സഭ ആസ്ഥാനത്തെ അത്താഴ വിരുന്നിലും സതീശൻ പങ്കെടുത്തു. സഭാ വിഷയങ്ങളിൽ നിർണായക തീരുമാനങ്ങൾ എടുക്കുന്ന സിനഡ് നടക്കുന്നതിനിടെ രാഷ്ട്രീയ നേതാക്കളെ സഭാ നേതൃത്വം കാണുന്നത് അപൂർവ്വമാണ്.
കൊച്ചി: സുപ്രധാന സിനഡ് നടക്കുന്നതിനിടെ സിറോ മലബാർ സഭ ആസ്ഥാനത്തെത്തി സഭാ നേതാക്കളുമായി നിർണായക കൂടിക്കാഴ്ച നടത്തി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ അടക്കമുള്ളവരുമായുള്ള കൂടിക്കാഴ്ച ഒരു മണിക്കൂറിലേറെ നീണ്ടു. സഭ ആസ്ഥാനത്തെ അത്താഴ വിരുന്നിലും സതീശൻ പങ്കെടുത്തു. സഭാ വിഷയങ്ങളിൽ നിർണായക തീരുമാനങ്ങൾ എടുക്കുന്ന സിനഡ് നടക്കുന്നതിനിടെ രാഷ്ട്രീയ നേതാക്കളെ സഭാ നേതൃത്വം കാണുന്നത് അപൂർവ്വമാണ്.
സിനഡിനിടെയുള്ള അപൂർവ്വമായ രാഷ്ട്രീയ കൂടികാഴ്ചയാണ് സഭാ ആസ്ഥാനമായ കാക്കനാട് സെന്‍റ് മൗണ്ടിൽ ഇന്നലെ നടന്നത്. രാത്രി ഒൻപതോടയാണ് പ്രതിപക്ഷനേതാവ് എത്തുന്നത്. ഔദ്യോഗിക വാഹനവും അകടമ്പടിയുമില്ലാതെയായിരുന്നു വരവ്. ഒന്നര മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു. മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ അടക്കം അൻപതിലേറെ ബിഷപ്പുമാരാണ് സിനഡിലുണ്ടായിരുന്നത്. വന്യജീവി ആക്രമണം, എയ്ഡഡ് അധ്യാപകനിയമനത്തിലെ പ്രതിസന്ധി അടക്കമുള്ള പ്രശ്നങ്ങൾ സഭാ നേതൃത്വം മുന്നോട്ട് വെച്ചതായാണ് വിവരം. സർക്കാർ പ്രതിനിധിക്ക് പകരം പ്രതിപക്ഷ നേതാവുമായി സഭാനേതൃത്വത്തിൻറെ ആശയവിനിമയത്തിലെ രാഷ്ട്രീയമാണ് ഏറ്റവും നിർണ്ണായകം.
തദ്ദേശ തെരഞ്ഞെടുപ്പിലെ കോൺഗ്രസ്സിൻ്റെ മിന്നും ജയത്തിൻ്റെ പ്രധാനകാരണം ക്രൈസ്തവ വോട്ടിൻ്റെ തിരിച്ചുവരവായിരുന്നു. സിപിഎമ്മും ബിജെപിയുമെല്ലാം സഭാ വോട്ട് ലക്ഷ്യമിടുമ്പോഴാണ് ക്രൈസ്തവരെ ഒപ്പം ഉറപ്പിച്ചുനിർത്താനുള്ള സതീശൻറെ നീക്കം. വയനാട് ലക്ഷ്യ കാമ്പിൽ മിഷൻ 100 സീറ്റ് സതീശൻ മുന്നോട്ട് വെച്ചതും സഭയുടെ പിന്തുണ കൂടി മനസ്സിൽ കണ്ടാണ്. പത്തനംതിട്ട മുതലുള്ള ക്രൈസ്തവ ഭൂരിപക്ഷ പ്രദേശങ്ങളിൽ ഉടനീളം വിശ്വാസികൾ തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിനൊപ്പമാണ് നിന്നത്. ഇടത് സർക്കാറുമായി വിവിധ സഭാനേതൃത്വത്തിന് ഇപ്പോൾ നല്ലബന്ധമല്ല ഉള്ളത്. ക്രൈസ്തവ ഔട്ട് റീച്ച് പാളിപ്പോയെന്ന് ബിജെപി സ്വയം സമ്മതിച്ചു കഴിഞ്ഞതുമാണ്. കോൺഗ്രസ് നേതാക്കളിൽ തന്നെ സഭാനേതൃത്വം ചർച്ചക്ക് സതീശനെ തെരഞ്ഞെടുത്തതിലും പ്രധാന്യമേറെയാണ്. കഴിഞ്ഞ നാലര വർഷത്തിനിടെ വിവിധ സഭാനേതൃത്വവുമായി നല്ല ബന്ധത്തിലാണ് പ്രതിപക്ഷ നേതാവ്. പെന്തക്കോസ്ത് വിഭാഗങ്ങളുടെയും ഇൻഫാമിൻ്റേയും സമീപകാല സമ്മേളനങ്ങളിലെ മുഖ്യാതിഥി സതീശനായിരുന്നു.



