കൊച്ചി: ലോക്ഡൗൺ തുടങ്ങിയതിനു തൊട്ടുപിന്നാലെ കൊച്ചിയിലെ  വാക്സീൻ വിതരണകേന്ദ്രത്തിനുമുന്നിൽ  പ്രതിഷേധം.പുലർച്ചേ എത്തിയവരോടും  വാക്സിൻ ടോക്കണുകൾ തീർന്നുപോയെന്നാണ് അധികൃതർ അറിയിച്ചത്. ഒടുവിൽ ഏഷ്യാനെറ്റ് ന്യൂസ് വാർ‍ത്തയെത്തുടർന്ന് കൂടുതൽപേർക്ക് ടോക്കൺ നൽകി അധികൃതർ പ്രശ്നം പരിഹരിച്ചു.

കൊച്ചി കലൂരിലെ സർക്കാർ കൊവി‍ഡ് അപെക്സ് സെന്‍ററിനുമുന്നിലാണ് രാവിലെ വൻ തിരക്കനുഭവപ്പെട്ടത്. പ്രായവായവരടക്കം നൂറുകണക്കിനാളുകൾ  വാക്സിൻ ടോക്കണായി ഊഴം കാത്തുനിൽക്കുകയായിരുന്നു. ഉണ്ടായിരുന്ന ടോക്കണുകളെല്ലാം പുലർച്ചെ മൂന്നരയ്ക്കുതന്നെ കൊടുത്തുതീർന്നെന്നാണ്ഇവരെ അറിയിച്ചിത്.  എന്നിട്ടും മണിക്കൂറുകളുടെ കാത്തു നിൽപ്പ്. ഒടുവിൽ ഏഷ്യാനെറ്റ് ന്യൂസ് വാർത്ത പുറത്തുവന്നതോടെ ജില്ലാ ആരോഗ്യവിഭാഗം ഇടപട്ടു . 50 ടോക്കണുകൾ കൂടി നൽകാനും ശേഷിക്കുന്നവരുടെ  ഫോൺ നമ്പർ ശേഖരിച്ച് അടുത്ത ദിവസം അറിയിക്കാനും നിർദേശം നൽകി.

നൂറു ടോക്കണാണ് ഇവിടേക്ക് അനുവദിച്ചിരുന്നതെന്നും ആളുകളുടെ  എണ്ണം ക്രമാതീതമായി ഏറിയതോടെയാണ് ടോക്കൺ വിതരണം നിർത്തിവെച്ചതെന്നുമാണ് അധികൃതരുടെ വിശദീകരണം. പൂലർച്ചെ തന്നെ 50 ടോക്കൺ നൽകി. ആളുകളുടെ എണ്ണം ഏറിയതോടെയാണ് ബാക്കി ടോക്കൺ നൽകാതിരുന്നത്. പിന്നീട് 50 പേർക്കു കൂടി ടോക്കൺ നൽകിയെന്നും അധികൃതർ പറയുന്നു.

അതേസമയം, കൊവിഡ് വ്യാപനം രൂക്ഷമാകുന്ന എറണാകുളത്ത് സ്ഥിതി ആശങ്കാജനകമായി തുടരുകയാണ്. ജില്ലയിലെ എട്ട് പഞ്ചായത്തുകളില്‍ 
കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അന്‍പത് ശതമാനത്തിന് മുകളിലെത്തി. കൊച്ചി കോര്‍പ്പറേഷനിലും മുന്‍സിപ്പാലിറ്റികളിലും സ്ഥിതി രൂക്ഷമാണ്.

ചെല്ലാനം പഞ്ചായത്തിലാണ് ജില്ലയിലെ ഏറ്റവും ഉയര്‍ന്ന ടിപിആര്‍ നിരക്ക്. 56. 27 ശതമാനം. 574 പേരിൽ പരിശോധന നടത്തിയപ്പോൾ 323 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കടമക്കുടി, കുമ്പളങ്ങി പഞ്ചായത്തുകളിലും അതിതീവ്രവ്യാപനം തന്നെയാണ്. ചെല്ലാനം, കടമക്കുടി, കുമ്പളങ്ങി, ചെങ്ങമനാട്, ചൂര്‍ണിക്കര, കടുങ്ങല്ലൂര്‍, തുറവൂര്‍, പള്ളിപ്പുറം എന്നീ പഞ്ചായത്തുകളിലും ടിപിആർ 50 ശതമാനത്തിന് മുകളിൽ. നഗര പ്രദേശങ്ങളോട് ചേര്‍ന്ന് കിടക്കുന്ന എലൂര്‍, മുളവുകാട്, ചേരാനല്ലൂര്‍, വരാപ്പുഴ, ഞാറക്കല്‍ തുടങ്ങി 27 പഞ്ചായത്തുകളില്‍ നാല്‍പതിന് മുകളിലാണ് ടിപിആര്‍. ജില്ലയിലെ 13 മുന്‍സിപ്പാലിറ്റികളിലും കൊച്ചി കോര്‍പ്പറേഷനിലും സ്ഥിതി രൂക്ഷമാണ്. ഏലൂര്‍ മുന്‍സിപ്പാലിറ്റിയില്‍ 48.08 ശതമാനമാണ് ടിപിആര്‍. കളമശേരി, മരട്, തൃപ്പുണിത്തുറ, വടക്കന്‍ പറവൂര്‍ എന്നിവിടങ്ങളിലും കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ കൂടുകയാണ്. 5361പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ജില്ലയില്‍ കോവിഡ് പോസിറ്റീവായി കഴിയുന്നവരുടെ എണ്ണം 64,456 ആയി. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ കോവിഡ് ബാധിതരായുള്ള എറണാകുളത്ത് മുപ്പതിന് മുകളില്‍ തന്നെയാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും. ലോക്ഡൗൺ തുടങ്ങിയ ഇന്ന് മുതൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കുന്നത് ലക്ഷ്യമിട്ടുള്ള നിയന്ത്രണങ്ങളാണ് ജില്ലയിൽ നടപ്പാക്കുന്നത്
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona