തിരുവനന്തപുരം: കൊവിഡ് വ്യാപനം തടയാൻ പ്രഖ്യാപിച്ച ലോക്ക് ഡൗണിന്റെ നാലാം ദിനത്തിലേക്ക് പ്രവേശിക്കുകയാണ് ഇന്ന് സംസ്ഥാനം. ഇന്നലെ 19 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത് സംസ്ഥാനത്ത് കൂടുതൽ ശക്തമായ ജാഗ്രത നിലനിർത്താൻ കാരണമായിട്ടുണ്ട്. ഇപ്പോൾ 126 പേരാണ് സംസ്ഥാനത്തെ കൊവിഡ് ബാധിതർ.

എല്ലാവർക്കും ഭക്ഷണം ഉറപ്പാക്കുന്നതിനുള്ള കമ്മ്യൂണിറ്റി കിച്ചണുകൾ ഇന്ന് മുതൽ കൂടുതൽ സ്ഥലങ്ങളിൽ സജീവമാകും.  ക്ഷേമപെൻഷനുകൾ ഇന്ന് മുതൽ വിതരണം ചെയ്ത് തുടങ്ങും. രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്ക പട്ടികയും റൂട്ട് മാപ്പും ജില്ലാ ഭരണകൂടങ്ങൾ തയ്യാറാക്കുന്നുണ്ട്. 

അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ പൊലീസിന്റെ കർശന നടപടി ഇന്നും തുടരും. 2098 കേസുകളാണ് ഇന്നലെ പൊലീസ് രജിസ്റ്റർ ചെയ്തത്. മൃഗസംരക്ഷണ - ക്ഷീരവികസന വകുപ്പുകൾ അവശ്യ സർവീസുകളായി ഇന്നലെ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. ബേക്കറികൾക്ക് ഇന്ന് മുതൽ നിശ്ചിത സമയത്ത് തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ട്.

കാസർകോട് ജില്ലയിൽ ഇന്നലെ മൂന്ന് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. അതേ സമയം ഇനിയും 200 ൽ അധികം ആളുകളുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട് എന്നത് ജില്ലയിലെ ആശങ്ക ഉയർത്തിയിട്ടുണ്ട്.