പിതൃനിന്ദയിൽ 'കറങ്ങി' പത്തനംതിട്ട; അനില്‍ പറഞ്ഞതെല്ലാം എകെ ആന്‍റണിയെക്കുറിച്ചെന്നാവര്‍ത്തിച്ച് ഹസൻ
സ്വന്തം അപ്പനെതിരായി പറഞ്ഞ് മതിയായപ്പോൾ ബാക്കിയുള്ളവര്‍ക്കെതിരെ പറയുകയാണ് അനിലിനെന്നും പിതൃനിന്ദ കാട്ടിയ ആൾക്ക് ജനങ്ങൾ മറുപടി നൽകുമെന്നും ഹസൻ പറഞ്ഞു
പത്തനംതിട്ട:രാഷ്ട്രീയവും കടന്ന് പിതൃനിന്ദയിൽ എത്തിനിൽക്കുന്ന പത്തനംതിട്ടയിലെ ചർച്ച. കോൺഗ്രസിലുള്ളത് കാലഹരണപ്പെട്ട നേതാക്കളാണെന്ന അനിൽ ആന്‍റണി പറഞ്ഞത് എ.കെ. ആന്‍റണിയെ ഉദ്ദേശിച്ചു തന്നെയാണെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്‍റ് എം.എം.ഹസൻ ആവര്‍ത്തിച്ചു. എന്നാല്‍, ഇക്കാര്യത്തിൽ ഹസനെ രൂക്ഷമായ വാക്കുകളിൽ വിമർശിക്കുകയാണ് അനിൽ ആന്‍റണി. 80 കഴിഞ്ഞ ഹസനെ പോലെയുള്ളവരാണ് കാലഹരണപ്പെട്ടവരെന്ന് വിളിച്ചതെന്നാണ് അനിലിന്‍റെ മറുപടി.
അനിലിന്‍റെ മറുപടിക്ക് പിന്നാലെയാണ് വീണ്ടും വിമര്‍ശനം ആവര്‍ത്തിച്ചുകൊണ്ട് എംഎം ഹസൻ രംഗത്തെത്തിയത്. അനിൽ ആന്‍റണി മറുപടി അർഹിക്കുന്നില്ലെന്നും ഇന്നലെ പറയാനുള്ളത് പറഞ്ഞുവെന്നും അതില്‍ നിന്ന് പിന്നോട്ടില്ലെന്നുമായിരുന്നു എം എം ഹസന്‍റെ പ്രതികരണം. സ്വന്തം അപ്പനെതിരായി പറഞ്ഞ് മതിയായപ്പോൾ ബാക്കി ഉള്ളവർക്കെതിരെ പറയുകയാണ് അനില്‍. പിതൃനിന്ദ കാട്ടിയ ആൾക്ക് ജനങ്ങൾ മറുപടി നൽകുമെന്നും ഹസൻ പറഞ്ഞു. ബിജെപി പ്രകടന പത്രിക നുണയിൽ കെട്ടിപ്പൊക്കിയ ചീട്ടു കൊട്ടാരമാണെന്നും ഇന്ധന നികുതി കുറയ്ക്കണമെന്ന പ്രഖ്യാപനം ജനങ്ങളോടുള്ള പരിഹാസമെന്നും എംഎം ഹസൻ കൂട്ടിച്ചേര്‍ത്തു.
ബിജെപി സ്ഥാനാർത്ഥിയായി അനില്‍ ആന്‍റണി വന്നതിലെ രാഷ്ട്രീയ പ്രതിസന്ധി മറികടക്കാൻ അവസാന ലാപ്പിൽ സാക്ഷാൽ എ.കെ. ആന്റണിയെ തന്നെ കോൺഗ്രസ് ഇറക്കിയെന്നതാണ് ഹസന്‍റെ പ്രതികരണത്തല്‍ നിന്നും വ്യക്തമാകുന്നത്. മകൻ തോൽക്കുമെന്ന് അച്ഛനെ കൊണ്ടു പറയിച്ചു. കോൺഗ്രസ് പ്രതീക്ഷിച്ചത് പോലെ ആന്‍റണിക്ക് ചൂടൻ മറുപടി നൽകി അനിൽ ഏറ്റുപിടിച്ചു. അങ്ങനെ കൊണ്ടുകൊടുത്തും പിതൃനിന്ദയിൽ എത്തിനിൽക്കുകയാണിപ്പോള്‍ പത്തനംതിട്ടയിലെ രാഷ്ട്രീയ ചർച്ച.
സംസ്കാരമില്ലാത്ത വാക്കുകള്‍ക്ക് മറുപടിയില്ല; എംഎം ഹസന്‍റെ പരാമര്‍ശത്തില്‍ പ്രതികരിച്ച് അനിൽ ആന്‍റണി