Asianet News Malayalam

ദുരിതത്തിൽ താങ്ങായിരുന്ന ലോട്ടറി വിൽപ്പന നിന്നു, വരുമാനം നിലച്ചു, വീണ്ടും തുടങ്ങാൻ സർക്കാർ കനിയണമെന്ന് അനു

ലോട്ടറി കച്ചവടം തുടങ്ങിയാലും വില്‍പ്പനയ്ക്കുളള ടിക്കറ്റ് വാങ്ങാനുളള പണം പോലും അനുവടക്കം സംസ്ഥാനത്തെ ചെറുകിട ലോട്ടറി കച്ചവടക്കാരുടെ കൈയില്‍ ഇല്ലെന്നതാണ് വസ്തുത

Lottery sellers have no money, need government help amid covid lockdown
Author
Kollam, First Published Jun 17, 2021, 2:39 PM IST
  • Facebook
  • Twitter
  • Whatsapp

കൊല്ലം: കൊല്ലം: അന്ധതയും അപസ്മാരവും ബാധിച്ച മകന്‍, ഇരുവൃക്കകളും തകരാറിലായ ഭര്‍ത്താവ്, ഈ ദുഖങ്ങള്‍ക്കിടയില്‍ ആകെയുണ്ടായിരുന്ന ഉപജീവന മാര്‍ഗമായ ലോട്ടറി കച്ചവടവും നിലച്ചതോടെ സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെയാണ് കൊല്ലം മേലില സ്വദേശിനിയായ അനു എന്ന വീട്ടമ്മ കടന്നു പോകുന്നത്. 

മകന്റെ ചികിത്സയുമായിരിക്കെയാണ് ഭർത്താവിന്റെ വൃക്ക തകരാറിലായത്. ട്രാൻസ്പ്ലാന്റ് ചെയ്യാൻ ശ്രമിക്കുന്നുണ്ടായിരുന്നെങ്കിലും പല കാരണങ്ങളാൽ മുടങ്ങി. ഒരു മകളുമുണ്ട്. മകന്റെയും ഭർത്താവിന്റെയും ചികിത്സ, മകളുടെ പഠനം എല്ലാത്തിനുമൊരു വഴി എന്ന നിലയിലാണ് അനു ലോട്ടറി കച്ചവടത്തിനിറങ്ങിയത്. പ്രൈവറ്റ് സ്ഥാപനങ്ങളിൽ ജോലിക്ക് പോയാൽ മകനെ നോക്കുക എളുപ്പമായിരിക്കില്ലെന്നതിനാൽ കൂടിയാണ് ലോട്ടറി വിൽപ്പന തന്നെ തിരഞ്ഞെടുത്തതെന്നും അനു പറയുന്നു.

നാല് വർഷമായി ലോട്ടറി കച്ചവടംകൊണ്ടാണ് അനു ജീവിച്ചുപോയിരുന്നത്. എന്നാൽ ലോക്ക്ഡൌൺ ആയതോടെ കഴിഞ്ഞ ഒന്നരമാസമായി അനുവടക്കമുള്ള ലോട്ടറി കച്ചവടക്കാർക്ക് ജോലിയില്ല. വീണ്ടും ലോട്ടറി തുടങ്ങിയാൽ മാത്രമേ ഇനി ഒരു വരുമാനം ഉണ്ടാകൂ. ലോട്ടറി കച്ചവടം തുടങ്ങിയാലും വില്‍പ്പനയ്ക്കുളള ടിക്കറ്റ് വാങ്ങാനുളള പണം പോലും അനുവടക്കം സംസ്ഥാനത്തെ ചെറുകിട ലോട്ടറി കച്ചവടക്കാരുടെ കൈയില്‍ ഇല്ലെന്നതാണ് വസ്തുത.

Read More: കൊവിഡിൽ കുടുങ്ങി ലോട്ടറി മേഖല; വരുമാനമില്ലാതെ ദുരിതംപേറി കച്ചവടക്കാർ

നിലവിൽ ഒരു രൂപപോലും വരുമാനമില്ല. ഇനി ആദ്യം മുതൽ ലോട്ടറി കച്ചവടം ആരംഭിക്കാനുള്ള പണമൊന്നും കയ്യിലില്ല. അത് തന്ന് സർക്കാ‍ർ സഹായിക്കണമെന്നാണ് അനു പറയുന്നത്. അല്ലെങ്കിൽ രണ്ടോ മൂന്നോ ദിവസത്തെ ടിക്കറ്റെങ്കിലും നൽകണമെന്നും കയ്യയച്ച് സഹായിക്കണമെന്നും അനു ആവശ്യപ്പെടുന്നു. 

