Asianet News MalayalamAsianet News Malayalam

വിവാദ പ്രതിഷേധത്തിന് പരിഹാരം: പൂന്തുറയിൽ ആരോഗ്യപ്രവർത്തകരെ വരവേറ്റ് നാട്ടുകാർ

കൊവിഡിനെതിരെ മാസങ്ങളായി പോരാടുന്ന ആരോഗ്യപ്രവർത്തകർക്ക് നേരെയുണ്ടായ മോശം പെരുമാറ്റം പൂന്തുറയ്ക്ക് ആകെ ചീത്തപ്പേരുണ്ടാക്കിയിരുന്നു.

Locals welcomes health workers in poonthura
Author
Poonthura, First Published Jul 12, 2020, 1:10 PM IST

തിരുവനന്തപുരം: ആരോഗ്യപ്രവർത്തകർക്ക് നേരെയുണ്ടായ മോശം പെരുമാറ്റത്തിന് പരിഹാരം ചെയ്ത പൂന്തുറയിലെ ജനങ്ങൾ. ഇന്ന് കൊവിഡ് ഡ്യൂട്ടിക്കായി പൂന്തുറയിലെത്തിയ ആരോഗ്യപ്രവർത്തകരെ പുഷ്പവൃഷ്ടി നടത്തിയാണ് പ്രദേശവാസികൾ വരവേറ്റത്. കൊവിഡ് വ്യാപനം ശക്തമായ പൂന്തുറയിൽ ജോലിക്കെത്തിയ ആരോഗ്യപ്രവർത്തകരെ തൊടാനും അവരുടെ നേരെ ചുമയ്ക്കാനും തുപ്പാനും ശ്രമമുണ്ടായത് ദേശീയതലത്തിൽ തന്നെ വാർത്തയായിരുന്നു.

കൊവിഡിനെതിരെ മാസങ്ങളായി പോരാടുന്ന ആരോഗ്യപ്രവർത്തകർക്ക് നേരെയുണ്ടായ മോശം പെരുമാറ്റം പൂന്തുറയ്ക്ക് ആകെ ചീത്തപ്പേരാക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പ്രദേശത്തെ വൈദികരടക്കം മുൻകൈയ്യെടുത്ത് ആരോഗ്യപ്രവർത്തകർക്ക് സ്വീകരണമൊരുക്കിയത്. 

 പൂന്തുറ സെന്റ് തോമസ് സ്കൂളാണ് കോവിഡ് പ്രഥമഘട്ട ചികിത്സാകേന്ദ്രം തയ്യാറാക്കിയത്. 92 കിടക്കകളാണ് ഇവിടെ എത്തിച്ചത്. ഇന്ന് മുതൽ രോഗം സ്ഥിരീകിരിക്കുന്നവരെ ഇവിടേക്കാണ് മാറ്റുക. മറ്റൊരു ചികിത്സാകേന്ദ്രവും തയ്യാറാക്കുന്നുണ്ട്. പരിശോധനകൾ ഇന്നു മുതൽ പൂർണ്ണ തോതിലാക്കുന്നതിനാൽ രോഗികളുടെ എണ്ണം വീണ്ടും ഉയരാനാണ് സാധ്യത. ഇതുവരെ നടത്തിയ 1366 ആന്റിജൻ പരിശോധനകളിൽ 262 പേർക്കാണ് ഈ മേഖലയിൽ പോസിറ്റീവായി കണ്ടെത്തിയത്.

പൂന്തുറ സ്റ്റേഷനിലെ 30ലേറെ പൊലീസുകാരും ശംഖുമുഖം അസി. കമ്മീഷണറും അടക്കം നിരീക്ഷണത്തിൽ പോയതിനാൽ  പുതിയ സംഘത്തിനാണിപ്പോൾ ക്രമസമാധാനത്തിന്റെ ചുമതല. തിരുവനന്തപുരത്തെ മറ്റ് തീരദേശ മേഖലകളും പുതിയ പോസിറ്റീവ് കേസുകൾ എത്തുന്നതിന്റെ ആശങ്കയിലാണ്. പുല്ലുവിള, വിഴിഞ്ഞം, പെരുമാതുറ മേഖലകളിലെല്ലാം ഇന്നലെ നിരവധി പേർക്ക് രോഗം കണ്ടെത്തിയിട്ടുണ്ട്.

ഉറവിടം അറിയാത്ത 28 കേസുകളാണ് കഴിഞ്ഞ 2 ദിവസങ്ങളിലായി ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് ഇപ്പോൾ ഏറ്റവും കൂടുതൽ രോഗികൾ ചികിത്സയിലുളളത് തിരുവനന്തപുരം ജില്ലയിലാണ്. 512 പേരാണ് ആകെ ചികിത്സയിലുളളചത്.

അതേസമയം പൂന്തുറ പ്രതിഷേധത്തിൽ രാഷ്ട്രീയവിവാദം കൊഴുക്കുകയാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ആരോഗ്യപ്രവർത്തകർക്കും പൊലീസിനുമെതിരെ രംഗത്തിറക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി ആരോപിച്ചിരുന്നു. ആരോഗ്യമന്ത്രിയും രൂക്ഷമായാണ് സംഭവത്തോട് പ്രതികരിച്ചത്.

സംഭവം സ്വാഭാവികപ്രതികരണമാണെന്നും  ജനങ്ങളെ ആരും ഇളക്കിവിട്ടതല്ലെന്നും പൂന്തുറയിലെ പളളിവികാരി പ്രതികരിച്ചിരുന്നു. തീരദേശത്ത് ജനങ്ങൾ ഇറങ്ങിയതിൽ രാഷ്ട്രീയമില്ലെന്നും സഹികെട്ടാണെന്നും മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. ഇതിനിടെ പൂന്തുറയിൽ സർക്കാർ പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. റവന്യു-പോലീസ്-ആരോഗ്യ ഉദ്യോഗസ്ഥരെ ഉൾക്കൊള്ളിച്ചു കൊണ്ട് ദ്രുതപ്രതികരണസംഘം രൂപീകരിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന സംഘം അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കും. 

150 കിടക്കകളുള്ള കോവിഡ് പ്രധനഘട്ടചികിത്സാകേന്ദ്രം പുന്തുറയിൽ തുടങ്ങുന്നുണ്ട്. അടിയന്തര ചികിത്സ ഉറപ്പാക്കാൻ പൂന്തുറ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ 24 മണിക്കൂറും പ്രവർത്തിക്കും. മൊബൈൽ മാവേലി സ്റ്റോർ, എടിഎം എന്നിവയും പ്രവർത്തനം തുടങ്ങി.  കനത്ത സുരക്ഷയിൽ ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ പ്രദേശത്ത് കോവിഡ് പരിശോധന തുടരുകയാണ്. 

Follow Us:
Download App:
  • android
  • ios