ബെംഗളൂരുവിലേക്കുള്ള ട്രെയിനില്‍ കയറി പോയ യുവാവും പെണ്‍കുട്ടിയും യാത്ര പൂര്‍ത്തിയാകാതെ ഇടയ്ക്ക് ഏതോ സ്റ്റേഷനില്‍ ഇറങ്ങിയെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ ഭരണകക്ഷിക്ക് പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
കൊല്ലം: സിപിഎം നേതാവിന്‍റെ മകൻ തട്ടിക്കൊണ്ടു പോയ രാജസ്ഥാന്‍ സ്വദേശിനിയായ പതിമൂന്നുകാരിയെ അഞ്ച് ദിവസം കഴിഞ്ഞിട്ടും കണ്ടെത്താന്‍ സാധിച്ചില്ല. കേരളത്തിന് പുറത്തേക്ക് പൊലീസ് അന്വേഷണം വിപുലീകരിച്ചിട്ടും പ്രതിയേയോ കാണാതായ പെണ്‍കുട്ടിയേയോ കണ്ടുപിടിക്കാന്‍ സാധിക്കാത്തത് കേരള പൊലീസിനേയും സര്‍ക്കാരിനേയും ഒരു പോലെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്.
പെണ്‍കുട്ടിയെ തിരികെ എത്തിക്കാത്തതില്‍ പ്രതിഷേധിച്ച് കൊല്ലം ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്ണ ഇന്ന് പെണ്‍കുട്ടിയുടെ വീടിന് മുന്നില്‍ 24 മണിക്കൂര്‍ ഉപവാസസമരം നടത്തുന്നുണ്ട്. ഉപവാസം ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രൂക്ഷവിമര്‍ശനമാണ് പൊലീസിനും സര്‍ക്കാരിനും നേരെ ഉന്നയിച്ചത്.
പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ പൊലീസ് അന്വേഷണം നിഷ്ക്രിയമാണെന്ന് ചെന്നിത്തല ആരോപിച്ചു. സംഭവത്തില്‍ ഭരണകക്ഷിയുടെ ഇടപെടലുണ്ടെന്നും പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയവര്‍ക്ക് ഭരണകക്ഷിയുടെ പിന്തുണയുണ്ടെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
റോഡരികില്‍ ശില്‍പങ്ങളുണ്ടാക്കി വിറ്റു ജീവിക്കുന്ന രാജസ്ഥാന്‍ കുടുംബത്തിലെ അംഗമായ പെണ്‍കുട്ടിയെയാണ് ഓച്ചിറയിലെ സിപിഎം നേതാവിന്‍റെ മകന്‍ കടത്തി കൊണ്ടു പോയത്. മൂന്ന് സുഹൃത്തുകള്‍ക്കൊപ്പം പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ മുഖ്യപ്രതി മുഹമ്മദ് റോഷന്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളെ ഭീഷണിപ്പെടുത്തിയാണ് പെണ്‍കുട്ടിയേയും കൊണ്ടു പോയത്.
13 വയസ്സുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയിട്ട് അഞ്ച് ദിവസമായിട്ടും പെണ്‍കുട്ടിയേയോ യുവാവിനേയോ ഇതുവരെ കണ്ടെത്താന്‍ പൊലീസിന് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് പൊലീസ് ഇപ്പോള്‍ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. ബെംഗളൂരുവിനും രാജസ്ഥാനും പുറമേ മലബാര്‍ ഭാഗത്തേക്കും പൊലീസ് അന്വേഷണം വ്യാപിച്ചിട്ടുണ്ട്.
ഓച്ചിറ എസ്ഐയും സിഐയും ചേര്‍ന്നാണ് കേസ് അന്വേഷിക്കുന്നത് എന്നാല്‍ ഫലം ഉണ്ടാവാത്തതിനെ തുടര്‍ന്ന് അന്വേഷണം കരുനാഗപ്പള്ളി അസി.കമ്മീഷണറെ ഏല്‍പിച്ചിരിക്കുകയാണ്. ഡിജിപി നേരിട്ട് തന്നെ അന്വേഷണസംഘവുമായി നേരത്തെ സംസാരിച്ചിരുന്നു. തെരഞ്ഞെടുപ്പ് അടുത്ത കാലത്ത് ഉണ്ടായ കൗമാരക്കാരിയുടെ തിരോധനവും സംഭവത്തില്‍ സിപിഎം നേതാവിന്‍റെ മകന്‍ പ്രതിസ്ഥാനത്ത് വന്നതും സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്.
ഓച്ചിറ പൊലീസിന്‍റെ രണ്ട് സംഘങ്ങള്‍ ബെംഗളൂരുവിലും രാജസ്ഥാനിലും പെണ്‍കുട്ടിയേയും പ്രതിയായ യുവാവിനേയും തേടി പോയിട്ടുണ്ട്. ബെംഗളൂരുവിലേക്കുള്ള ട്രെയിനില്‍ കയറി പോയ യുവാവും പെണ്‍കുട്ടിയും യാത്ര പൂര്‍ത്തിയാകാതെ ഇടയ്ക്ക് ഏതോ സ്റ്റേഷനില്‍ ഇറങ്ങിയെന്നാണ് പൊലീസ് പറയുന്നത്. ബൈക്ക് വിറ്റ വകയില്‍ അറുപതിനായിരത്തോളം രൂപ യുവാവിന്‍റെ കൈവശമുണ്ടെന്നാണ് വിവരം. ഈ പണം വച്ചാണ് ഇവര്‍ നിരന്തരം യാത്ര ചെയ്യുന്നത്. രണ്ട് പേരും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതിനാല്‍ ഇവരെ പിന്തുടരാന്‍ പറ്റാത്ത സാഹചര്യമുണ്ട്.
