ശിവശങ്കറിനെ തിരിച്ചെടുക്കാൻ തിടുക്കം കാണിച്ചത് എന്തിനെന്ന് ചോദിച്ച മുനീര്‍ ഇത് തെളിവുകൾ തേച്ച് മായ്ച്ച് കളയാൻ കാരണമാകുമെന്നും പറഞ്ഞു.
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷ് (Swapna Suresh) വന്‍ വെളിപ്പെടുത്തലുകള്‍ നടത്തിയതിന് പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ ഉപനേതാവ് എം കെ മുനീര്‍. സ്വപനയുടെ വെളിപ്പെടുത്തൽ ഗൗരവമുള്ളതാണെന്നും മുഖ്യമന്ത്രി മറുപടി പറയണമെന്നും മുനീര്‍ പറഞ്ഞു. ശിവശങ്കറിനെ തിരിച്ചെടുക്കാൻ തിടുക്കം കാണിച്ചത് എന്തിനെന്ന് ചോദിച്ച മുനീര്‍ ഇത് തെളിവുകൾ തേച്ച് മായ്ച്ച് കളയാൻ കാരണമാകുമെന്നും പറഞ്ഞു.
മുനീറിന്‍റെ പ്രതികരണം
ശിവശങ്കറിന്‍റെ പുസ്തകം വായിച്ചിട്ടില്ല. സ്വപ്നയുടെ പ്രതികരണം വളരെ ഗൗരവതരമായി എടുക്കേണ്ടതാണ്. ഒരു ത്രില്ലര്‍ സ്റ്റോറി കേട്ടുകൊണ്ടിരിക്കുന്നത് പോലെയാണ് കാര്യങ്ങള്‍ കേട്ടുകൊണ്ടിരിക്കുന്നത്. ഒരു ഭരണകൂടത്തിന്‍റെ ചുക്കാന്‍ പിടിച്ച വ്യക്തിയെക്കുറിച്ചാണ് സ്വപ്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
പണം സമ്പാദിക്കാനുള്ള അടുത്തൊരുപടിയെന്ന നിലയ്ക്കാണ് പുസ്തകം എഴുതിയിരിക്കുന്നതെന്ന് വരെ സ്വപ്ന പരാമര്‍ശം നടത്തിയിട്ടുണ്ട്. എന്തുവന്നാലും അതിലൂടെ പണം സമ്പാദിക്കുന്ന ആളാണ് ശിവശങ്കര്‍ എന്ന രീതിയില്‍ സ്വപ്ന വെളിപ്പെടുത്തിയത് സര്‍ക്കാര്‍ ഗൗരവമായി എടുക്കണം. മുഖ്യമന്ത്രിയാണ് മറുപടി പറയേണ്ടത്. ഏത് രീതിയില്‍ അന്വേഷിക്കണമെന്ന് മുഖ്യമന്ത്രി തീരുമാനിക്കണം. ജനങ്ങളുടെ എല്ലാ ആശങ്കയും പരിഹരിച്ച് കിട്ടണം.
ഭരണത്തിന്‍റെ മറവില്‍ നടന്നിട്ടുള്ള ആശയക്കുഴപ്പങ്ങള്‍, അതോടൊപ്പം നടന്നിട്ടുള്ള കൊള്ളയും കള്ളക്കടത്തും ചര്‍ച്ചാവിഷയം ആകാന്‍ വീണ്ടും സമയമായി എന്നാണ് ഇത് ബോധ്യപ്പെടുത്തുന്നത്. ശിവശങ്കറിനെ തിരിച്ചെടുത്തത് ധൃതിവെച്ച തീരുമാനമാണ്. ശിവശങ്കറിനെ തിരിച്ച് സര്‍വീസില്‍ കൊണ്ടുവരുന്നതിന്‍റെ തിരക്കെന്താണ്. പല കാര്യങ്ങളും അന്വേഷണത്തിലല്ലേ? ഭരണത്തില്‍ സ്വാധീനം ചെലുത്തി പല രേഖകളും അദ്ദേഹത്തിന് ഇല്ലാതാക്കാന്‍ പറ്റില്ലേ?
