Asianet News MalayalamAsianet News Malayalam

കഥ മാറി, കാലാവസ്ഥ മാറി? വടകര വോട്ട് ഇത്തവണ ആര്‍ക്കൊപ്പം; ശൈലജയും ഷാഫിയും ഇഞ്ചോടിഞ്ച്

പ്രവചനങ്ങള്‍ നടത്താന്‍ പ്രയാസമായിരിക്കുന്ന നിലയിലേക്കാണ് വടകരയിലെ പ്രചാരണച്ചൂട് മാറിയിരിക്കുന്നത്

Lok Sabha Election 2024 Vatakara Lok Sabha Constituency history and records Shafi Parambil vs K K Shailaja
Author
First Published Mar 18, 2024, 11:03 AM IST

വടകര: ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ന്‍റെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ വലിയ സര്‍പ്രൈസുകള്‍ കണ്ട മണ്ഡലമാണ് വടകര. കഴിഞ്ഞ വട്ടം പി ജയരാജനെ മത്സരിപ്പിച്ച് പൊള്ളിയ സിപിഎം ഇത്തവണ മുന്‍ ആരോഗ്യമന്ത്രിയും മട്ടന്നൂര്‍ എംഎല്‍എയുമായ കെ കെ ശൈലജ ടീച്ചറെ കളത്തിലിറക്കിയാണ് പോരാട്ടച്ചൂട് കൂട്ടിയത്. കോണ്‍ഗ്രസാവട്ടെ സിറ്റിംഗ് എം പിയായ കെ മുരളീധരനെ ആദ്യ സ്ഥാനാര്‍ഥിയായി മനസില്‍ കണ്ടെങ്കിലും അദേഹത്തിന്‍റെ സഹോദരി പദ്‌മജ വേണുഗോപാല്‍ ബിജെപിയിലേക്ക് ചേക്കേറിയതോടെ മാറി ചിന്തിച്ചു. കെ മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കാന്‍ തീരുമാനിച്ച കോണ്‍ഗ്രസ് യുവരക്തവും പാലക്കാട് എംഎല്‍എയുമായ ഷാഫി പറമ്പിലിനെയാണ് വടകരപ്പോരിന് അയച്ചിരിക്കുന്നത്.

Read more: 2019 ആവര്‍ത്തിക്കുമോ രാജ്‌മോഹന്‍ ഉണ്ണിത്താന്‍; കാസര്‍കോട് തിരിച്ചുപിടിക്കുമോ സിപിഎം?

തലശേരി (സിപിഎം), കൂത്തുപറമ്പ (എല്‍ജെഡി), വടകര (ആര്‍എംപി), കുറ്റ്യാടി (സിപിഎം), നാദാപുരം (സിപിഎം), കൊയിലാണ്ടി (സിപിഎം), പേരാമ്പ്ര (സിപിഎം) എന്നിങ്ങനെ ഒറ്റനോട്ടത്തില്‍ എല്‍ഡിഎഫ് മേല്‍ക്കോയ്‌മ വടകര ലോക്‌സഭ മണ്ഡലത്തിലെ നിയമസഭ മണ്ഡലങ്ങളില്‍ തോന്നുമെങ്കിലും കാര്യങ്ങള്‍ സങ്കീര്‍ണമാണ്. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്‍റെ കണ്ണൂര്‍ കരുത്തന്‍ പി ജയരാജനെ 84,663 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ തോല്‍പിച്ച് കെ മുരളീധരന്‍ വടകരയില്‍ നിന്ന് ലോക്‌സഭയിലെത്തി. കെ മുരളീധരന് 526,755 ഉം, പി ജയരാജന് 4,42,092 ഉം വോട്ടുകളാണ് കിട്ടിയത്. ബിജെപി സ്ഥാനാര്‍ഥിയായിരുന്ന വി കെ സജീവന്‍ നേടിയത് 80,128 വോട്ടുകള്‍. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ടിപി വധം ചര്‍ച്ചയായതും രാഹുല്‍ ഗാന്ധി തരംഗവുമെല്ലാം സിപിഎമ്മിന് വടകരയില്‍ 2019ല്‍ ദോഷം ചെയ്‌തു. തൊട്ടുമുമ്പത്തെ 2014 തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്‍റെ എ എന്‍ ഷംസീറിനെതിരെ വെറും 3,306 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസിന്‍റെ മുല്ലപ്പള്ളി രാമചന്ദ്രന്‍ വിജയിച്ച സ്ഥാനത്താണ് മുരളീധരന്‍ വന്‍ വിജയം 2019ല്‍ സ്വന്തമാക്കിയത് എന്നതാണ് ശ്രദ്ധേയം. പാര്‍ട്ടി വോട്ടര്‍മാര്‍ക്ക് അപ്പുറത്തേക്ക് സ്വീകാര്യത പി ജയരാജനുണ്ടാക്കാന്‍ കഴിയാതെ പോയത് സിപിഎമ്മിന് കനത്ത തിരിച്ചടിയായി. 

Read more: കേരളത്തിന്‍റെ കണ്ണ് കണ്ണൂരിലേക്ക്; വീണ്ടും കെ സുധാകരന്‍ കളത്തില്‍, എം വി ജയരാജനിലൂടെ തിരിച്ചെടുക്കുമോ സിപിഎം?

2024ലേക്ക് വന്നാല്‍ എല്‍ഡിഎഫും യുഡിഎഫും കരുത്തരായ സ്ഥാനാര്‍ഥികളെ നിയോഗിച്ചാണ് വടകര വോട്ടിംഗിന് വീര്യം കൂട്ടിയിരിക്കുന്നത്. കണ്ണൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന മട്ടന്നൂരിലെ എംഎല്‍എയായ കെ കെ ശൈലജയാണ് വടകരയിലെ സിപിഎം സ്ഥാനാര്‍ഥി. ആരോഗ്യമന്ത്രി എന്ന നിലയില്‍ ലഭിച്ച സ്വീകര്യത വോട്ടായി മാറുമെന്ന് കെ കെ ശൈലജയുടെ അണികള്‍ പ്രതീക്ഷിക്കുന്നു. കഴിഞ്ഞ വട്ടത്തെ പോലെ ടിപി വധം അത്രകണ്ട് ചര്‍ച്ചയല്ല ഇത്തവണ വടകര മണ്ഡലത്തില്‍. മറുവശത്ത് ഷാഫി പറമ്പിലും വളരെ പ്രതീക്ഷയോടെയാണ് വടകരയില്‍ എത്തിയിരിക്കുന്നത്. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിലെ അവസാനവട്ട സസ്‌പെന്‍സില്‍ വടകരയെത്തിയ ഷാഫിക്ക് ഉജ്വല സ്വീകരണമാണ് മണ്ഡലത്തില്‍ ലഭിച്ചത്. അതിനാല്‍ തന്നെ കേരളത്തിലെ ഏറ്റവും വാശിയേറിയ പോരാട്ടങ്ങളിലൊന്ന് വടകരയില്‍ പ്രതീക്ഷിക്കാം. പ്രവചനങ്ങള്‍ നടത്താന്‍ പ്രയാസമായിരിക്കുന്ന നിലയിലേക്കാണ് വടകരയിലെ പ്രചാരണച്ചൂട് മാറിയിരിക്കുന്നത്. ബിജെപിക്കായി സിആര്‍ പ്രഫുല്‍ കൃഷ്‌ണയാണ് വടകര ലോക്‌സഭ മണ്ഡലത്തില്‍ ഇക്കുറി സ്ഥാനാര്‍ഥി.

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

Latest Videos
Follow Us:
Download App:
  • android
  • ios