ദുരിതാശ്വാസ ഫണ്ട് വകമാറ്റിയ കേസ് പരിഗണിക്കാൻ ലോകായുക്തക്ക് അധികാരമുണ്ടോ എന്നതിലായിരുന്നു ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനും ഉപലോകായുക്ത ജസ്റ്റിസ് ഹാറുൺ അൽ റഷീദിനുമിടയിൽ ഭിന്നത ഉണ്ടായതും കേസ് ഫുൾ ബെഞ്ചിന് വിട്ടതും.

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ട് വകമാറ്റിയ കേസിലെ ഭിന്നവിധിക്കെതിരായ റിവ്യു ഹർജി ലോകായുക്ത നാളെ പരിഗണിക്കും. ഭിന്ന വിധി പറഞ്ഞ ഡിവിഷൻ ബെഞ്ച് തന്നെയാണ് കേസ് പരിഗണിക്കുന്നത്. ഫുൾ ബെഞ്ച് മറ്റന്നാൾ കേസ് പരിഗണിക്കുന്നതിന് മുമ്പാണ് റിവ്യു ഹർജിയിലെ തീർപ്പ് വരുന്നത്. ലോകായുക്ത ഭിന്നവിധിയെ ചൊല്ലിയുള്ള വിവാദങ്ങൾക്കിടെയാണ് വീണ്ടും കേസ് പരിഗണിക്കുന്നത്. ദുരിതാശ്വാസ ഫണ്ട് വകമാറ്റിയ കേസ് പരിഗണിക്കാൻ ലോകായുക്തക്ക് അധികാരമുണ്ടോ എന്നതിലായിരുന്നു ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനും ഉപലോകായുക്ത ജസ്റ്റിസ് ഹാറുൺ അൽ റഷീദിനുമിടയിൽ ഭിന്നത ഉണ്ടായതും കേസ് ഫുൾ ബെഞ്ചിന് വിട്ടതും. എന്നാൽ 2019 ൽ ലോകായുക്ത ജസ്റ്റിസ് പയസ് കുര്യാക്കോസ് അധ്യക്ഷനായ വിശാല ബെഞ്ച് വിശദമായ വാദം കേട്ടശേഷം കേസ് പരിഗണിക്കാൻ അധികാരമുണ്ടെന്ന് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് ചൂണ്ടിക്കാട്ടിയായിരുന്നു പരാതിക്കാരൻ ആർഎസ് ശശികുമാർ ഭിന്ന വിധിക്കെതിരെ റിവ്യുഹർജി നൽകിയത്.

ഫുൾ ബെഞ്ച് വിധി നിലനിൽക്കെ ഭിന്ന വിധിയിൽ നിയമപ്രശ്നമുണ്ടെന്നാണ് പരാതിക്കാരൻ ഉന്നയിച്ചത്. ഒപ്പം കേസിൽ രണ്ട് ന്യായാധിപന്മാരുടേയും നിലപാടുകൾ വിധിയിൽ വിശദമാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതടക്കമുള്ള റിവ്യുവിലെ ഡിവിഷൻ ബെഞ്ച് നിലപാടിലാണ് ഇനി ആകാംക്ഷ. റിവ്യുവിൽ തീർപ്പ് വരാതെ ഫുൾ ബെഞ്ച് കേസ് പരിഗണിക്കരുതെന്നാമണ് പരാതിക്കാരൻറെ വാദം. ഭിന്ന വിധിക്ക് പിന്നാലെ മുഖ്യമന്ത്രിയുടെ ഇഫ്ത്താർ വിരുന്നിൽ ലോകായുക്തയും ഉപലോകായുക്തയും പങ്കെടുത്തതിനെ ചൊല്ലിയും വലിയ വിവാദം നടക്കുന്നതിനിടെയാണ് കേസ് വീണ്ടും ലോകായുക്തയിലെത്തുന്നത്.