സെക്രട്ടറിയേറ്റിന് മുന്നിൽ ആറ് ദിവസമായി നിരാഹാര സമരം അനുഷ്ഠിച്ചിരുന്ന എൽപിഎസ്ടി ഉദ്യോഗാർഥി വളർമതിയെ ആരോഗ്യനില മോശമായതിനെ തുടർന്ന് പൊലീസ് ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി. ഇതിനെ തുടർന്ന് പൊലീസും സമരക്കാരും തമ്മിൽ സംഘർഷമുണ്ടായി
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ ആറ് ദിവസമായി നിരാഹാര സമരം അനുഷ്ഠിച്ചിരുന്ന എൽ പി എസ് ടി ഉദ്യോഗാർഥി വളർമതിയുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. ഡോക്ടർമാർ നടത്തിയ പരിശോധനയിൽ വളർമതിയുടെ രക്തസമ്മർദ്ദം ഉയർന്ന നിലയിലാണെന്നും പൾസ് നിരക്ക് കുറവാണെന്നും കണ്ടെത്തിയിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചു വിദഗ്ദ്ധ പരിശോധന നടത്തണമെന്ന് ഡോക്ടർമാർ ആവശ്യപ്പെട്ടെങ്കിലും വളർമതിയെ കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന നിലപാടിൽ സമരക്കാർ ഉറച്ചുനിന്നു. ഇത് പൊലീസും സമരക്കാരും തമ്മിൽ രൂക്ഷമായ വാക്തർക്കത്തിനും സംഘർഷത്തിനും വഴിവെച്ചു. പ്രതിഷേധം ശക്തമായതിനെ തുടർന്ന് എ ബി വി പി പ്രവർത്തകർ ഉൾപ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയ ശേഷമാണ് വളർമതിയെ ആശുപത്രിയിലേക്ക് മാറ്റിയത്. അതേസമയം പൊലീസിന്റെ നടപടിയിൽ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിന് മുന്നിലെ സമരം കൂടുതൽ ശക്തമാക്കുമെന്ന് എൽ പി എസ് ടി ഉദ്യോഗാർഥികൾ അറിയിച്ചു. വളർമതിയെ അറസ്റ്റ് ചെയ്ത സാഹചര്യത്തിൽ സമരക്കാർ ഒന്നടങ്കം നിരാഹാര സമരത്തിലേക്ക് കടക്കുമെന്നും സമരം കൂടുതൽ പ്രക്ഷോഭകരമായി തുടരുമെന്നും അവർ പ്രഖ്യാപിച്ചു.
തലമുണ്ഡനം ചെയ്ത് വളർമതി
സെക്രട്ടറിയേറ്റിന് മുന്നിൽ തിങ്കളാഴ്ച മുതലാണ് പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായി എൽ പി എസ് ടി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ നിരാഹാര സമരം പ്രഖ്യാപിച്ചത്. സമരസമിതി നേതാവ് വളർമതി തല മുണ്ഡനം ചെയ്തായിരുന്നു നിരാഹാര സമരം ആരംഭിച്ചത്. ആദ്യഘട്ട സമരത്തിന് പിന്നാലെ സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കാതെ വന്നതോടെയാണ് സമരം ശക്തമാക്കാൻ ഉദ്യോഗാർത്ഥികൾ തീരുമാനിച്ചത്. വിദ്യാർത്ഥി അധ്യാപക അനുപാതം കുറയ്ക്കുക, ഉദ്യോഗാർത്ഥികൾക്ക് നിയമനത്തിനുള്ള നടപടികൾ സ്വീകരിക്കുക, എയ്ഡഡ് സ്കൂളുകളിലെ നിയമനങ്ങൾ വേഗത്തിലാക്കാനുള്ള സർക്കുലർ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് രണ്ടാംഘട്ട സമരം ആരംഭിച്ചത്.
ആശയങ്ങളുടെ ഉത്സവം- അഗോറയില് രജിസ്റ്റര് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക





