Asianet News MalayalamAsianet News Malayalam

ശോഭക്കെതിരെ ഇപി കേസ് കൊടുക്കും, എൽഡിഎഫിന് ഭൂരിപക്ഷം കിട്ടും, കോൺഗ്രസ്-ബിജെപി കൂട്ടുകെട്ടുണ്ടാക്കി: സിപിഎം

ഇപിക്ക് പാർട്ടിയുടെ പൂർണ പിന്തുണ. ഇപി ജയരാജൻ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് തുടരുമെന്ന് എംവി ഗോവിന്ദൻ

Lok Sabha Election 2024 Kerala LDF will get majority says CPIM state secretary
Author
First Published Apr 29, 2024, 4:06 PM IST

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഭൂരിപക്ഷം സീറ്റുകൾ എൽഡിഎഫിന് ലഭിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വടകരയിൽ വർഗീയ ധ്രുവീകരണം ഉണ്ടായെന്നും ബിജെപി വോട്ടുകൾ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് കിട്ടിയെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് മതനിരപേക്ഷ സർക്കാർ അധികാരത്തിലെത്തുമെന്നാണ് പ്രതീക്ഷ. തൃശ്ശൂരിൽ ബിജെപി മൂന്നാം സ്ഥാനത്താവും. ഇടത് വോട്ടുകളെല്ലാം കൃത്യമായി പോൾ ചെയ്യപ്പെട്ടുവെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇപി വിവാദത്തിൽ ആരോപണം ഉന്നയിച്ചവർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് എൽഡിഎഫ് കൺവീനർ കൂടിയായ ജയരാജന് നിർദ്ദേശം നൽകിയെന്നും എംവി ഗോവിന്ദൻ അറിയിച്ചു. ഇപി ജയരാജൻ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

പാർട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് തീരും മുൻപെ ബിജെപി സഖ്യകക്ഷികളെ തേടുന്നതായി അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്ര ഏജൻസികളെ വച്ചുള്ള ഭീഷണി കണ്ടതാണ്. മോദിയുടെ ഗ്യാരണ്ടി ജനം തള്ളി. വർഗീയ പ്രചാരണങ്ങൾക്കാണ് ഇപ്പോൾ മുൻതൂക്കം. വടകരയിൽ അടക്കം വർഗ്ഗീയ ധ്രുവീകരണത്തിന് ശ്രമിച്ചു. വടകരയിൽ അതിന് കോൺഗ്രസും കൂട്ട് നിന്നു. തെരഞ്ഞെടുപ്പിന് ശേഷവും വർഗീയതയെ തുറന്ന് കാണിക്കാൻ ശ്രമം നടത്തും. സിഎഎ,രാമക്ഷേത്ര വിഷയങ്ങൾ കൊണ്ട് പോലും രക്ഷയില്ലെന്ന് കണ്ടപ്പോൾ മോദി നേരിട്ട് വർഗീയ പ്രചാരണം ഏറ്റെടുത്തുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേരളത്തെ അപമാനിക്കാനുള്ള സാധ്യതകളെല്ലാം ബിജെപിയും ആർഎസ്എസും പയറ്റുകയാണെന്ന് അദ്ദേഹം വിമർശിച്ചു. മതനിരപേക്ഷ സർക്കാർ രാജ്യത്ത് നിലവിൽ വരുമെന്നാണ് പാർട്ടി പ്രതീക്ഷിക്കുന്നത്. കേരളത്തിൽ കഴിഞ്ഞ തവണത്തെ പ്രഭ കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും ഇല്ല. വയനാട്ടിലടക്കം ഇത് പ്രതിഫലിക്കും. അക്കൗണ്ട് തുറക്കുന്നതിന്റെ ഭാഗമായി തൃശൂരിൽ ബിജെപി കേന്ദ്ര ഏജൻസികളെ ഇറക്കി. പ്രധാനമന്ത്രി നേരിട്ട് കള്ള പ്രചാരണങ്ങൾ നടത്തി. എൽഡിഎഫ് വിജയം തടയാൻ കോൺഗ്രസ് ബിജെപിയുമായി കൂട്ടുകെട്ട് ഉണ്ടാക്കി. വടകരയിൽ ബിജെപി വോട്ട് കോൺഗ്രസിന് നൽകി. ഷാഫി പറമ്പിൽ ജയിച്ചാൽ പാലക്കാട് നിയമസഭാ സീറ്റിൽ ബിജെപിയെ ജയിപ്പിക്കാമെന്നാണ് വ്യവസ്ഥ. സ്ഥാനാർത്ഥി നേരിട്ട് ഇടപെട്ടാണ് ചർച്ച നടത്തിയത്. വർഗീയ പ്രചാരണങ്ങൾക്കൊപ്പം  വ്യക്തി അധിക്ഷേപവും ഉണ്ടായി. ഇതിനെ എല്ലാം ജനം തള്ളുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

തൃശൂരിൽ ബിജെപി മൂന്നാം സ്ഥാനത്ത് പോകും. വോട്ടിംഗ് ശതമാനത്തിലെ കുറവ് ഇടത് സാധ്യത ഇല്ലാതാക്കില്ല. എൽഡിഎഫിൻ്റെ എല്ലാ വോട്ടും ബൂത്തിലെത്തിയിട്ടുണ്ട്. വോട്ട് കുറഞ്ഞത് യുഡിഎഫ് സ്വാധീന മേഖലകളിലാണ്. ഇടത് മുന്നണി ഭൂരിപക്ഷ സീറ്റ് നേടും. ഇപി വിവാദം സെക്രട്ടേറിയറ്റ് പരിശോധിച്ചു. ഒരു വർഷം മുൻപ് ബിജെപി നേതാവിനെ കണ്ടത് ഇപി സ്ഥിരീകരിച്ചിട്ടുണ്ട്. രാഷ്ട്രീയ എതിരാളികളെ കാണുമ്പോൾ അവസാനിക്കുന്നതാണ് പ്രത്യയശാസ്ത്ര ബോധമെന്നത് പൈങ്കിളി സങ്കൽപ്പമാണ്. കമ്മ്യൂണിസ്റ്റ് വിരോധമാണ് ഇപിക്കെതിരായ ആരോപണത്തിന് പിന്നിലെന്ന് ഇപി തന്നെ വിശദീകരിച്ചു. നിയമപരമായ തുടർ നടപടിക്ക് പാർട്ടി നിർദ്ദേശം നൽകി. ദല്ലാൾ നന്ദകുമാറിനെ പോലുള്ളവരുമായി ബന്ധം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടു. ആ ബന്ധം മുൻപേ അവസാനിപ്പിച്ചെന്ന് ഇപി പാർട്ടിയോഗത്തിൽ അറിയിച്ചു. കേസ് അടക്കം കാര്യങ്ങൾ ആലോചിക്കണം. ദില്ലിയിലും എറണാകുളത്തും രാമനിലയത്തിലും അടക്കം കൂടിക്കാഴ്ച നടന്നെന്ന വാദം ശുദ്ധ അസംബന്ധമാണ്. ശോഭ സുരേന്ദ്രനെതിരെ ഇപി  കേസ് കൊടുക്കുമെന്നും പാർട്ടി സെക്രട്ടറി അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

Follow Us:
Download App:
  • android
  • ios