Asianet News MalayalamAsianet News Malayalam

ഭാര്യക്ക് ഡോക്ടറേറ്റ്, മകള്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ്; ഇരട്ടി സന്തോഷം പങ്കിട്ട് എം ബി രാജേഷ്

എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിക്കുന്നത് മഹാകാര്യമായിട്ട് തോന്നിയിട്ടില്ല. പക്ഷേ മകള്‍ക്ക് ഇത് പകരുന്ന സന്തോഷവും ആത്മവിശ്വാസവും ചെറുതല്ല.ജോലിയുടേയും വീട്ടുജോലിയുടേയും വലിയ പ്രാരാബ്ധങ്ങൾക്കും മക്കളുടെ കാര്യങ്ങളെല്ലാം നോക്കുന്നതിനിടയിലുമായി ഭാര്യയ്ക്ക് ഡോക്ടറേറ്റ് ലഭിച്ച വിവരവും പങ്കുവച്ച് സിപിഎം നേതാവ്

M B Rajesh appreciates daughter and wife and conduct of state board exams
Author
Palakkad, First Published Jun 30, 2020, 11:04 PM IST

പാലക്കാട്: മൂത്തമകള്‍ നിരഞ്ജനക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ച സന്തോഷം പങ്കുവച്ച് സിപിഎം നേതാവും മുന്‍ എംപിയുമായിരുന്ന എംബി രാജേഷ്. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിക്കുന്നത് മഹാകാര്യമായിട്ട് തോന്നിയിട്ടില്ല. പക്ഷേ മകള്‍ക്ക് ഇത് പകരുന്ന സന്തോഷവും ആത്മവിശ്വാസവും ചെറുതല്ല. പാലക്കാട് പിഎംജി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പഠനത്തിനൊപ്പം എസ്എഫ്ഐ പ്രവര്‍ത്തകയാണെന്നും എംബി രാജേഷ് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. ഒപ്പം ഇന്ത്യയിൽ മറ്റെവിടെയും സാധ്യമാകാത്ത പ്രതികൂല സാഹചര്യത്തിലും കേരളത്തിൽ കുറ്റമറ്റ നിലയിൽ പരീക്ഷ നടത്തി റെക്കോഡ് വേഗത്തിൽ ഫലം പ്രഖ്യാപിച്ച സർക്കാരിന്‍റെ കാര്യക്ഷമതയ്ക്കും അഭിനന്ദനമെന്നും എംബി രാജേഷ് കുറിക്കുന്നു. ജോലിയുടേയും വീട്ടുജോലിയുടേയും വലിയ പ്രാരാബ്ധങ്ങൾക്കും മക്കളുടെ കാര്യങ്ങളെല്ലാം നോക്കുന്നതിനിടയിലുമായി ഭാര്യയ്ക്ക് ഡോക്ടറേറ്റ് ലഭിച്ച വിവരവും എംബി രാജേഷ് പറയുന്നു. 

എം ബി രാജേഷിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം


വളരെ വ്യക്തിപരമായ ഒരു സന്തോഷം നിങ്ങളുമായി പങ്കിടുകയാണ്. മൂത്ത മകൾ നിരഞ്ജനക്ക് എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിനും ഏ പ്ലസ് ലഭിച്ചതാണത്. എല്ലാ വിഷയത്തിനും ഏ പ്ലസ് എന്നത് ഒരു മഹാകാര്യമായിട്ടൊന്നും ഒരിക്കലും തോന്നിയിട്ടില്ല. പരീക്ഷ, മാർക്ക് ,ഗ്രേഡ് എന്നീ അളവുകോലുകളുടെ പരിമിതികളെക്കുറിച്ചും ബോദ്ധ്യമുണ്ട്. അപ്പോഴും നിരഞ്ജനക്ക് ഇത് പകരുന്ന ആഹ്ലാദവും ആത്മവിശ്വാസവും ചെറുതല്ല എന്ന് തിരിച്ചറിയുന്നു. പാലക്കാട് പി.എം.ജി ഗവ.ഹയർ സെക്കൻ്ററി സ്കൂളിലാണ് അവൾ പഠിച്ചത്.എസ്.എഫ്.ഐ.യുടെ പ്രവർത്തകയും സ്കൂൾ ലീഡറുമാണ്. അതിനിടയിലും പഠനത്തിൽ മികവ് പുലർത്തിയതിൽ പഴയ SFI പ്രവർത്തകരായ എനിക്കും നിനി തക്കും പ്രത്യേക സന്തോഷമുണ്ട്.

അടുത്ത കാലത്തുണ്ടായ മറ്റൊരു സന്തോഷം നിനിതക്ക് ഡോക്ടറേറ്റ് ലഭിച്ചതാണ്. അദ്ധ്യാപക ജോലിയുടേയും വീട്ടുജോലിയുടേയും വലിയ പ്രാരാബ്ധങ്ങൾക്കും മക്കളുടെ കാര്യങ്ങളെല്ലാം നോക്കേണ്ടതിനിടയിലുമായി കഠിനമായി പ്രയത്നിച്ചാണ് നിനിത ഗവേഷണം പുർത്തിയാക്കിയത്. പ്രൊഫ: കെ.പി.അപ്പൻ്റെ രചനകളെ മുൻനിർത്തി മലയാള സാഹിത്യത്തിലെ പ്രത്യയശാസ്ത്ര സമീപനങ്ങളെക്കുറിച്ചായിരുന്നു ഗവേഷണം. നിരഞ്ജനയുടെ പoനത്തിലും പ്രധാന വഴികാട്ടി അമ്മ തന്നെ. എൻ്റെ വക പിന്തുണയും അത്യാവശ്യ ഘട്ടത്തിലെ സഹായവും മാത്രം. ഫോട്ടോയിൽ നിരഞ്ജനക്കും നിനിതക്കുമൊപ്പമുള്ളത് ഇളയവൾ പ്രിയദത്ത. മണപ്പുള്ളിക്കാവ് ഗവ.എൽ.പി.സ്കൂളിൽ നാലാം ക്ലാസിലെ പാഠങ്ങൾ അവളിപ്പോൾ വീട്ടിലെ ടി.വിക്ക് മുന്നിലിരുന്ന് ഓൺലൈനായി പഠിക്കുന്നു.

എസ്. എസ്.എൽ.സി.പരീക്ഷയിൽ മികച്ച വിജയം നേടിയ എല്ലാ കുട്ടികൾക്കും അഭിനന്ദനങ്ങൾ. ഒപ്പം ഇന്ത്യയിൽ മറ്റെവിടെയും സാദ്ധ്യമാകാത്ത ,പ്രതികൂല സാഹചര്യത്തിലും കേരളത്തിൽ കുറ്റമറ്റ നിലയിൽ പരീക്ഷ നടത്തി റെക്കോഡ് വേഗത്തിൽ ഫലം പ്രഖ്യാപിച്ച സർക്കാരിൻ്റെ കാര്യക്ഷമതയ്ക്കും അഭിവാദനങ്ങൾ.

Follow Us:
Download App:
  • android
  • ios