ചങ്ങനാശ്ശേരി: കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിൽ ലോക്ക്ഡൗൺ ലംഘനം. മധുരയിൽ നിന്നുള്ള പച്ചക്കറി വണ്ടി ചങ്ങനാശ്ശേരിയിലെ കൊവിഡ് ഹോട്ട്സ്പോട്ടിൽ എത്തി. പൊലീസ് നിയന്ത്രണങ്ങൾ ലംഘിച്ചുകൊണ്ടാണ് വാഹനം എത്തിയത്.

രോ​ഗം സ്ഥിരീകരിച്ച വ്യക്തിയുടെ വീടിനു തൊട്ടടുത്താണ് പച്ചക്കറി ലോഡുമായി വാഹനം എത്തിയത്. മധുര സ്വദേശികളെ നിരീക്ഷണത്തിൽ ആക്കണമെന്ന ആരോ​ഗ്യവകുപ്പിന്റെ നിർദ്ദേശവും ഇവിടെ പാലിക്കപ്പെട്ടില്ല. 

അതേസമയം, മലപ്പുറത്ത് ലോക്ക്ഡൗൺ നിർദ്ദേശം ലംഘിച്ച് അതിഥി തൊഴിലാളികൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു. നാട്ടിൽ പോകണമെന്നാവശ്യപ്പെട്ടാണ് തൊഴിലാളികൾ പ്രകടനമായി തെരുവിലിറങ്ങിയത്. പ്രകടനത്തിൽ നൂറോളം അതിഥി തൊഴിലാളികൾ പങ്കെടുത്തു. പൊലീസ് ഇവർക്ക് നേരെ ലാത്തി വിശീ. പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

രാവിലെയാണ് പ്രതിഷേധം നടന്നത്. ഡിവൈഎസ്പിയും മൂന്ന് എസ്ഐമാരുമടക്കമുള്ള പൊലീസ് സംഘമാണ് സ്ഥലത്ത് ഇപ്പോൾ ക്യാമ്പ് ചെയ്യുന്നത്. പ്രകടനത്തിനു പിന്നിൽ തൊഴിലാളികളല്ലാതെ മറ്റാരെങ്കിലുമുണ്ടോ, ആരെങ്കിലും ആസൂത്രണം ചെയ്തതാണോ ഈ പ്രതിഷേധം എന്നാണ് ഇപ്പോൾ പൊലീസ് അന്വേഷിക്കുന്നത്. നിരവധി അതിഥി തൊഴിലാളികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തു വരികയാണ്.