വയനാട്: ലോക്ക് ഡൗൺ നിലവിൽ വന്ന ഇന്നലെ മാത്രം വയനാട്ടിൽ വിലക്ക് ലംഘിച്ച് പുറത്തിറങ്ങിയവർക്കെതിരെ പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 108. വിവിധ കേസുകളിലായി 80 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 51 വാഹനങ്ങൾ പിടിച്ചെടുത്തു.

കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ ലോക്ക് ഡൗൺ ലംഘിച്ചതിന് പത്തനംതിട്ടയിൽ ഇന്നലെ 47 കേസുകൾ രജിസ്റ്റർ ചെയ്തു. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം ഇന്നലെ രാത്രി തുറന്ന് പ്രവർത്തിച്ച രണ്ട് ഹോട്ടലുകളുടെ ഉടമകളെ പൊലീസ് അറസ്റ്റ് ചെയ്തു. അബ്ദുൾ സലാം, ജോഷി എന്നിവരാണ് അറസ്റ്റിലായത്. 

അതേസമയം, രാജ്യത്ത് 21 ദിവസത്തേക്ക് ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ തുടർനടപടികളെക്കുറിച്ച് ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനമെടുക്കും.

അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കച്ചവട സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം പുനക്രമീകരിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനമുണ്ടാകും. ലോക്ക് ഡൗൺ നിർദേശങ്ങൾ വിലക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് സർക്കാരിന്റെ നിലപാട്. 

കേരളത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 109 ആയി. ഒരു ആരോഗ്യപ്രവർത്തക അടക്കം 14 പേർക്കു കൂടി ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ നിലവിൽ 105 പേരാണ് ചികിത്സയിലുളളത്. 72,460 പേരാണ് നിരീക്ഷണത്തിലുള്ളത്. ലോക്ഡൗണിൽ അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കർശനമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. സ്വകാര്യ വാഹനങ്ങളിലെ യാത്രകൾക്കും നിയന്ത്രണം ഏർപ്പെടുത്തി.

അടിയന്തര ആവശ്യങ്ങൾക്കായി പുറത്തിറങ്ങുന്നത് എന്തിനെന്ന് വിശദീകരിക്കുന്ന സത്യവാങ്മൂലം എല്ലാവരും കയ്യിൽ കരുതണം. അവശ്യ സേവനമായി പ്രഖ്യാപിച്ച വിഭാഗത്തിലുള്ളവർ പുറത്തിറങ്ങുമ്പോൾ പാസ് കരുതണം.ജില്ലാപൊലീസ് മേധാവിമാർക്ക് അപേക്ഷ നൽകിയാൽ പാസ് അനുവദിക്കും. തെറ്റായ വിവരങ്ങൾ നൽകുന്നവർക്കെതിരെയും നടപടിയുണ്ടാകും. കാസര്‍കോഡിനും കോഴിക്കോടിനും പിന്നാലെ തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട,ആലപ്പുഴ ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.