലീസെത്തി ശ്മശാനത്തിലേക്കുള്ള വഴി തുറന്നു.

ബിജെപി വാർഡ് കൗൺസിലർ ഹരികുമാറിന്റെ നേതൃത്വത്തിലാണ് നാട്ടുകാർ ശ്മാശാനത്തിലേക്കുള്ള വഴി അടച്ചുകെട്ടിയത്. ശ്മശാനത്തിന് സമീപത്ത് ധാരാളം വീടുകളുണ്ട് എന്നതാണ് പ്രതിഷേധക്കാര്‍ ഉയര്‍ത്തുന്ന ആശങ്ക. മരിച്ചയാളെ അടക്കാൻ പള്ളിയുമായി ബന്ധപ്പെട്ട സ്ഥലമുണ്ടായിട്ടും ഇവിടേക്ക് കൊണ്ടുവന്നതിൽ ദുരൂഹതയുണ്ടെന്നും ഇവര്‍ ആരോപിക്കുന്നു. ജില്ലാ ഭരണകൂടമാണ് ഇവിടെ സംസ്കരിക്കാനുള്ള തീരുമാനമെടുത്തത്.

അതേസമയം, കൊവിഡ് പ്രോട്ടോകോൾ പ്രകാരം വളരെ സുരക്ഷിതമായി മാത്രമേ സംസ്കാരം നടത്തുവെന്ന് കോട്ടയം ജില്ലാ കളക്ടർ പ്രതികരിച്ചു. സുരക്ഷാ സംവിധാനമില്ലാത്തതിനാലാണ് പള്ളിയിൽ സംസ്കരിക്കാത്തത്. ചർച്ച നടത്തി ജനങ്ങളോട് കാര്യം പറഞ്ഞ് മനസിലാക്കുമെന്നും ജില്ലാ കളക്ടർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കൊവിഡ് ബാധിച്ച് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന ചുങ്കം സിഎംഎസ് കോളേജ് ഭാഗത്ത് നടുമാലിൽ ഔസേഫ് ജോര്‍ജ്‌ (83) ശനിയാഴ്ചയാണ് മരിച്ചത്. മരണ ശേഷമാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ജില്ലയിലെ ആദ്യത്തെ കൊവിഡ് മരണമാണിത്. ഇദ്ദേഹത്തിന്‍റെ സമ്പര്‍ക്ക പട്ടികയിലുള്ളവരോട് നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മുൻ നഗരസഭ ജീവനക്കാരനായ ഇദ്ദേഹം വീണ് പരിക്കേറ്റതിനെ തുടർന്ന് മാസങ്ങളായി ചികിത്സയിലായിരുന്നു. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹത്തെ ആദ്യം കോട്ടയം നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ നടത്തിയ പരിശോധനയില്‍ ഇദ്ദേഹത്തിന് ന്യുമോണിയ സ്ഥിരീകരിക്കുകയായിരുന്നു.