. ബൈക്കിലെത്തിയ സംഘമാണ് കല്ലേറ് നടത്തിയത്. ലോറിയുടെ ചില്ല് പൊട്ടി. കല്ല് വന്ന് മൂക്കിനിടിച്ചു
കോഴിക്കോട് : കോഴിക്കോട്ട് നിർത്തിയിട്ട ലോറിക്ക് നേരെ പോപ്പുലർ ഫ്രണ്ട് സമരാനുകൂലികൾ നടത്തിയ കല്ലേറിൽ ഡ്രൈവർക്ക് പരിക്കേറ്റു. ലോറി ഡ്രൈവർ വർക്കല സ്വദേശി ജിനു ഹബീബുള്ളയ്ക്കാണ് പരിക്കേറ്റത്. കോഴിക്കോട് പുഷ്പ ജങ്ഷനിൽ വെച്ചാണ് സംഭവം.
ലോറി നിർത്തിയിട്ടിരിക്കെയാണ് ആക്രമണമുണ്ടായതെന്ന് ഡ്രൈവര്‍ ജിനു വിശദീകരിച്ചു. ബൈക്കിലെത്തിയ സംഘമാണ് കല്ലേറ് നടത്തിയത്. ലോറിയുടെ ചില്ല് പൊട്ടി. കല്ല് വന്ന് മൂക്കിനിടിച്ചു. പൊട്ടിയ ചില്ല് കണ്ണിൽ കയറി. സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ട് മണിക്കൂറോളം അവിടെയിരുത്തിയെന്നും ആശുപത്രിയിൽ നിന്നും മതിയായ ചികിത്സ കിട്ടിയില്ലെന്നും ജിനു വിശദീകരിച്ചു. കോഴിക്കോട് നിന്നും ഈറോഡേക്ക് പോകുന്ന ലോറിയുടെ ഡ്രൈവറാണ് ജിനു. ആദ്യം സ്വകാര്യ ആശുപത്രിയിലെത്തിച്ച ജിനുവിനെ പൊലീസുകാരാണ് പിന്നീട് ബിച്ച് ആശുപത്രിയിലേക്ക് മാറ്റിയത്. ഗുരുതരപരിക്കാണ് ജിനുവിനുള്ളതെന്നും മെഡിക്കൽ കോളേജിലേക്ക് മാറ്റിയേക്കുമെന്നുമാണ് വിവരം.
വ്യാപക ആക്രമണം; കൊല്ലത്ത് ഹർത്താൽ അനുകൂലി പൊലീസുകാരെ ബൈക്കിടിച്ച് വീഴ്ത്തി
അതിനിടെ കോട്ടയം ഈരാറ്റുപേട്ടയിൽ വാഹനങ്ങൾ തടഞ്ഞ് സംഘർഷാവസ്ഥ സൃഷ്ടിച്ച പോപ്പുലർ ഫ്രണ്ട് ഹർത്താൽ അനുകൂലികൾക്ക് നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി. അഞ്ച് പിഎഫ് ഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 100 ഓളം പേരെ കരുതൽ തടവിലാക്കി ഈരാറ്റുപേട്ട, പാലാ പൊലീസ് സ്റ്റേഷനുകളിലേക്ക് മാറ്റി.
ഈരാറ്റുപേട്ടയിൽ രാവിലെ ഏഴുമണിയോടെ സംഘടിച്ചെത്തിയ സമരാനുകൂലികൾ നടുറോഡിലിറങ്ങി വാഹനങ്ങൾ തടയുകയും കടകളടപ്പിക്കുകയും ചെയ്തതതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. പൊതുജനങ്ങളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യവുമുണ്ടായതോടെ സംഘർഷാവസ്ഥയുണ്ടായി. ഇതോടെയാണ് പൊലീസ് സംഘമെത്തി സമരാനുകൂലികളെ നീക്കാനായി ലാത്തിച്ചാർജ് നടത്തിയത്. ഈരാറ്റുപേട്ടയിൽ നഗരത്തിൽ സംഘർഷ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ കൂടുതൽ പൊലീസുകാരെ വിന്യസിച്ചു. പാലാ ഡിവൈഎസ്പി ഗിരീഷ് പി സാരഥിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്ത് പട്രോളിംഗ് നടത്തുന്നത്.
