വഴിയിൽ എല്ലു കടിച്ചു കൊണ്ടിരിക്കുന്ന പട്ടിയുടെ അടുത്തു ചെന്നാൽ എല്ല് എടുക്കാൻ ആണെന്ന് കരുതും, പട്ടി എല്ലുമായി ഗുസ്തി തുടരട്ടെ എന്ന് ലോകായുക്ത. 

തിരുവനന്തപുരം: വിവാദങ്ങൾ തുടരുന്നതിനിടെ പ്രതികരണവുമായി ലോകായുക്ത (Lokayukta). ഞങ്ങൾ ഞങ്ങളുടെ ജോലി ചെയ്യും, സെക്ഷൻ 14 പ്രകാരം റിപ്പോർട്ട് നൽകാൻ ഇപ്പോഴും അധികാരമുണ്ടെന്നാണ് പ്രതികരണം. തുടർ നടപടി എന്താണെന്നത് പിന്നീടാണ്. മാധ്യമങ്ങളും രാഷ്ട്രീയക്കാരും പറയുന്നതിന് മറുപടി പറയേണ്ടതില്ലെന്നാണ് ലോകായുക്തയുടെ പ്രതികരണം. കെ ടി ജലീലിന്റെ പേരെടുത്ത് പറയാതെയാണ് വിമ‌ർശനം. അനാവശ്യ ചർച്ചകളിലേക്ക് പോകേണ്ടതില്ല എന്നും ഹിയറിങ്ങിനിടെ ലോകായുക്ത കൂട്ടിച്ചേർത്തു. 

വഴിയിൽ എല്ലു കടിച്ചു കൊണ്ടിരിക്കുന്ന പട്ടിയുടെ അടുത്തു ചെന്നാൽ എല്ല് എടുക്കാൻ ആണെന്ന് കരുതും, പട്ടി എല്ലുമായി ഗുസ്തി തുടരട്ടെ എന്നും ലോകായുക്ത പറഞ്ഞു. 

ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിൽ ഏറെ അനിശ്ചിതത്വത്തിനൊടുവിൽ ഈയാഴ്ചയാണ് ഗവർണ്ണർ ഒപ്പിട്ടത്. പൊതുപ്രവർത്തകരെ കുറ്റക്കാരെന്ന് കണ്ടെത്തുന്ന ലോകായുക്ത വിധിയെ ഇനി മുതൽ സർക്കാറിന് തള്ളിക്കളയാം. രണ്ടാഴ്ച നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് ലോകായുക്ത നിയമഭേദഗതി ഓ‌ർഡിനൻസിൽ ഗവർണ്ണർ ഒപ്പിട്ടത്. ലോകായുക്ത നിയമത്തിലെ പതിനാലാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന സർക്കാർ വിശദീകരണം ശരിവെച്ച് കൊണ്ടാണ് ഗവർണ്ണർ ഒപ്പിട്ടത്.

ഈ കാലയളവിൽ പല തവണ ലോകായുക്തക്കെതിരെ പരിഹാസവുമായി കെ ടി ജലീൽ രംഗത്തെത്തിയിരുന്നു. ചെയ്ത പാപത്തിന്റെ ശമ്പളം പറ്റി ശിരസ്സ് കുനിച്ച് അപമാനിതനായി ഇനി ശിഷ്ടകാലം കഴിക്കാമെന്നായിരുന്നു ജലീലിന്റെ ഈ അടുത്ത കാലത്ത് വന്ന പ്രതികരണം. മഹാത്മാ ഗാന്ധിയുടെ കരങ്ങളിൽ കൊടുത്ത ആയുധം തിരിഞ്ഞു മറിഞ്ഞെത്തിയത് ഗോദ്‌സെയുടെ കയ്യിലാണ്. സമൂഹ നൻമ ലാക്കാക്കി അത് തിരിച്ചു വാങ്ങിയിരിക്കുകയാണെന്നും ജലീൽ ഗവർണർ ഓർഡിനൻസിൽ ഒപ്പിട്ടതിന് പിന്നാലെ ഫേസ്ബുക്കിൽ കുറിച്ചു.

ഇനി സ്വന്തം ഭാര്യാ സഹോദരീ ഭർത്താവിന്റെ ജേഷ്ഠൻ ഫാദർ കോട്ടൂർ ഉൾപ്പടെയുളള അഭയ കേസിലെ പ്രതികളുടെ ശിക്ഷാ കാലാവധി കുറക്കാനുള്ള "യുദ്ധ"ത്തിൽ പൂർണ്ണമായും വ്യാപൃതനാകാം. ഒപ്പം സഹോദര പുത്രിയെ ഉത്തുംഗ പദവിയിൽ എത്തിക്കാനുള്ള കരുനീക്കങ്ങളിൽ സജീവവുമാകാം എന്നും ജലീൽ പോസ്റ്റിൽ പറഞ്ഞിരുന്നു.