തിരുവനന്തപുരം: നിയമസഭാ നടപടികള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ സഭ ടിവി ഇന്നുമുതൽ പ്രവർത്തനം തുടങ്ങും. ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ല ഓണ്‍ലൈന്‍ വഴി സഭ ടിവിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. 

മുഖ്യമന്ത്രിയടക്കം എംഎൽഎമാരും ചടങ്ങിന്റെ ഭാഗമാകും. എന്നാൽ സ്പീക്കറെ നീക്കം ചെയ്യണമെന്ന പ്രമേയം നൽകിയതിനാൽ പ്രതിപക്ഷം പരിപാടി ബഹിഷ്ക്കരിക്കും. പ്രതിപക്ഷ നേതാവും പ്രതിപക്ഷ എംഎൽഎമാരും പങ്കെടുക്കില്ല.

വിവിധ ചാനലുകളില്‍ നിന്ന് ടൈം സ്ലോട്ട് വാങ്ങിയ ശേഷം സഭ ടിവിയുടെ നേതൃത്വത്തില്‍ ചിത്രീകരിച്ച പരിപാടികള്‍ സംപ്രേഷണം ചെയ്യും. ഇതിനു പുറമേ നെറ്റ് ഫ്ളിക്സ് മാതൃകയില്‍ ഒ.ടി.ടി പ്ലാറ്റ്ഫോമും ഇന്ന് പ്രവർത്തനം തുടങ്ങും. 

അതേസമയം ടെണ്ടർ വിളിക്കാതെ സ്വകാര്യ കമ്പനിക്ക് ഓ.ടി.ടി പ്ലാറ്റ്ഫോം തയാറാക്കാനുള്ള അനുമതി നൽകിയതും വിവാദമായിരുന്നു. എന്നാൽ സാങ്കേതിക മികവ് മാത്രമാണ് പരിഗണിച്ചതെന്നായിരുന്നു ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണം.