Asianet News MalayalamAsianet News Malayalam

എം ബി രാജേഷ് സ്പീക്കര്‍ പദവി രാജിവെച്ചു, ഡെ. സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന് രാജിക്കത്ത് കൈമാറി

രണ്ടാം പിണറായി സർക്കാരിലെ സ്പീക്കർ പദവിയിൽ നിന്നാണ് എം ബി രാജേഷ് മന്ത്രിസഭയിലേക്കെത്തുന്നത്. 

M B Rajesh resigned as Speaker
Author
First Published Sep 3, 2022, 3:00 PM IST

തിരുവനന്തപുരം: എം ബി രാജേഷ് സ്പീക്കര്‍ പദവി രാജിവെച്ചു. ഡെപ്യൂട്ടി  സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന് രാജിക്കത്ത് കൈമാറി. എം വി ഗോവിന്ദന്‍റെ ഒഴിവിലാണ് എം  ബി രാജേഷ് മന്ത്രിസഭയിലേക്ക് എത്തുന്നത്. എക്സൈസ് തദ്ദേശഭരണ വകുപ്പുകൾ ലഭിക്കും. സത്യപ്രതിജ്ഞ ചൊവ്വാഴ്ച നടക്കും. നിയമസഭ പ്രത്യേകം സമ്മേളിക്കണോ അതോ ഒക്ടോബറിൽ മതിയോ എന്ന കാര്യം അടുത്ത മന്ത്രിസഭാ യോഗം തീരുമാനിക്കും.

മന്ത്രിസ്ഥാനം പാര്‍ട്ടി ഏല്‍പ്പിച്ച ചുമതലയെന്നും പുതിയ പദവിയില്‍ ജനതാല്‍പര്യം അനുസരിച്ച് പ്രവര്‍ത്തിക്കുമെന്നും എം ബി രാജേഷ് പറഞ്ഞു. സ്പീക്കര്‍ പദവി നല്‍കിയത് വിലപ്പെട്ട അനുഭവ സമ്പത്താണ്. കൂടുതല്‍ സമചിത്തതയോടെ വിഷയങ്ങള്‍ കൈകാര്യം ചെയ്യാനായെന്നും സഭയില്‍ രാഷ്ട്രീയ ശരി ഉയര്‍ത്തിപ്പിടിക്കാനായെന്നും എം ബി രാജേഷ് പറഞ്ഞു. എ എന്‍ ഷംസീര്‍ സഭയെ നയിക്കാന്‍ കഴിവുള്ളയാളാണ്. ഷംസീറിന് തന്നെ ശാസിക്കാനും അനുസരിപ്പിക്കാനുമൊക്കെ ആകുമെന്നും നിയുക്ത മന്ത്രി പറഞ്ഞു.

രണ്ടാം പിണറായി സർക്കാരിലെ സ്പീക്കർ പദവിയിൽ നിന്നാണ് എം ബി രാജേഷ് മന്ത്രിസഭയിലേക്കെത്തുന്നത്. കഴിഞ്ഞ ലോക‍്‍സഭ തെരഞ്ഞെടുപ്പിൽ പാലക്കാട് ലോക‍്‍സഭാ മണ്ഡലത്തിൽ അപ്രതീക്ഷിതമായി പരാജയപ്പെട്ട രാജേഷിനെ പാർട്ടി ഏൽപ്പിച്ച വെല്ലുവിളിയായിരുന്നു തൃത്താലയിലെ സ്ഥാനാർത്ഥിത്വം. കൈവിട്ട മണ്ഡലം തിരിച്ചു പിടിക്കുക എന്ന ശ്രമകരമായ ദൗത്യം. ആ ദൗത്യം ഭംഗിയായി തന്നെ അദ്ദേഹം നിർവഹിച്ചു. വി ടി ബൽറാമിനെ മുട്ടുകുത്തിച്ച ആ പ്രകടന മികവിനുള്ള അംഗീകരമായിരുന്നു സ്പീക്കർ പദവി. 

മന്ത്രിയാകുമെന്ന കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചാണ് സിപിഎം രാജേഷിനെ സ്പീക്കർ പദവിയിലേക്ക് നിയോഗിച്ചത്. ആ പദവിയിൽ നിറഞ്ഞുനിന്ന രാജേഷ്, പല ഘട്ടങ്ങളിലും പ്രതിപക്ഷത്തിന് വരെ സ്വീകാര്യനായി. കെ കെ രമയ്ക്കെതിരായ എം എം മണിയുടെ പരാമർശത്തിലെ ഇടപെടൽ, വീണ ജോ‍ർജിനെ താക്കീത് ചെയ്ത നടപടി, ഇവ ചിലത് മാത്രം. നേരത്തെ അഭിപ്രായങ്ങൾ വെട്ടിത്തുറന്ന് പറഞ്ഞിരുന്ന എം ബി രാജേഷ്, സ്പീക്കർ പദവയിൽ എത്തിയപ്പോൾ, പലപ്പോഴും രാഷ്ട്രീയ വിവാദങ്ങളിൽ കരുതലോടെയായിരുന്നു  പ്രതികരിച്ചിരുന്നത്. ഗവർണർ വിവാദത്തിൽ ഉൾപ്പെടെ ആ മികവ് തന്നെയാണ് ഇപ്പോൾ മന്ത്രിപദവിയിലേക്ക് എത്തിച്ചത്.

Follow Us:
Download App:
  • android
  • ios