ടെൻഡറില്ലാതെ സ്വകാര്യ കമ്പനിയിൽ നിന്ന് 1600 കോടിക്ക് വൈദ്യുതി വാങ്ങാനുള്ള നീക്കത്തെ എതിർത്തതാണ് കെഎസ്ഇബി ചെയർമാൻ എം ജി രാജമാണിക്യത്തെ മാറ്റാൻ കാരണം. സ്വകാര്യ കമ്പനിക്ക് പകരം ഹിമാചൽ പ്രദേശിൽ നിന്ന് വൈദ്യുതി വാങ്ങുന്നതാണ് ലാഭകരമെന്ന നിലപാടിലായിരുന്നു അദ്ദേഹം.
തിരുവനന്തപുരം: കെഎസ്ഇബി ചെയർമാൻ സ്ഥാനത്ത് നിന്ന് എം ജി രാജമാണിക്യത്തെ മാറ്റിയത് ടെൻഡറില്ലാതെ സ്വകാര്യ കമ്പനിയില്‍ നിന്ന് 1600 കോടിക്ക് വൈദ്യുതി വാങ്ങുന്നതിനെ എതിര്‍ത്തതോടെയെന്ന് വിവരം. സ്വകാര്യ കമ്പനി ഇടപാടിന് വഴങ്ങാഞ്ഞതും ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങുന്നതാണ് നേട്ടമെന്ന നിലപാട് എടുത്തതുമാണ് മാറ്റത്തിന് കാരണമായത്. കെഎസ്ഇബി നിലപാടിനെ പിന്തുണച്ച മന്ത്രി സണ്ണി ജോസഫ് ഹിമാചൽ പ്രദേശിന്‍റെ വൈദ്യുതി വാഗ്ദാനത്തിന് 22 ന് മുമ്പ് മറുപടി നൽണമെന്ന് അവശ്യപ്പെട്ടിരുന്നു. അടിയന്തര തീരുമാനത്തിന് കഴിഞ്ഞ 19 ന് കൈമാറിയ ഫയൽ വെള്ളിയാഴ്ച വരെ മുഖ്യമന്ത്രിയുടെ പക്കലായിരുന്നു
ഹിമാചൽപ്രദേശോ അതോ ജിഎൻഎ എനര്‍ജി പ്രൈവറ്റ് ലിമിറ്റഡോ? ആരിൽ നിന്ന് വൈദ്യുതി വാങ്ങണം എന്നതിനെ ചൊല്ലി സര്‍ക്കാരിലെ ഉന്നതരും ഊര്‍ജ വകുപ്പും രണ്ടഭിപ്രായത്തിൽ നിൽക്കുന്നതിനിടെയാണ് എം ജി രാജമാണിക്യത്തെ മാറ്റിയത്. ടെന്‍ഡറില്ലാതെ സ്വകാര്യ കമ്പനിയിൽ നിന്ന് 5 മാസത്തേയ്ക്ക് വൈദ്യുതി വാങ്ങണമെന്ന നിര്‍ദ്ദേശത്തിന് കെഎസ്ഇബി ചെയര്‍മാൻ വഴങ്ങിയില്ല. 500 മെഗാവാട്ടാണ് വാഗ്ദാനം. യൂണിറ്റിന് 8.63 രൂപ എങ്കിലും 1566 കോടിയാകുമെന്നായിരുന്നു കെഎസ്ഇബി കണക്ക്. എന്നാലും പീക്ക് സമയത്തെ കുറവ് നികത്താനാകില്ല. അപ്പോള്‍ തത്സമയ വിപണിയിൽ നിന്ന് വൈദ്യുതി വാങ്ങാൻ അധിക ചെലവാകും. ഹിമാചൽ എങ്കിൽ പീക്കിൽ കൂടുതൽ കിട്ടും. യൂണിറ്റിന് 14.50 രൂപയെങ്കിലും മാര്‍ച്ച് വരെ 1281 കോടി മാത്രമേ ആവുകയോള്ളൂ. മേയ് വരെ വാഗ്ദാനവുമുണ്ട്. ഒടിസി പ്ലാറ്റ് ഫോം വഴിയുള്ള ഹ്രസ്വകാല കരാറിന് നിയമ പ്രാബല്യമുണ്ടോ കമ്മീഷൻ അംഗീകരിക്കുമോയെന്ന സംശയവും കെഎസ്ബി പ്രകടിപ്പിച്ചു. ഹിമാചൽ ഇടപാടണ് ഗുണകരമെന്ന കെഎസ്ഇബി നിലപാട് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് ഫയലിൽ എടുത്തു പറഞ്ഞു. കരാര്‍ വ്യവസ്ഥകളെക്കുറിച്ച് പൂര്‍ണമായി അറിയില്ല, എവിടെ നിന്നാണ് വൈദ്യുതിയെന്നറിയില്ല തുടങ്ങിയ അഭിപ്രായങ്ങളെ പിന്തുണച്ചു. ഇക്കാര്യം എഴുതിയാണ് മന്ത്രി കഴിഞ്ഞ 19ന് മുഖ്യമന്ത്രിക്ക് ഫയൽ കൈമാറിയത്.
22 ന് മുമ്പ് മറുപടിയില്ലെങ്കിൽ ഹിമാചൽ പ്രദേശ് വൈദ്യുതി മറ്റു സംസ്ഥാനങ്ങള്‍ വാങ്ങുമെന്ന മുന്നറിയപ്പോടെയായിരുന്നു ഫയല്‍. ഉചിതവും അടിയന്തരവുമായ തീരുമാനത്തിന് വിട്ട ഫയൽ കഴിഞ്ഞ 30 വരെ മുഖ്യമന്ത്രിയുടെ കയ്യിലായിരുന്നു. 22 ന് മുമ്പ് ഹിമാചലിന് മറുപടി നൽകാൻ മന്ത്രി പറഞ്ഞെങ്കിൽ 23ന് ജിഎൻഎയുടെ കത്ത് കെഎസ്ഇബിക്ക് എത്തി. ഇതിനെ ഹിമാചൽ വാഗ്ദാനവുമായി താരമത്യം ചെയ്ത് തീരുമാനമെടുക്കാൻ അനുബന്ധ ഫയൽ 24ൽ സര്‍ക്കാരിൽ തുറന്നു. ഈ ഫയലുകള്‍ കറങ്ങുനന്പോഴും സ്വകാര്യ കന്പനിക്കായി സര്‍ക്കാരിൽ വാദം ഉയരുന്പോഴും ഹിമാചൽ പ്രദേശ് ഇടപാടാണ് മെച്ചമെന്ന് നിലപാട് രാജമാണിക്യം മാറ്റിയില്ലെന്നാണ് വിവരം. യൂണിറ്റിന് 14.50 രൂപയ്ക്ക് വാങ്ങാനാകില്ലെന്ന നിലപാടിൽ മറുപക്ഷവും നിന്നു. ഇതിനിടെ ഐഎഎസ് തലപ്പത്തെ കൂട്ടമാറ്റത്തിൽ എം ജി രാജമാണിക്യത്തെയും മാറ്റി. പകരം പുനീത് കുമാറിന് ഊര്‍ജ്ജ വകുപ്പ് ചുമതല. മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും താൽപര്യമുള്ള എൻ പ്രശാന്തിനെ കെഎസ്ഇബി ചെയര്‍മാനാക്കി.




