തിരുവനന്തപുരം: ലോക്ക്ഡൗൺ ഘട്ടം ഘട്ടമായി പിൻവലിക്കുന്നതിന്റെ ഭാഗമായി ഇന്നു മുതൽ കൂടുതൽ ഇളവുകൾ. സംസ്ഥാനത്ത് സർക്കാർ ഓഫീസുകൾ ഇന്ന് മുതൽ പൂർണ്ണതോതിൽ പ്രവർത്തിക്കും. പൊതുമേഖലാ സ്ഥാപനങ്ങൾ, അർദ്ധസർക്കാർ സ്ഥാപനങ്ങൾ, സഹകരണസ്ഥാപനങ്ങൾ എന്നിവയിൽ എല്ലാ ജീവനക്കാരും ജോലിക്കെത്തണം. എന്നാൽ കണ്ടെയിൻമെന്റ് സോണുകളിലെ ഓഫീസുകളിൽ നിയന്ത്രണം തുടരും.

സംസ്ഥാനത്തെ ക്ഷേത്രങ്ങളും മാളുകളും ഹോട്ടലുകളും തുറക്കുന്നതിന് മുന്നോടിയായുളള വൃത്തിയാക്കൽ ജോലികൾ ഇന്ന് നടക്കും. കടുത്ത നിയന്ത്രണങ്ങളോടെയായിരിക്കും ആരാധനാലയങ്ങളുടെ പ്രവർത്തനം. 65 വയസിന് മുകളിൽ ഉളളവർക്കും10 വയസിൽ താഴെയുളളവർക്കും പ്രവേശനം ഉണ്ടാകില്ല. റസ്റ്റോറൻറുകളിലും ഫുഡ് കോർട്ടുകളിലും പകുതി ഇരിപ്പിടങ്ങളിൽ മാത്രമെ ആളുകളെ അനുവദിക്കൂ. മാളുകളിലെ സിനിമാഹാളുകളും കുട്ടികളുടെ കളിസ്ഥലങ്ങളും തുറക്കില്ല. 

ആരാധനാലയങ്ങളിൽ ഇന്നു മുതൽ ആളുകൾക്ക്  പ്രവേശനം അനുവദിക്കുമെങ്കിലും മഹാരാഷ്ട്ര, തമിഴ്നാട് , ഒഡീഷ, അരുണാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ആരാധനാലയങ്ങൾ തൽക്കാലം തുറക്കില്ല. പഞ്ചാബിൽ റസ്റ്ററൻറുകൾ അടഞ്ഞ് കിടക്കും. ദില്ലിയിൽ ആരാധനാലയങ്ങളും റസ്റ്ററൻറുകളും മാളുകളും തുറക്കും. ഹോട്ടലുകൾക്ക് അനുമതി നല്കിയിട്ടില്ല. ഇളവുകൾക്ക് ശേഷമുള്ള ദേശീയ സാഹചര്യം ഈയാഴ്ച കേന്ദ്രം വിലയിരുത്തും.

അതേ സമയം രാജ്യത്തെ സ്‌കൂളുകൾ ഓഗസ്റ്റിനു ശേഷമേ തുറക്കൂ എന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേശ് പൊഖ്‌റിയാൽ വ്യക്തമാക്കി. ഘട്ടം ഘട്ടമായാകും വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുക. ഓഗസ്റ്റ് പതിനഞ്ചിനു ശേഷമാകും ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാവുകയെന്ന് ബി ബി സിക്ക് നൽകിയ അഭിമുഖത്തിൽ മാനവശേഷി മന്ത്രി വ്യക്തമാക്കി. സുപ്രധാന പരീക്ഷകളുടെയെല്ലാം ഫലപ്രഖ്യാപനം ഓഗസ്റ്റ് പതിനഞ്ചിനു മുൻപ് പൂർത്തിയാക്കുമെന്നും രമേശ് പൊഖ്‌റിയാൽ കൂട്ടിച്ചേര്‍ത്തു.