ലോക കേരള സഭക്ക് വന്ന, പ്രവാസികൾ സ്വന്തം കാശിന് ടിക്കറ്റ് എടുത്താണ് വന്നത്. പ്രവാസികളുടെ കാര്യത്തിൽ പ്രതിപക്ഷവും ഭരണപക്ഷവും ഒന്നിക്കണമെന്ന് യൂസഫലി.

തിരുവനന്തപുരം; ലോക കേരള സഭ വലിയ ധൂര്‍ത്തെന്ന ആക്ഷേപം തള്ളി പ്രമുഖ വ്യവസായി എം എ യൂസഫലി. ലോക കേരളസഭയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ലോക കേരള സഭക്ക് വന്ന പ്രവാസികൾ സ്വന്തം കാശെടുത്താണ് ടിക്കറ്റ് എടുത്തത്. പ്രവാസികളുടെ കാര്യത്തിൽ പ്രതിപക്ഷവും ഭരണപക്ഷവും ഒന്നിക്കണമെന്ന് യൂസഫലി പറഞ്ഞു.

പ്രവാസികൾക്ക് താമസവും ഭക്ഷണവും നൽകുന്നതാണോ ധൂർത്ത്? ധൂർത്തെന്ന് ആരോപിച്ച് ആവശ്യമില്ലാത്ത കാര്യങ്ങൾ പെരുപ്പിച്ച് കാണിക്കരുത്. കെഎംസിസി നേതാക്കൾ പരിപാടിയില്‍ പങ്കെടുക്കുന്നു, അവരുടെ നേതാക്കൾ ഇല്ല, അണികൾ ഇല്ലെങ്കിൽ പിന്നെന്ത് നേതാക്കൾ എന്നും യൂസഫലി ചോദിച്ചു. പ്രവാസികളുടെ കാര്യത്തിൽ പ്രതിപക്ഷവും ഭരണപക്ഷവും വ്യത്യസ്തത കാണരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രവാസികളുടെ കാര്യത്തിൽ പ്രതിപക്ഷവും ഭരണപക്ഷവും ഒന്നിക്കണമെന്ന് എംഎ യൂസഫലി | M A Yusuff Ali

കേന്ദ്രസര്‍ക്കാരിനെതിരെ മുഖ്യമന്ത്രി

മൂന്നാം ലോക കേരള സഭയുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് വിട്ടുനിന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നത്ത പരിപാടികളിലും പങ്കെടുത്തില്ല. ആരോഗ്യപരമായ കാരണങ്ങളാലാണ് മുഖ്യമന്ത്രി വിട്ടുനിൽക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.മുഖ്യമന്ത്രിയുടെ സന്ദേശം മന്ത്രി പി.രാജീവ് വായിച്ചു.

പ്രവാസി സമൂഹത്തിന്‍റെ പണം മാത്രമല്ല അവരുടെ പങ്കാളിത്തവും ആശയങ്ങളും എല്ലാമാണ് ലോക കേരള സഭകൊണ്ട് ലക്ഷ്യമിട്ടത്. ദീർഘകാല വികസന നയ സമീപനങ്ങളാണ് പ്രവാസികളുടെ പങ്കാളിത്തത്തോടെ നടത്തുന്നത്. പുതിയ കർമ്മ പദ്ധതികൾ വേണമെന്നും മുഖ്യമന്ത്രിയുടെ സന്ദേശത്തില്‍ പറയുന്നു.

സമഗ്രമായ കുടിയേറ്റ നിയമം വേണം. പ്രവാസികളോട് സംസ്ഥാന സർക്കാരിന് വലിയ ഉത്തരവാദിത്വമുണ്ട്‌. തിരികെ എത്തുന്ന പ്രവാസികളുടെ ഡാറ്റാ ശേഖരണം അത്യാവശ്യമാണ്. മടങ്ങിവരുന്നവരുടെ പുനരധിവാസത്തിന് ഇത് അനിവാര്യമാണ്.17 ലക്ഷം പ്രവാസികൾ കോവിഡ് കാലത്ത് കേരളത്തിലേക്ക് മടങ്ങിയെത്തി. ഇവരുടെ പുനരധിവാസത്തിന് നാളിതുവരെ കേന്ദ്രം ഒന്നും ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ലോക കേരള സഭക്കെതിരെ ആസൂത്രിത ആക്ഷേപം നടക്കുന്നെന്ന് സ്പീക്കർ
വിമർശനങ്ങൾ അധിക്ഷേപത്തിന്റെ പരിധിയിലേക്ക് എത്തുന്നു.ഭക്ഷണത്തിന്റെ കണക്ക് പോലും ഇത്തരക്കാർ ചോദിക്കുന്നു.പ്രവാസികളിൽ നിന്ന് ഇങ്ങോട്ട് എന്ത് കിട്ടുന്നു എന്ന് മാത്രം ചിന്തിക്കുന്നത് മനോഭാവത്തിന്റെ പ്രശ്നമാണ്.പ്രവാസികൾക്ക് നാം എന്ത് കൊടുക്കുന്നു എന്ന് കൂടി ചിന്തിക്കണം.ക്ഷണിച്ച് വരുത്തി അപമാനിക്കുന്ന രീതി ശരിയല്ലെന്ന് വിമർശകർ ഓർക്കണമെന്നും സ്പീക്കര്‍ എംബി രാജേഷ് പറഞ്ഞു.

കോടികള്‍ ചെലവഴിച്ച ലോക കേരള സഭകൊണ്ട് സമൂഹത്തിന് എന്ത് നേട്ടം? ഉത്തരമല്ലാതെ സ്പീക്കറും നോർക്കയും

കൊട്ടിഘോഷിച്ച് കോടികള്‍ ചെലവഴിച്ച് നേരത്തെ രണ്ട് തവണ നടത്തിയ ലോക കേരള സഭ കൊണ്ട് സമൂഹത്തിന് എന്ത് നേട്ടമുണ്ടായി എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ലാതെ സ്പീക്കറും നോര്‍ക്ക റൂട്സ് വൈസ് ചെയര്‍മാനും. കൊവിഡും യുക്രൈന്‍ യുദ്ധവും പ്രളയാനന്തര സഹായവും അടക്കം ഒരുപാട് കാര്യങ്ങള്‍ ചെയ്തെന്ന് സ്പീക്കര്‍ ആമുഖമായി പറഞ്ഞെങ്കിലും ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടിയുണ്ടായില്ല.

പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം രണ്ട് തവണയാണ് ആര്‍ഭാടമായി ലോക കേരളാ സഭ ചേര്‍ന്നത്. വലിയ വിവാദവും പ്രതിപക്ഷത്തിന്‍റെ വിട്ടുനില്‍ക്കലും എല്ലാം കേരളം കണ്ടു. ലോകത്തെമ്പാടുമുള്ള പ്രവാസികളില്‍ നിന്ന് തെരെഞ്ഞെടുത്ത് കേരളത്തിലെത്തിച്ചവര്‍ പ്രളയാനന്തര നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും കൊവിഡ്-യുക്രൈൻ യുദ്ധം കാലങ്ങളിലും സംസ്ഥാന സര്‍ക്കാരിന്‍റെ ഇടപെടലുകളില്‍ പിന്തുണ നല്‍കിയിട്ടുണ്ടെന്നാണ് സ്പീക്കര്‍ പറയുന്നത്. എന്നാല്‍, ഇതൊക്കെ നേരത്തെയും ചെയ്തവരാണല്ലോ നമ്മുടെ പ്രവാസികള്‍ എന്നാണ് ഉയരുന്ന ചോദ്യം.

ലോക കേരളാ സഭ ചേര്‍ന്നതിന്‍റെ ഭാഗമായി പ്രളയം, കൊവിഡ്, യുദ്ധ സമയത്തെല്ലാം ഒരു പാട് കാര്യങ്ങള്‍ ചെയ്തു എന്ന് പറയുന്നതല്ലാതെ ഒരു വ്യക്തത വരുത്താന്‍ മൂന്ന് പേര്‍ക്കുമായില്ല. മൂന്നാം ലോക കേരള സഭയും ആര്‍ഭാടമായി തന്നെ ഇത്തവണയും നടക്കാനിരിക്കെയാണ് ഇതുവരെയുള്ള ലോക കേരള സഭ എന്തു നൽകിയെന്ന ചോദ്യമുയരുന്നത്.

അതേസമയം ലോക കേരള സഭയുടെ മൂന്നാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. പൊതുസമ്മേളനം വൈകീട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷനാകും. പ്രവാസികളുമായി ബന്ധപ്പെട്ട എട്ട് വിഷയങ്ങളിൽ രണ്ട് ദിവസമായാണ് ചർച്ച. സമ്മേളനത്തിനായി നാല് കോടി രൂപയാണ് സർക്കാർ നീക്കിവച്ചിരിക്കുന്നത്.