തിരുവനന്തപുരം:  കൊവിഡ് കാലം കേരളത്തിലെ ആയിരക്കണക്കിന് കുടുംബശ്രീ പ്രവർത്തകർക്കും പരീക്ഷണ കാലമാണ്. കുടുംബശ്രീയിൽ നിന്ന് ലോണെടുത്ത് വ്യവസായങ്ങൾ തുടങ്ങിയ പല യൂണിറ്റുകളും വായ്പ തിരിച്ചടക്കാൻ കഴിയാത്ത വിധം നഷ്ടടത്തിലായിരിക്കുകയാണ്.

പറവൂരിലെ ചൈതന്യ കുടുംബശ്രീയിലെ സംഘത്തിലെ അഞ്ച് അംഗങ്ങൾ ചേർന്ന് തുടങ്ങിയതാണ് കൃപ പലഹാര നിർമ്മാണ യൂണിറ്റ്. പലഹാരങ്ങളും കറിപ്പൊടികളും നിർമ്മിച്ച് കിട്ടുന്ന വരുമാനമാണ് ഈ വീട്ടമ്മമാരുടെ ആശ്രയം. തുടക്കമായതിനാൽ കാര്യമായ ലാഭമൊന്നും കിട്ടിത്തുടങ്ങിയിട്ടില്ല. ഈ വർഷം വ്യവസായം വിപുലീകരിക്കാൻ ഒരുങ്ങിയപ്പോൾ ആയിരുന്നു ലോക്ഡൗൺ പ്രഖ്യാപനം.

മൊറട്ടോറിയത്തിന്റെ കാലാവധി കഴിഞ്ഞാൽ കു ടുംബശ്രീയിൽ നിന്ന് കടമെടുത്ത തുക തിരിച്ചടയ്ക്കാൻ ഇവർ സ്വന്തം കയ്യിൽ നിന്ന് പണം ചിലവഴിക്കേണ്ടി വരും. ലോക്ഡൈണിൽ കുരുങ്ങിയ കുടുംബശ്രീയെ സഹായിക്കാൻ ആരംഭിച്ച 'മുഖ്യമന്ത്രിയുടെ സഹായ ഹസ്തം' പദ്ധതിയുണ്ടെങ്കിലും അതിന്‍റെ സഹായം ഇവർക്ക് കിട്ടില്ല.

ഗ്രൂപ്പായി വ്യവസായ യൂണിറ്റ് തുടങ്ങിയവരെ പോലെ ആശങ്കയിലാണ് വ്യക്തിഗത വായ്പ വാങ്ങിയവരും. അനില അലിയുടെ കുടുംബത്തിന്റെ ഏക വരുമാന മാർഗമാണ് ആലുവ കെഎസ്ആർടിസി ഗാരേജിനടുത്തുള്ള ഈ പെട്ടിക്കട. ജ്യൂസ് സ്റ്റാൾ തുടങ്ങാനായിരുന്നു അനില ലോൺ എടുത്തത്. മേളകളിലും വലിയ ആഘോഷങ്ങളിലും സ്റ്റാളുകളിടുമ്പോൾ വരുമാനം കിട്ടിയിരുന്നു. എന്നാൽ ലോക്ഡൗൺ ഇവിടെയും തിരിച്ചടിയായി.

2,99,297 അയൽക്കൂട്ടങ്ങളിലായി 44,91,834 കുടുംബശ്രീ അംഗങ്ങളാണ് കേരളത്തിലുള്ളത്. 19,535 ചെറുകിട വ്യവസായ സംരംഭങ്ങളാണ് കുടുംബശ്രീയെ ആശ്രയിച്ച് പ്രവർത്തിക്കുന്നത്. വലിയ കടബാധ്യതയില്ലാതെ ഇവരെ സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് കുടുംബശ്രീ മിഷൻ ഇപ്പോൾ.