ബത്തേരി: സുൽത്താൻ ബത്തേരി ഗവ. സർവജന വൊക്കേഷണൽ ഹയർ സെക്കന്‍ററി സ്കൂള്‍ അങ്കണത്തിലെ ഒരാൾ പൊക്കത്തിലുള്ള ചിതൽ പുറ്റ് പൊളിച്ച് നീക്കി. ഷഹ്‍ല ഷെറിന്‍ എന്ന വിദ്യാര്‍ത്ഥിയുടെ മരണത്തിന് പിന്നാലെയാണ് പാമ്പിനെ പിടികൂടാനും ചിതല്‍ പുറ്റ് പൊളിച്ച് നീക്കാനും അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടായത്. ഷഹലയുടെ മരണത്തിന്‍റെ പശ്ചാത്തലത്തിൽ ജില്ലയിലെ എല്ലാ സ്‌കൂളിലെയും പരിസരങ്ങൾ അടിയന്തരമായി സുരക്ഷിതമാക്കണമെന്നും ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നു. സ്‌കൂൾ അങ്കണത്തിൽ ഉണ്ടായിരുന്ന ഒരാൾ പൊക്കത്തിലുള്ള ചിതൽ പുറ്റാണ് അധികൃതരുടെ നിർദ്ദേശ പ്രകാരം പൊളിച്ച് നീക്കിയത്.

സ്‌കൂൾ പരിസരത്തെ മാലിന്യങ്ങൾ കഴിഞ്ഞ ദിവസം തന്നെ നീക്കിയിരുന്നു. ക്ലാസ് മുറിയിലെ മാളത്തിൽ ഷഹ്‍ലയുടെ കാൽ കുടുങ്ങിയപ്പോഴാണ് പാമ്പ് കടിയേറ്റത്. എന്നാൽ പാമ്പിനെ ഇതുവരെ പിടികൂടാനായിട്ടില്ല. ക്ലാസ് മുറിയുടെ തറ പൊളിച്ച് പാമ്പിനെ പിടികൂടാനുള്ള നടപടികളും ഉടൻ തുടങ്ങും. ഇന്നലെ തന്നെ ജില്ലയിലെ സ്‌കൂൾ പരിസരങ്ങൾ എല്ലാം സുരക്ഷിതമാക്കണമെന്നു വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കർശന ഉത്തരവിറങ്ങിയിട്ടും, സ്‌കൂൾ പരിസരത്തെ വൃത്തിഹീനമായ കുളവും  ബാത്റൂം പരിസരങ്ങളും  വൃത്തിയാക്കാൻ ഇതുവരെ അധികൃതർ തയാറായിട്ടില്ല.