കൊവിഡ് രണ്ടാംതരംഗത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ വരുമാനമില്ലാതെ പട്ടിണിയിലേക്ക് നീങ്ങുകയാണ് ലോട്ടറി വില്പനക്കാർ. സംസ്ഥാനത്ത് 55,500 ഏജന്റുമാരും ഒന്നര ലക്ഷത്തിലധികം വില്പനക്കാരുമുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ചില്ലറ വില്പന നടത്തുന്നവരിൽ ഏറെയും അംഗപരിമിതരും മറ്റ് ജോലിക്ക് പോകാനാകാത്തവരുമാണ് കഴിഞ്ഞ ലോക്ക്ഡൗൺ കാലത്ത് അടിയന്തര സഹായമായി 1000 രൂപ സർക്കാർ നൽകിയിരുന്നു. കൂടാതെ 2500 രൂപയുടെ തിരിച്ചടവില്ലാത്ത സഹായവും. ഇത്തവണ ക്ഷേമനിധി അംഗങ്ങൾക്ക് 1000 രൂപ പ്രഖ്യാപിച്ചതല്ലാതെ മറ്റ് ആനൂകൂല്യങ്ങമൊന്നും പ്രഖ്യാപിച്ചിട്ടില്ല.

ലോക്ക്ഡൗണോടെ കഴിഞ്ഞ ആഴ്ചകളിലായി നറുക്കെടുക്കേണ്ട സ്ത്രീശക്തി, അക്ഷയ, നിർമ്മൽ, കാരുണ്യ പ്ലസ്, ഭാഗ്യമിത്ര തുടങ്ങിയ ടിക്കറ്റുകൾ കടകളിൽ കെട്ടിക്കിടക്കുകയാണ്. ഇതുകൂടാതെ വിഷുബംബറും നറുക്കെടുക്കാനുണ്ട്. ആലപ്പുഴ ,ചേര്‍ത്തല നഗരത്തിലും അമ്പലപ്പുഴ, കായംകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹോൾ സെയിൽ ഏജൻസികളിൽ 45,000 ടിക്കറ്റ് വരെ വില്പന നടത്തുന്നവരുണ്ട്. നൂറ് മുതൽ 2500 ടിക്കറ്റുകൾ വരെ ചെറിയ ഏജൻസികൾ വില്പന നടത്താറുണ്ട്. നടന്ന് വിൽക്കുന്നവർ പ്രതിദിനം 60 മുതൽ 100 ടിക്കറ്റും വിൽക്കാറുണ്ട്. ലോക്ക്ഡൗൺ പിൻവലിച്ചാലും മേഖല തിരിച്ചുവരാൻ സമയമെടുക്കും.

ആഴ്ചയിൽ മൂന്നുദിവസമായി നറുക്കെടുപ്പ് ചുരുങ്ങിയേക്കുമെന്നാണ് സൂചനകൾ. ഇത്തവണത്തെ ബജറ്റിൽ ലോട്ടറി മേഖലയെ കുറിച്ച് ഒരു പരമാർശവും നടത്തിയിട്ടില്ലെന്നും ചെറുകിട കച്ചവടക്കാർ പറയുന്നു. സർക്കാറിന്റെ ഭാഗത്തുനിന്നും കാര്യമായ സഹായങ്ങളില്ലാതെ മുന്നോട്ട് പോകാനാകില്ലെന്നാണ് ഇവരുടെ അഭിപ്രായം. ഇത്തവണത്തെ ലോക്ക്ഡൗൺ ദുരിതത്തിൽ നിന്നും കരകയറ്റാൻ 5000 രൂപയുടെ ധനസഹായവും 5000 രൂപക്കുള്ള കൂപ്പണുകളും ചെറുകിട കച്ചവടക്കാർക്ക് അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios