Asianet News MalayalamAsianet News Malayalam

'കാനേഷുമാരിക്ക് കഴിഞ്ഞ 150 വർഷത്തിൽ ഒന്നും തടസമായില്ല'; സെൻസസ് നടത്താത്തത് ദേശദ്രോഹമെന്ന് എം എ ബേബി

ലോകമഹായുദ്ധങ്ങളും മഹാക്ഷാമങ്ങളും പ്രകൃതിക്ഷോഭങ്ങളും ഇന്ത്യാ വിഭജനവും ഇന്ത്യ-പാകിസ്ഥാൻ, ഇന്ത്യാ- ചൈന യുദ്ധങ്ങളും ഈ കാനേഷുമാരിക്ക് കഴിഞ്ഞ 150 വർഷത്തിൽ തടസമായിട്ടില്ലെന്ന് എം എ ബേബി ചൂണ്ടിക്കാട്ടി. 

m b baby criticize central government for not conducting census
Author
First Published Oct 7, 2022, 9:49 PM IST

ദില്ലി: രാജ്യത്ത് സെന്‍സസ് നടത്താതിരിക്കുന്നത് ഒരു ദേശദ്രോഹമാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. 2021ൽ നടക്കേണ്ട ഭാരത സെൻസസ് ഇതുവരെയും ആരംഭിച്ചിട്ടില്ല, അതിനുള്ള ഒരു തയ്യാറെടുപ്പും ഇപ്പോഴും നടക്കുന്നില്ല എന്നത് ചെറുതായി കാണരുതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. രാജ്യത്ത് മതാടിസ്ഥാനത്തിലുള്ള അസമത്വം അവഗണിക്കാനാവില്ലെന്നും ജനസംഖ്യ നിയന്ത്രിക്കാന്‍ നിയമം ആവശ്യമാണെന്നും ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് പറഞ്ഞിരുന്നു.

ഈ സാഹചര്യത്തിലാണ് സെന്‍സസ് നടത്താത്തത് എന്തുകൊണ്ടെന്ന ചോദ്യവുമായി എം എ ബേബി രംഗത്ത് വന്നത്.  1872 മുതൽ മുടക്കമില്ലാതെ പത്തുകൊല്ലത്തിലൊരിക്കൽ നടന്നു വരുന്നതാണ് ഇന്ത്യൻ സെൻസസ്. ലോകമഹായുദ്ധങ്ങളും മഹാക്ഷാമങ്ങളും പ്രകൃതിക്ഷോഭങ്ങളും ഇന്ത്യാ വിഭജനവും ഇന്ത്യ-പാകിസ്ഥാൻ, ഇന്ത്യാ- ചൈന യുദ്ധങ്ങളും ഈ കാനേഷുമാരിക്ക് കഴിഞ്ഞ 150 വർഷത്തിൽ തടസമായിട്ടില്ലെന്ന് എം എ ബേബി ചൂണ്ടിക്കാട്ടി. 

എം എ ബേബിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

2021ൽ നടക്കേണ്ട ഭാരതസെൻസസ് ഇതുവരെയും ആരംഭിച്ചിട്ടില്ല, അതിനുള്ള ഒരു തയ്യാറെടുപ്പും ഇപ്പോഴും നടക്കുന്നില്ല എന്നത് ചെറുതായി കാണരുത്. ഇന്ത്യൻ ജനാധിപത്യത്തിൻറെ വലിയൊരു സ്ഥാപനത്തെക്കൂടെ ഇല്ലാതാക്കാനുള്ള അർദ്ധ ഫാഷിസ്റ്റുകളുടെ ശ്രമത്തിൻറെ ഭാഗമാണത്. ജനാധിപത്യവിരുദ്ധരായ ബിജെപി സർക്കാർ സെൻസസ് നടത്താതിരിക്കുന്നത് മനപൂർവമാണ്. സെൻസസ് നടത്തും എന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കാതിരിക്കുന്നതിനാൽ അത് നടത്താൻ സർക്കാരിന് പദ്ധതി ഇല്ല എന്നു തന്നെ വേണം കരുതാൻ.

1872 മുതൽ മുടക്കമില്ലാതെ പത്തുകൊല്ലത്തിലൊരിക്കൽ നടന്നു വരുന്നതാണ് ഇന്ത്യൻ സെൻസസ്. ലോകമഹായുദ്ധങ്ങളും മഹാക്ഷാമങ്ങളും പ്രകൃതിക്ഷോഭങ്ങളും ഇന്ത്യാവിഭജനവും ഇന്ത്യാ-പാകിസ്ഥാൻ, ഇന്ത്യാ- ചൈന യുദ്ധങ്ങളും ഈ കാനേഷുമാരിക്ക് കഴിഞ്ഞ150 വർഷത്തിൽ തടസ്സമായില്ല. കോവിഡ് എന്ന കാരണം പറഞ്ഞാണ് സെൻസസ് പ്രവർത്തനങ്ങൾ മാറ്റിവച്ചത്. കോവിഡിൻറെ വൻഭീഷണി കഴിഞ്ഞിട്ട് തെരഞ്ഞെടുപ്പുകൾ നടന്നു, വലിയ ആൾക്കൂട്ടങ്ങളും പണച്ചെലവും ഉള്ള ആഘോഷങ്ങളും ആചാരങ്ങളും എല്ലാം നടന്നു. എന്നാൽ, സെൻസസിനെ ഒഴിവാക്കാവുന്ന ഒരു പ്രവർത്തനമായി യൂണിയൻ സർക്കാർ കരുതുന്നു. കഴിഞ്ഞ ഒന്നര നൂറ്റാണ്ടിനിടയിൽ പലപ്പോഴും വലിയ ബുദ്ധിമുട്ടുകൾ സഹിച്ചാണ് സെൻസസ് നടത്തിയിട്ടുള്ളത്. ഇന്ത്യയിലെ പല സ്ഥലങ്ങളിലും പണ്ടുകാലത്ത് എത്തിപ്പെടുക തന്നെ ദുഷ്കരമായിരുന്നു. അതിനെയൊക്കെ നമ്മൾ മറികടന്നു. പക്ഷേ, അർദ്ധ – ഫാഷിസ്റ്റ് സർക്കാറിനെ അതിജീവിക്കാൻ നമുക്കാവുന്നില്ല.

ഇത് യാദൃശ്ചികമല്ല. കണക്കുകൾ ആർഎസ്എസിന് എന്നും തലവേദനയാണ്. ആർഎസ്എസ് തലവൻ മോഹൻ ഭഗവത് കഴിഞ്ഞ ദിവസം നടത്തിയ പ്രഭാഷണത്തിൽ ശ്രമിച്ചപോലെ, ഇന്ത്യയിലെ ജനസംഖ്യ വർദ്ധനവിനെക്കുറിച്ചു തെറ്റിദ്ധാരണ പരത്തുന്നതിലൂടെയാണ് അവരുടെ ആശയാടിത്തറ നിലനിറുത്തുന്നത്. ഇന്ത്യയിലെ മുസ്ലിങ്ങളിൽ വലിയ ജനപ്പെരുപ്പം ഉണ്ടാകുന്നുവെന്നും അത് ഇന്ത്യയിൽ ജനസംഖ്യാവിസ്ഫോടനം ഉണ്ടാക്കുന്നുവെന്നും ഉള്ള സംഘപരിപവാർ വാദത്തെ പൊളിച്ചടുക്കുന്നത് സെൻസസ് നല്കുന്ന മുസ്ലിങ്ങളിലെ പ്രത്യുല്പാദനത്തിലുണ്ടാവുന്ന കുറവിനെക്കുറിച്ചുള്ള കണക്കുകളാണ്. ഇന്ത്യയിലെ പൌരത്വത്തെക്കുറിച്ചുള്ള തർക്കം ഉണ്ടാക്കി വർഗീയവിഭജനം നടത്തുന്നതിനും ഈ കണക്കുകൾ സഹായകരമല്ല. ദേശീയപൌരത്വരജിസ്റ്റർ എന്ന തർക്കവസ്തു ഉണ്ടാക്കുന്നതിനാണ് ആർഎസ്എസിന് താല്പര്യം. സെൻസസിനൊപ്പം എൻപിആറിനുള്ള ചോദ്യങ്ങളും ഉൾപ്പെടുത്താനുള്ള ശ്രമത്തെ സംസ്ഥാനസർക്കാരുകൾ എതിർത്തിരുന്നു.

ഇന്ത്യയിലെ ജാതി തിരിച്ചുള്ള കണക്കുകൾ ലഭ്യമാക്കുന്ന സെൻസസ് വേണമെന്ന വാദത്തെയും ആർഎസ്എസ് എതിർക്കുന്നു. 1931നു ശേഷം ജാതിതിരിച്ചുള്ള സെൻസസ് നടത്തിയിട്ടില്ല. പിന്നോക്ക ജാതിക്കാരെത്ര, മുന്നോക്ക ജാതിക്കാരെത്ര എന്ന കണക്ക് ഇപ്പോഴും 1931ലെ സെൻസസ് അടിസ്ഥാനത്തിലാണ്. വിപുലമായ പിന്നോക്കജാതിസംവരണവും മറ്റും നടപ്പാക്കിയിരിക്കുന്ന ഇന്ത്യയിൽ 1931ലെ കണക്കുകളുടെ അടിസ്ഥാനത്തിൽ തീരുമാനങ്ങളെടുക്കുന്നത് അപര്യാപ്തമാണ്.

ഇന്ത്യ ഒരു സുവർണകാലത്തിലൂടെ കടന്നുപോകുന്നു എന്ന അവരുടെ കള്ളപ്രചാരണത്തിനും സെൻസസ് സഹായകരമാവില്ല. അതുകൊണ്ടാണ് കഴിഞ്ഞ നൂറ്റമ്പതു വർഷത്തിലാദ്യമായി സെൻസസ് വേണ്ട എന്ന് ഭാരതസർക്കാർ തീരുമാനിക്കുന്നത്.

സെൻസസ് വെറുമൊരു തലയെണ്ണൽ അല്ല. ഇന്ത്യയെമ്പാടുമുള്ള ഓരോ വീട്ടിലും ചെന്ന് ആളുകളുടെ കണക്ക് എടുക്കുന്നത് തന്നെ ജനങ്ങളെ യോജിപ്പിക്കുന്ന ഒരു പ്രവർത്തനവുമാണ്. നമ്മൾ ഒന്നാണെന്നും ജാതി-മത വ്യത്യാസമില്ലാതെ എല്ലാവരും ഈ മഹാജനസാഗരത്തിലെ ഓരോ കണ്ണികൾ ആണെന്നും ഉള്ള ബോധം ഉളവാക്കുന്ന ഒരു പ്രവർത്തനം. ലക്ഷക്കണക്കിന് മനുഷ്യർ മറ്റു വീടുകളിൽ പോയി അവരുടെ ജീവിതം കാണുന്ന സാമൂഹ്യപ്രവർത്തനം. ഈ ഒരുമയോട് ആർഎസ്എസിന് പണ്ടേ ചതുർത്ഥിയാണ്.

സെൻസസ് നമ്മുടെ രാഷ്ട്രീയ സാമൂഹിക സാമ്പത്തിക അവസ്ഥയെക്കുറിച്ചുള്ള ഒരു പ്രസ്താവന കൂടെ ആണ്. ഇന്ത്യയിലെ ജനങ്ങളുടെ തൊഴിൽ, വീട്, സാമ്പത്തിക നില, സാക്ഷരത, മതം, ഭാഷ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ മാത്രമല്ല, ഇവിടെയുള്ള കക്കൂസിന്റെയും കാലിത്തൊഴുത്തിൻറെയും എണ്ണം പോലുള്ള അടിസ്ഥാന വിവരങ്ങൾ ഒക്കെ സെൻസസ് തരുന്നു. സാമ്പത്തികനില സംബന്ധിച്ച കണക്കുകളോടും ആർ എസ് എസിന് ഭയമാണ്. തൊഴിലില്ലായ്മ സർവേ തന്നെ നിറുത്തലാക്കിയ സർക്കാർ ആണിത്. ഇന്ത്യയുടെ ധനസ്ഥിതി തുടങ്ങിയ എല്ലാ സ്ഥിതിവിവരക്കണക്കുകളിലും കൃത്രിമം കാട്ടി വിശ്വാസ്യത നശിപ്പിച്ച സർക്കാരാണ് നരേന്ദ്ര മോദിയുടേത്. കോവിഡ് കണക്കുകളിൽ ബിജെപി ഭരിക്കുന്ന സർക്കാരുകൾ എത്ര കൃത്രിമം കാണിച്ചു എന്നത് ലോകം കണ്ടതാണ്. അത്തരത്തിലുള്ള കൃത്രിമം സെൻസസിൽ എളുപ്പമല്ല എന്നതിനാലാണ് ഈ സർക്കാർ സെൻസസിനോട് ഉപേക്ഷ കാണിക്കുന്നത്.

1850- 60 കാലത്ത് യുഎസിലെ അടിമത്തവിരുദ്ധ പ്രസ്ഥാനം അക്കാലത്ത് അടിമകളുടെ എണ്ണം കൂടുകയാണ്, അല്ലാതെ അടിമക്കച്ചവടത്തെ ന്യായീകരിക്കുന്നവർ വാദിച്ച പോലെ ക്രമേണ കുറഞ്ഞ് വരികയല്ല എന്ന് സ്ഥാപിക്കാൻ സെൻസസ് കണക്കുകൾ ഉപയോഗിച്ചു. ഇത്തരത്തിൽ ഇന്ത്യയിലെ ജനസംഖ്യയിലെ മതവിഭാഗങ്ങളുടെ എണ്ണത്തെക്കുറിച്ച് ആർഎസ്എസ് നടത്തുന്ന കള്ളപ്പ്രചാരണം പൊളിയും.

സമാധാനപൂർവമുള്ള ജീവിതം നടക്കുന്ന രാജ്യങ്ങളിലെല്ലാം സെൻസസ് നടക്കുന്നു. ആദ്യന്തരയുദ്ധവും സ്വേച്ഛാധിപത്യവും പട്ടാളഭരണവും ഉള്ള രാജ്യങ്ങളിലാണ് അത് നടത്താനാവാതെ വരുന്നത്. ഇത്തവണത്തെ സെൻസസ് നടന്നില്ല എങ്കിൽ അഫ്ഗാനിസ്ഥാൻ, സോമാലിയ, ലെബനൻ, ഉസ്ബെക്കിസ്ഥാൻ, പടിഞ്ഞാറൻ സഹാറ തുടങ്ങിയ കഴിഞ്ഞ ഇരുപതാണ്ടായി സെൻസസ് നടക്കാത്ത രാജ്യങ്ങളുടെ കൂട്ടത്തിൽ ഇന്ത്യയും വരും. 1978നു ശേഷ വർഷങ്ങൾ എടുത്ത് 2017ൽ പാകിസ്ഥാൻ സെൻസസ് നടത്തിയെടുത്തു. ആ കൂട്ടത്തിലേക്കാണോ ഇന്ത്യൻ ജനാധിപത്യവും പോകുന്നത്?

2021 ലെ സെൻസസ് നടത്താതിരിക്കുന്നത് ഒരു ദേശദ്രോഹമാണ്.

ടിഎഫ്ആ‌ർ അറിയുമോ? മുസ്ലിം ജനസംഖ്യയിലാണ് കുറവ്; കണക്ക് നിരത്തി ആർഎസ്എസ് മേധാവിക്ക് മുഖ്യമന്ത്രിയുടെ മറുപടി

Follow Us:
Download App:
  • android
  • ios