മലബാര്‍ കലാപത്തില്‍ പങ്കെടുത്ത 387 പേരുടെ പേരുകള്‍ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയില്‍ നിന്ന് നീക്കുന്നുവെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് കലാപം സംബന്ധിച്ച വിവാദം ചൂടുപിടിക്കുന്നത്.
കോഴിക്കോട്: മലബാര്‍ കലാപത്തിന്‍റെ നേതാക്കളെ സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കാനുളള തീരുമാനത്തെച്ചൊല്ലി വിവാദം. ചരിത്ര ഗവേഷണ കൗണ്‍സിലിന്‍റെ തീരുമാനം രാഷ്ട്രീയ പ്രേരിതമെന്നും ഇത്തരം നടപടികള്‍ സ്ഥാപനത്തിന്‍റെ വിശ്വാസ്യത തകര്‍ക്കുമെന്നും ഐസിഎച്ച്ആര്‍ മുന്‍ ചെയര്‍മാന്‍ ഡോ.എംജിഎസ് നാരായണ്‍ പറഞ്ഞു. എന്നാല്‍ മലബാര്‍ കലാപത്തില്‍ ഇഎംഎസിന്‍റെ കുടുംബവും ആക്രമണത്തിന് ഇയായിട്ടുണ്ടെന്നും കലാപകാരികള്‍ക്ക് സ്മാരകം പണിയാന്‍ നടക്കുന്നവര്‍ ഇക്കാര്യം ഓര്‍മിക്കണമെന്നുമായിരുന്നു ബിജെപി പ്രതികരണം.
മലബാര്‍ കലാപത്തിന്‍റെ നേതാക്കളായിരുന്ന വാരിയന്‍ കുന്നത്ത് അഹമ്മദ് ഹാജിയും ആലി മുസിലായരും ഉള്‍പ്പെടെ 387 പേരുടെ പേരുകള്‍ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയില്‍ നിന്ന് നീക്കാന്‍ ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സിലില്‍ നീക്കം നടക്കുന്നതായുളള വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് കലാപം സംബന്ധിച്ച വിവാദവും ചൂടുപിടിക്കുന്നത്. കലാപത്തിന്‍റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് നേരത്തെ തന്നെ മുളപൊട്ടിയ വിവാദത്തില്‍ ഇതോടെ കൂടുതല്‍ പേര്‍ പ്രതികരണങ്ങളുമായെത്തി. കലാപം അടിസ്ഥാനപരമായി ഹിന്ദു വിരുദ്ധവും മതപരിവര്‍ത്തന പ്രേരിതവുമായിരുന്നെന്നും ബ്രിട്ടീഷുകാര്‍ക്കെതിരായ ഒരു മുദ്രാവാക്യവും കലാപകാരികള്‍ ഉയര്‍ത്തിയില്ലെന്നതുമടക്കമുളള കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഐസിഎച്ച്ആറിന്‍റെ നടപടിയെങ്കിലും ഐസിഎച്ച്ആര്‍ മുന്‍ ചെയര്‍മാന്‍ ഡോ.എംജിഎസ് നായരായണന്‍ ഇപ്പോഴത്തെ നീക്കങ്ങളെ വിമര്‍ശിക്കുകയാണ്.
എന്നാല്‍ കലാപത്തിന് ഹിന്ദുവിരുദ്ധസ്വഭാവം ഉണ്ടായിരുന്നെന്നും എംജിഎസ് പറഞ്ഞു. സ്വാതന്ത്ര്യ ലബ്ദി മാത്രമായിരുന്നില്ല ലക്ഷ്യം. മലബാര്‍ കലാപം സംബന്ധിച്ച വ്യാഖ്യാനങ്ങളെല്ലാം നിക്ഷിപ്ത താല്‍പര്യങ്ങള്‍ വച്ചുളളതാണെന്നും എംജിഎസ് പറഞ്ഞു. അതിനിടെ, കേരളത്തിന്‍റെ താലിബാനിസത്തിന്‍റെ ആദ്യ നേതാവായിരുന്നു വാരിയന്‍ കുന്നത്ത് അഹമ്മദ് ഹാജിയെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുളളക്കുട്ടി പറഞ്ഞു. 1971ലായിരുന്നു മലബാര്‍ കലാപകാരികളെ കേന്ദ്ര സര്‍ക്കാര്‍ സ്വാതന്ത്ര്യ സമര സേനാനികളായി അംഗീകരിച്ചത്.
