തിരുവനന്തപുരം: ലോക്ഡൗണില്‍ സര്‍ക്കാരിന്റെ സഹായമൊന്നും കിട്ടാതെ കരകൗശല തൊഴിലാളികള്‍. കരവിരുത് കൊണ്ട് മായാജാലം തീര്‍ക്കുന്നവരെങ്കിലും തൊഴിലില്ലാതായതോടെ ഇവരുടെ കൈകള്‍ ശൂന്യമായിരിക്കുന്നു. തുച്ഛമായ വരുമാനത്തില്‍ ജീവിതം തളളിനീക്കിയിരുന്ന തൊഴിലാളികളുടെ ജീവിതം ഇപ്പോള്‍ പട്ടിണിയിലാണ്. 

ദിവസവേതനക്കാരായ കരകൗശല തൊഴിലാളികള്‍ കഷ്ടപ്പെട്ടായിരുന്നു ജീവിതം മുന്നോട്ടുകൊണ്ടുപോയിരുന്നത്. ഒരു ദിവസം കിട്ടിയിരുന്ന വരുമാനം 500 രൂപ വരെയായിരുന്നെങ്കില്‍ ഇപ്പോള്‍ സാധനങ്ങള്‍ വിറ്റുപോകുന്നില്ല. നിര്‍മ്മാണവും നടക്കുന്നില്ല. 

ക്ഷേമനിധികളിലൊന്നും അംഗത്വമില്ലാത്ത ഇവര്‍ക്ക് സര്‍ക്കാര്‍ ഇതുവരെ പ്രഖ്യാപിച്ച ഒരു ആനുകൂല്യവും കിട്ടില്ല. കരകൗശല വികസന കോര്‍പറേഷനില്‍ ഉത്പന്നങ്ങള്‍ നല്‍കുന്ന തൊഴിലാളികള്‍ക്ക് കോടികളുടെ കുടിശ്ശിക ലഭിക്കാനുണ്ട്. അവശ കലാകാരന്‍മാര്‍ക്കുളള പെന്‍ഷന്‍ കിട്ടിക്കൊണ്ടിരുന്നവരുണ്ട്, അതും മുടങ്ങിയിട്ട് രണ്ട് മാസമായി.