Asianet News MalayalamAsianet News Malayalam

കുറയാതെ ടിപിആര്‍; സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകളില്ല, നിലവിലെ നിയന്ത്രണങ്ങള്‍ തുടരാന്‍ തീരുമാനം

ഓണത്തിന് മുമ്പ് വാക്സിനേഷൻ ഊർജിതമാക്കാൻ ശ്രമമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇതിനായി കൂടുതൽ വാക്സിൻ ലഭ്യമാക്കാന്‍ സംസ്ഥാനം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടും.

lock down restrictions will continue in kerala
Author
Thiruvananthapuram, First Published Jul 27, 2021, 8:56 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളിൽ ഇളവുകളില്ല. നിലവിലുള്ള നിയന്ത്രണങ്ങൾ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. അതേസമയം, തുണികടകൾ നിയന്ത്രണങ്ങളോടെ തുറക്കുന്നത് ആലോചനയിലുണ്ട്.  വാക്സിൻ എടുക്കാൻ കൊവിഡ് പരിശോധന വേണ്ടതില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇന്നത്തെ അവലോകന യോഗത്തിൽ തീരുമാനം. ഓണത്തിന് മുമ്പ് വാക്സിനേഷൻ ഊർജിതമാക്കാൻ ശ്രമമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇതിനായി കൂടുതൽ വാക്സിൻ ലഭ്യമാക്കാന്‍ സംസ്ഥാനം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടും.

ബുധനാഴ്ച ലഭിക്കുന്ന അഞ്ച് ലക്ഷം ഡോസ് വാക്സിന്‍ രണ്ട് ദിവസം കൊണ്ട് കൊടുത്ത് തീര്‍ക്കും. നിലവിലുള്ള വിഭാഗീകരണത്തിലുള്ള നിയന്ത്രണങ്ങള്‍ തുടരുമെന്നും കൊവിഡ് അവലോകന യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം റെക്കോര്‍ഡ് വേഗത്തില്‍ വാക്സിന്‍ കൊടുത്തു തീര്‍ക്കാന്‍ കഴിഞ്ഞു. തുടർന്നുള്ള ദിവസങ്ങളിൽ ആവശ്യത്തിന് വാക്സിൻ ലഭ്യമായാൽ പ്രതിദിനം നാല് ലക്ഷം ഡോസെങ്കിലും നൽകാൻ ശ്രമിക്കും. വാക്സിന്‍ എടുക്കാന്‍ വരുന്നവര്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് റിസള്‍ട്ട് കരുതേണ്ടതില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വാക്സിനേഷന്‍ നടപടികള്‍ ഫലപ്രദമാക്കാന്‍ തദ്ദേശ സ്വയം ഭരണം, ആരോഗ്യം, റവന്യൂ, പൊലീസ് എന്നീ വകുപ്പുകള്‍ കൂട്ടായി   ഇടപെടണം. വികേന്ദ്രീകൃതമായി തദ്ദേശ സ്വയംഭരണ തലത്തില്‍ വാക്സിന്‍ കൊടുക്കുന്നതാണ് നല്ലത്. നിശ്ചയിച്ച മാനദണ്ഡമനുസരിച്ച് വാക്സിന്‍ നല്‍കാനാകണം. തുണിക്കടകള്‍ കര്‍ശനമായ കോവിഡ് പ്രേട്ടോകോള്‍ പാലിച്ച് തുറക്കുന്ന കാര്യം ആലോചിക്കും. വാക്സിനേറ്റ് ചെയ്ത നിശ്ചിത എണ്ണം ജീവനക്കാരെ ഉപയോഗിച്ച് കട ഉടമകള്‍ അതിനുള്ള ക്രമീകരണം ഉണ്ടാക്കണം. ബന്ധപെട്ട ഉദ്യോഗസ്ഥര്‍ മേല്‍നോട്ടം വഹിക്കണം.  പ്രേട്ടോകോള്‍ ലംഘനം ശ്രദ്ധയില്‍പെട്ടാല്‍ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

നീറ്റ് പരീക്ഷക്ക് ഫോട്ടോ ആവശ്യമായതിനാല്‍ ആഴ്ചയില്‍ നിശ്ചിത ദിവസങ്ങളില്‍ സ്റ്റുഡിയോകൾ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും. വൊക്കേഷണല്‍ പരിശീലന സ്ഥാപനങ്ങള്‍ പഠിതാക്കളെ കൊണ്ട് വരാതെ തുറക്കുന്ന കാര്യവും പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios