Asianet News MalayalamAsianet News Malayalam

കൊടുംചൂടിനെ വെല്ലുന്ന തെരഞ്ഞെടുപ്പ് ചൂട്; കേരളത്തില്‍ പോളിംഗ് ശതമാനം കൂടുമോ കുറയുമോ?

2019ല്‍ പല മണ്ഡലങ്ങളിലും 80 ശതമാനത്തിലധികം വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചിരുന്നു

Lok Sabha Elections 2024 expecting High Voter Turnout amid heatwave warning in Kerala
Author
First Published Apr 25, 2024, 10:09 AM IST

തിരുവനന്തപുരം: കനത്ത ചൂടിലും ആവേശം ചോരാതെ കേരളം ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ല്‍ നാളെ പോളിംഗ് ബൂത്തിലേക്ക് എത്തുകയാണ്. ചൂടിനെയും വേനല്‍മഴയെയും വക‍ഞ്ഞുമാറ്റിയുള്ള തെരഞ്ഞെടുപ്പ് ആവേശം കലാശക്കെട്ടിലും കണ്ടിരുന്നു. സംസ്ഥാനത്തെ അതികഠിനമായ ഉഷ്‌ണ കാലാവസ്ഥയില്‍ ഇത്തവണ എന്താകും പോളിംഗ് ശതമാനം. 

കേരളം കഴിഞ്ഞ 30 വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനം കാഴ്‌ചവെച്ച ലോക്‌സഭ തെരഞ്ഞെടുപ്പായിരുന്നു 2019ലേത്. പല മണ്ഡലങ്ങളിലും 80 ശതമാനത്തിലധികം വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചപ്പോള്‍ സംസ്ഥാനത്താകെ 77.84% പോളിംഗ് രേഖപ്പെടുത്തി. മുന്‍ ലോക്‌സഭ തെരഞ്ഞെടുപ്പിനേക്കാള്‍ 3.95 ശതമാനം അധികമായിരുന്നു ഇത്. കാസര്‍കോട്, കോഴിക്കോട്, വടകര, കണ്ണൂര്‍ എന്നിങ്ങനെ വടക്കന്‍ ലോക്‌സഭ മണ്ഡലങ്ങളിലാണ് ഏറ്റവും ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തിയത്. തെക്കന്‍ കേരളത്തില്‍ ആലപ്പുഴയിലേ പോളിംഗ് 80 ശതമാനം കടന്നുള്ളൂ. 

ഇക്കുറി കനത്ത ചൂടിനിടെയാണ് സംസ്ഥാനം പോളിംഗ് ബൂത്തിലെത്തുന്നത്. രാജ്യത്തെ ആദ്യഘട്ട ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നാല് ശതമാനത്തോളം പോളിംഗ് കുറവ് രേഖപ്പെടുത്തിയിരുന്നു. ഉഷ്‌ണതരംഗം ഇതിനൊരു കാരണമായതായി വിലയിരുത്തപ്പെടുന്നു. അതേസമയം കേരളത്തില്‍ ശക്തമായ പ്രചാരണം മൂന്ന് മുന്നണികളും നടത്തിയെന്നതിനാല്‍ പോളിംഗ് ശതമാനം കുറയില്ല എന്നാണ് കരുത്തപ്പെടുന്നത്. ത്രികോണ മത്സരം പ്രതീക്ഷിക്കുന്ന മണ്ഡലങ്ങളിലും യുഡിഎഫ്-എല്‍ഡിഎഫ് മത്സരം ശക്തമായ ഇടങ്ങളിലും പോളിംഗ് ഉയര്‍ന്നുതന്നെ തുടരുമെന്നാണ് മുന്നണികളുടെ പ്രതീക്ഷ. 

പാലക്കാട് ജില്ലയിൽ ഉഷ്‌ണ തരംഗത്തിന് സാധ്യതയുണ്ടെന്നും 11 ജില്ലകളിൽ താപനില ഉയരുമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 41°C വരെയായിരിക്കും. കൊല്ലം ജില്ലയിൽ ഉയർന്ന താപനില 39°C വരെയും, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, കോട്ടയം, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും, തിരുവനന്തപുരം, മലപ്പുറം, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയുമായിരിക്കും. 

Read more: കേരളത്തിൽ വോട്ടെടുപ്പ് കൊടും ചൂടിൽ: പാലക്കാട് ഉഷ്ണതരംഗ സാധ്യത, 11 ജില്ലകളിൽ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios