സ്വന്തം പാർട്ടിയെ പോലും ഒറ്റികൊടുത്തയാളാണ് കെ സുരേന്ദ്രനെന്നും ഒരു ഒറ്റുകാരന്റെ സർട്ടിഫിക്കറ്റ് തനിക്ക് ആവശ്യമില്ലെന്നും മുരളീധരൻ വിമർശിച്ചു.

തൃശ്ശൂര്‍: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ ശിഖണ്ഡി പ്രയോഗത്തിന് മറുപടിയുമായി ‍തൃശ്ശൂരിലെ യു‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരൻ. സുരേന്ദ്രൻ ഒറ്റുകാരനാണെന്നാണ് കെ മുരളീധരൻ തിരിച്ചടിച്ചത്.

സ്വന്തം പാർട്ടിയെ പോലും ഒറ്റികൊടുത്തയാളാണ് കെ സുരേന്ദ്രനെന്നും ഒരു ഒറ്റുകാരന്റെ സർട്ടിഫിക്കറ്റ് തനിക്ക് ആവശ്യമില്ലെന്നും മുരളീധരൻ വിമർശിച്ചു. കൊടകര കുഴല്‍പ്പണ കേസൊതുക്കാൻ പിണറായിയുമായി പാലം പണിതയാളാണ് സുരേന്ദ്രൻ. നേമത്തും വട്ടിയൂർക്കാവിലും മാത്രമല്ല, തൃശ്ശൂരിലും ബിജെപിയെ തോൽപിക്കുമെന്നും തൃശ്ശൂരിൽ ബിജെപിയെ മൂന്നാം സ്ഥാനത്താക്കുമെന്നും മുരളീധരൻ കൂട്ടിച്ചേര്‍ത്തു.

എല്ലായിടത്തും തോല്‍പ്പിക്കാൻ വേണ്ടി ഇറങ്ങുന്ന ശിഖണ്ഡിയാണ് കെ മുരളീധരൻ എന്നായിരുന്നു കെ സുരേന്ദ്രന്‍റെ വിമര്‍ശനം. സ്വന്തം മാതാവിനെ ആക്ഷേപിച്ച കോൺഗ്രസിലെ സാമൂഹ്യ വിരുദ്ധരെ തള്ളിപ്പറയാൻ പോലും മുരളീധരൻ തയാറായില്ല. ഇടതുമുന്നണിയെ തോൽപ്പിക്കാൻ അച്ചാരം വാങ്ങിയാണ് മുരളീധരൻ തൃശ്ശൂരില്‍ എത്തിയതെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.