കുഞ്ചൻ നമ്പ്യാർ സ്മാരകത്തിന്‍റെ കാവൽക്കാരനായി ആറു പതിറ്റാണ്ടോളം പ്രവർത്തിച്ച ആമയിട സ്വദേശി പങ്കജാക്ഷൻ നായർ (പങ്കൻ ചേട്ടൻ- 85) അന്തരിച്ചു
ആലപ്പുഴ: കുഞ്ചൻ നമ്പ്യാർ സ്മാരകത്തിന്‍റെ കാവൽക്കാരനായി ആറു പതിറ്റാണ്ടോളം പ്രവർത്തിച്ച ആമയിട സ്വദേശി പങ്കജാക്ഷൻ നായർ (പങ്കൻ ചേട്ടൻ- 85) അന്തരിച്ചു. കുറഞ്ഞ ശമ്പളത്തിൽ ജീവിതാവസാനം വരെ സ്മാരകത്തിലെ ഏക ജീവനക്കാരനായിരുന്ന അദ്ദേഹം തുള്ളൽ കലയുടെയും വലിയ പ്രോത്സാഹകനായിരുന്നു. സ്മാരകത്തിലെത്തുന്ന സന്ദർശകർക്കെല്ലാം സ്വന്തം തറവാട്ടിലെ കാരണവരെപ്പോലെയായിരുന്നു പങ്കൻ ചേട്ടൻ. റിട്ട. അധ്യാപിക പത്മാക്ഷിയാണ് ഭാര്യ. മക്കൾ: ജയലക്ഷ്മി, ജ്യോതിലക്ഷ്മി. മരുമക്കൾ: പ്രസാദ് കുമാർ, സതീഷ് കുമാർ.
1967ൽ അന്നത്തെ മുഖ്യമന്ത്രി സി എച്ച് മുഹമ്മദ് കോയയാണ് സ്മാരകത്തിന്റെ താക്കോൽ പങ്കജാക്ഷൻ നായരെ ഏൽപ്പിക്കുന്നത്. സ്മാരകത്തിന്റെ ആദ്യകാല ചെയർമാനായിരുന്ന സാഹിത്യകുലപതി തകഴി ശിവശങ്കരപ്പിള്ളയാണ് അദ്ദേഹത്തെ സ്ഥിരം ജീവനക്കാരനായി നിയമിച്ചത്. തുടർന്ന് മാറിവന്ന മാനേജിങ് കമ്മിറ്റികളുടെയെല്ലാം ജീവനാടിയായി പങ്കൻ ചേട്ടൻ മാറി. തകഴി ശിവശങ്കരപ്പിള്ള, ആർ എസ് പി നേതാവും മുൻ കൊല്ലം എം പിയുമായ എൻ ശ്രീകണ്ഠൻ നായർ, കാവാലം നാരായണ പണിക്കർ, ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ പി എൻ പണിക്കർ, പള്ളാത്ത് ജി എം നായർ, മുൻ എം എൽ എ കെ കെ കുമാരപിള്ള, ചെല്ലപ്പൻ നായർ, പ്രൊഫ അമ്പലപ്പുഴ രാമവർമ്മ, ഡോ. അമ്പലപ്പുഴ ഗോപകുമാർ, ഡോ. പള്ളിപ്പുറം മുരളി, പൂച്ചാക്കൽ ഷാഹുൽ, പ്രൊഫ പ്രയാർ പ്രഭാകരൻ, വയലാർ ശരത്ചന്ദ്ര വർമ്മ, സാഹിത്യ പ്രവർത്തക സഹകരണ സംഘം മുൻ പ്രസിഡന്റ് ശിവരാമൻ ചെറിയനാട്, ഡോ. ഏവൂർ പരമേശ്വരൻ, മുൻ മന്ത്രി ജി സുധാകരൻ, ദേവദത്ത് ജി പുറക്കാട്, ഡോ. നെടുമുടി ഹരികുമാർ, ജി ശശിധരൻ പിള്ള, ഷാജി പാണ്ഡവത്ത്, തകഴി ശങ്കരനാരായണൻ തുടങ്ങി നിരവധി പ്രമുഖരുടെ സന്തതസഹചാരിയായിരുന്നു അദ്ദേഹം.
സ്മാരകത്തിലെത്തുന്ന സാഹിത്യകാരന്മാരുടെയും എഴുത്തുകാരുടെയും പ്രധാന ആശ്രയമായിരുന്നു പങ്കൻ ചേട്ടൻ. 1980കളിൽ എം ടി വാസുദേവൻ നായർ തകഴിയെ കാണാനായി ശങ്കരമംഗലത്തെത്തി കാണാതായപ്പോൾ കുഞ്ചൻ സ്മാരകത്തിലെത്തി പങ്കൻ ചേട്ടനോട് തിരക്കിയാണ് അദ്ദേഹത്തെ കണ്ടെത്തിയത്. ചലച്ചിത്രതാരം തിക്കുറുശ്ശി സുകുമാരൻ നായർ, കവി കടമ്മനിട്ട രാമകൃഷ്ണൻ എന്നിവർ അമ്പലപ്പുഴയിലെത്തുമ്പോഴെല്ലാം സത്രത്തിൽ മുറികൾ ശരിയാക്കിക്കൊടുത്തിരുന്നതും അദ്ദേഹമായിരുന്നു. പ്രശസ്ത തുള്ളൽ കലാകാരൻ ഏവൂർ ദാമോദരൻ പിള്ള സ്മാരകത്തിലെത്തി തുള്ളൽ ഗ്രന്ഥങ്ങൾ പങ്കൻ ചേട്ടനിൽനിന്ന് വാങ്ങിയാണ് പഠനം നടത്തിയിരുന്നത്. സന്ദർശകർക്ക് താങ്ങും തണലുമായിനിന്ന ഈ നിസ്വാർഥ സേവകന്റെ വിയോഗം തുള്ളൽ കലയ്ക്കും അമ്പലപ്പുഴയ്ക്കും വലിയ നഷ്ടമാണ്.



