സ്വന്തം മാതാവിനെ ആക്ഷേപിച്ച കോൺഗ്രസിലെ സാമൂഹ്യ വിരുദ്ധരെ തള്ളിപ്പറയാൻ പോലും മുരളീധരൻ തയാറായില്ലെന്നും കെ സുരേന്ദ്രൻ ആരോപിച്ചു

കോട്ടയം: തൃശൂരിലെ യു‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരനെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്. മുരളീധരനെ ശിഖണ്ഡിയെന്ന് വിളിച്ചാണ് കെ സുരേന്ദ്രന്‍റെ വിമര്‍ശനം. എല്ലായിടത്തും തോല്‍പ്പിക്കാൻ വേണ്ടി ഇറങ്ങുന്ന ശിഖണ്ഡിയാണ് കെ മുരളീധരൻ എന്ന് കെ സുരേന്ദ്രൻ പറഞ്ഞു. സ്വന്തം മാതാവിനെ ആക്ഷേപിച്ച കോൺഗ്രസിലെ സാമൂഹ്യ വിരുദ്ധരെ തള്ളിപ്പറയാൻ പോലും മുരളീധരൻ തയാറായില്ല. ഇടതുമുന്നണിയെ തോൽപ്പിക്കാൻ അച്ചാരം വാങ്ങിയാണ് മുരളീധരൻ തൃശൂരില്‍ എത്തിയതെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. കോട്ടയത്ത് എൻഡിഎ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു സുരേന്ദ്രൻ .


ഏതെങ്കിലും തെരഞ്ഞെടുപ്പില്‍ ജയിക്കണമെങ്കില്‍ മുരളീധരന്‍ ഒരിക്കല്‍ കൂടി പാര്‍ട്ടി മാറേണ്ടി വരുമെന്നായിരുന്നു ഇന്നലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഫേയ്സ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിച്ചത്. ഇതിന് പിന്നാലെയാണ് വീണ്ടും കെ മുരളീധരനെതിരെ കെ സുരേന്ദ്രൻ രംഗത്തെത്തിയത്. കോണ്‍ഗ്രസിലെ യജമാനന്മാര്‍ക്ക് തട്ടിക്കളിക്കാനുള്ള വെറും കളിപ്പാവ മാത്രമാണ് മുരളീധരന്‍ എന്നും തൃശൂര്‍ ലോക്‌സഭയിലും വടക്കാഞ്ചേരി അസംബ്ലിയിലും മുരളീധരന്‍ തോറ്റത് ചില്ലറ വോട്ടിനൊന്നുമല്ലെന്നും നേമത്ത് മല പോലെ വന്നിട്ട് കിട്ടിയതോ ചില്ലറ വോട്ടു മാത്രമാണെന്നും സുരേന്ദ്രന്‍ പരിഹസിച്ചിരുന്നു. സുരേന്ദ്രന്‍റെ വിമര്‍ശനത്തില്‍ കെ മുരളീധരൻ പ്രതികരിച്ചിട്ടില്ല.

കെ സുരേന്ദ്രന്‍റെ കുറിപ്പ്: 'വലിയ താത്വിക അവലോകനം ഒന്നും വേണ്ട. കെ. സി. വേണുഗോപാലിന് ആലപ്പുഴ വേണം. സുധാകരന് കണ്ണൂരും വേണം. ആലപ്പുഴയോ കണ്ണൂരോ മുസ്‌ളീം സ്ഥാനാര്‍ത്ഥിക്കു കൊടുക്കാനായിരുന്നു തീരുമാനം. അപ്പോള്‍ പിന്നെ ഏക മുസ്‌ളീം സ്ഥാനാര്‍ത്ഥിക്കു കൊടുക്കാന്‍ ബാക്കിയുള്ളത് വടകര മാത്രം. തട്ടാന്‍ പറ്റുന്നത് മുരളീധരനെ മാത്രം. തൃശ്ശൂര്‍ ലോകസഭയിലും വടക്കാഞ്ചേരി അസംബ്‌ളിയിലും മുരളീധരന്‍ തോറ്റത് ചില്ലറ വോട്ടിനൊന്നുമല്ല. നേമത്ത് മല പോലെ വന്നിട്ട് കിട്ടിയതോ ചില്ലറ വോട്ടു മാത്രം. കോണ്‍ഗ്രസ്സിലെ യജമാനന്മാര്‍ക്ക് തട്ടിക്കളിക്കാനുള്ള വെറും കളിപ്പാവ മാത്രമാണ് മുരളീധരന്‍. ഊതിവീര്‍പ്പിച്ച ബലൂണ്‍. ഇനി ഏതെങ്കിലും തെരഞ്ഞെടുപ്പില്‍ ജയിക്കണമെങ്കില്‍ മുരളീധരന്‍ ഒരിക്കല്‍ കൂടി പാര്‍ട്ടി മാറേണ്ടിവരും.'

കനല്‍ച്ചാട്ടത്തിനിടെ 10വയസുകാരന്‍ തീക്കൂനയിലേക്ക് വീണു; ദാരുണ സംഭവത്തിൽ കേസെടുത്ത് പൊലീസ്

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Election 2024 #Asianetnews