ആലുവ പത്തടിപ്പാലത്ത് അമിതവേഗത്തിലെത്തിയ കാർ ബൈക്കിന് പിന്നിലിടിച്ച് കളമശ്ശേരി സ്വദേശി സാജു (64) മരിച്ചു. സംഭവത്തിൽ ഊബർ ടാക്സി ഡ്രൈവറായ പട്ടാമ്പി സ്വദേശി നവാസിനെതിരെ പൊലീസ് മനപ്പൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തു.
കൊച്ചി: ഓടിക്കൊണ്ടിരുന്ന ബൈക്കിന് പിന്നിൽ കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ഒപ്പമുണ്ടായിരുന്ന യുവാവിന് ഗുരുതരമായി പരിക്കേറ്റു. കളമശ്ശേരി സ്വദേശി സാജു (64) ആണ് മരിച്ചത്. സാജുവിൻ്റെ ഒപ്പമുണ്ടായിരുന്ന ബന്ധു ആശിഷിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആലുവ പത്തടിപ്പാലത്ത് ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് അപകടം സംഭവിച്ചത്. കാർ ഡ്രൈവർ പട്ടാമ്പി സ്വദേശി നവാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മനപ്പൂർവമല്ലാത്ത നരഹത്യ കുറ്റം ചുമത്തി ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
ഊബർ ടാക്‌സി ഡ്രൈവറാണ് നവാസ്. ഇദ്ദേഹമോടിച്ചിരുന്ന കാർ അമിതവേഗത്തിൽ മുന്നിൽ പോയ ബൈക്കിൽ ഇടിക്കുകയായിരുന്നു. കാറിനടിയിൽപെട്ട ബൈക്കുമായി മുന്നോട്ട് നിരങ്ങിനീങ്ങിയ വാഹനം റോഡരികിൽ പാർക്ക് ചെയ്ത മറ്റൊരു കാറിലേക്ക് ഇടിച്ചുകയറി. ഇതോടെ ബൈക്ക് രണ്ട് കാറുകൾക്കും അടിയിൽ അകപ്പെട്ടു. സാജു സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ആശിഷിന് കാലിനടക്കം ഗുരുതര പരിക്കേറ്റതായാണ് പൊലീസ് പറയുന്നത്. അപകടത്തിൽപെട്ട ബൈക്ക് പൂർണമായും തകർന്നു. കാറും ഭാഗികമായി തകർന്നിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.നരഹത്യക്ക് കേസെടുത്തു. മൃതദേഹം പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.


