Asianet News MalayalamAsianet News Malayalam

പരിപാടിയിൽ നിന്നും ആൻ്റണി രാജു വിട്ടു നിന്നുവെന്ന വാര്‍ത്ത തെറ്റെന്ന്: ലൂര്‍ദ് ആശുപത്രി

 തിരക്കുകൾ കാരണം പരിപാടിയിൽ  എത്തിച്ചേരാൻ സാധിക്കില്ലെന്ന് അദ്ദേഹം മുൻകൂട്ടി അറിയിച്ചിരുന്നു. അതിനനുസരിച്ചാണ് ആശുപത്രിയിലെ പരിപാടിക്കായി മറ്റ് അതിഥികളെ തീരുമാനിച്ചത്

Lourdes Hospital about Antony raju skipping function
Author
First Published Dec 3, 2022, 7:14 PM IST

കൊച്ചി: കൊച്ചി ലൂർദ് ആശുപത്രിയിലെ ആഘോഷ പരിപാടികളുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ തെറ്റിദ്ധാരണ ജനകമെന്ന് ലൂർദ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാ. ഷൈജു തൊപ്പിൽ. ലൂർദ് ആശുപത്രിയിൽ സമഗ്ര അപസ്മാര ചികിത്സാ സംവിധാനങ്ങളും ലൂർദ് ഡിബിഎസ് പ്രോഗ്രാമിന്റെ രണ്ടാം വാർഷികവും ഉദ്ഘാടനം ചെയ്യുന്നത് ഗതാഗത മന്ത്രി ആൻ്റണി രാജു ആണെന്നാണ് തീരുമാനിച്ചിരുന്നത്. 

എന്നാൽ  തിരക്കുകൾ കാരണം പരിപാടിയിൽ  എത്തിച്ചേരാൻ സാധിക്കില്ലെന്ന് അദ്ദേഹം മുൻകൂട്ടി അറിയിച്ചിരുന്നു. അതിനനുസരിച്ചാണ് ആശുപത്രിയിലെ പരിപാടിക്കായി മറ്റ് അതിഥികളെ തീരുമാനിച്ചത്. കൊച്ചിയിൽ ഒന്നിലേറെ ചടങ്ങുകളിൽ പങ്കെടുക്കാൻ ഉള്ളതിനാൽ സമയത്ത് എത്തിച്ചേരാനുള്ള ബുദ്ധിമുട്ട് വിശദീകരിച്ചാണ് ഗതാഗതമന്ത്രി പരിപാടിയിൽ നിന്നും വിട്ടു നിന്നതെന്നും എന്നാൽ ഇന്ന് തന്ന കൊച്ചിയിൽ നടന്ന മറ്റൊരു പരിപാടിയിൽ കേരള കണ്‍സ്യൂമര്‍ പ്രൊട്ടക്ഷൻ അവാര്‍ഡ് ലൂര്‍ദ് ആശുപത്രിക്ക് ഗതാഗതമന്ത്രി സമ്മാനിച്ചിരുന്നുവെന്നും ഫാദര്‍ ഷൈജു അഗസ്റ്റിൻ തോപ്പിൽ പറഞ്ഞു.

കൊച്ചി ലൂര്‍ദ് ആശുപത്രിയിലെ ചടങ്ങില്‍ നിന്നാണ് ഇന്ന് രാവിലെ ഗതാഗതമന്ത്രി ആന്‍റണി രാജു പിന്മാറിയത്. തിരക്ക് ഉള്ളതിനാൽ പങ്കെടുക്കാനാകില്ലെന്ന് ഇന്നലെ വൈകുന്നേരം മന്ത്രി അറിയിക്കുകയായിരുന്നു. പക്ഷേ, മന്ത്രി ഇന്ന് കൊച്ചിയിൽ വിവിധ പരിപാടികളിൽ പങ്കെടുത്തിരുന്നു. മന്ത്രിക്ക് പകരം ബിഗ്ബോസ് താരത്തെ മുഖ്യാതിഥിയാക്കിയാണ് പിന്നീട് ആശുപത്രി അധികൃതര്‍ പരിപാടി നടത്തിയത്. 

ലത്തീന്‍ സഭയുമായുള്ള പ്രശ്നങ്ങൾ നിലനിൽക്കെയാണ് കൊച്ചിയിലെ സഭ ഉടമസ്ഥതയിലുള്ള ആശുപത്രിയിലെ പരിപാടിയിൽ നിന്ന് മന്ത്രി ആന്റണി രാജു വിട്ടുനിന്നത്. നേരത്തെ തന്നെ മന്ത്രിയിൽ നിന്ന് അനുമതി വാങ്ങി ക്ഷണപത്രിക അടക്കം ആശുപത്രി തയാറാക്കിയിരുന്നു. വരാപ്പുഴ അതിരൂപത ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ പരിപാടിയിൽ നിന്നും വിട്ട് നിൽക്കാൻ തീരുമാനിച്ചതിനെ തുടർന്നാണ് മന്ത്രി പരിപാടി ഒഴിവാക്കിയത്.

Follow Us:
Download App:
  • android
  • ios