പതിനാല് മാസം മുമ്പ് എംപി ഫണ്ടില്‍ നിന്നും പണം അനുവദിച്ചിട്ടും ബീച്ച് ആശുപത്രിയിലേക്ക് ആംബുലന്‍സ് വാങ്ങാന്‍ അധികൃതര്‍ തയ്യാറായില്ലെന്ന് എം കെ രാഘവന്‍ പറഞ്ഞു. ഉദ്യോഗസ്ഥരുടെ അലംഭാവമാണ് ഇതിന് കാരണമെന്നും അദ്ദേഹം ആരോപിച്ചു.

കോഴിക്കോട്: കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ആംബുലന്‍സിന്‍റെ വാതില്‍ തുറക്കാനാകാതെ രോഗി മരിച്ച സംഭവത്തില്‍ ജില്ലാ കളക്ടര്‍ക്കും ഡിഎംഒക്കുമെതിരെ ഗുരുതര ആരോപണവുമായി എം കെ രാഘവന്‍ എം പി. പതിനാല് മാസം മുമ്പ് എംപി ഫണ്ടില്‍ നിന്നും പണം അനുവദിച്ചിട്ടും ബീച്ച് ആശുപത്രിയിലേക്ക് ആംബുലന്‍സ് വാങ്ങാന്‍ അധികൃതര്‍ തയ്യാറായില്ലെന്ന് എം പി പറഞ്ഞു. ഉദ്യോഗസ്ഥരുടെ അലംഭാവമാണ് ഇതിന് കാരണമെന്നും അദ്ദേഹം ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ലോക്സഭാ സ്പീക്കര്‍ക്ക് പരാതി നല്‍കാനാണ് എം പിയുടെ തീരുമാനം.

കൊവി‍‍ഡ് രൂക്ഷമായ കാലത്താണ് പ്രധാനമന്ത്രി മണ്ഡലങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് ആംബുലന്‍സ് വാങ്ങാനായി എം പിമാര്‍ക്കായി ഫണ്ട് അനുവദിച്ചത്. കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് ആംബുലന്‍സ് വാങ്ങാനായി 2021 ജൂണ്‍ രണ്ടിന് എം കെ രാഘവന്‍ എം പിയുടെ ഫണ്ടില്‍ നിന്നും 30 ലക്ഷം രൂപ അനുവദിച്ചു. ആംബുലന്‍സ് വാങ്ങാന്‍ നടപടിയൊന്നുമില്ലാത്തതിനെത്തുടര്‍ന്ന് പല വട്ടം ജില്ലാ കളക്ടറോട് ഇക്കാര്യത്തെക്കുറിച്ച് ആരാഞ്ഞെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്നാണ് എം കെ രാഘവന്‍ എം പി പറയുന്നത്. പണം അനുവദിച്ചിട്ടും ആംബുലൻസ് വാങ്ങാതിരുന്നിന് പിന്നില്‍ രാഷ്ട്രീയ കാരണങ്ങളുമുണ്ട്. ഇതിൽ ജില്ലഭരണകൂടവും ഡി എം ഒയും മറുപടി പറയണമെന്ന് പറഞ്ഞ എം പി, ലോക്സഭ സ്പീകർക്ക് ഇക്കാര്യത്തിൽ പരാതി നൽകുമെന്നും ന്യൂസിനോട് പറഞ്ഞു.

Also Read:ആംബുലൻസുകളുടെ സുരക്ഷ പരിശോധിക്കണം: രോഗി മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

ബാലുശ്ശേരി, ഫറോക്ക്, താമരശേരി, താലൂക്ക് ആശുപത്രികള്‍ക്കും ആംബുലന്‍സ് വാങ്ങാന്‍ പണം അനുവദിച്ചെങ്കിലും ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം മൂലം നടപടികള്‍ നീണ്ടു. ഇക്കാര്യമെല്ലാം ചൂണ്ടിക്കാട്ടി ലോക്സഭാ സ്പീക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കുമെന്നും എം പി അറിയിച്ചു. ഇടത് പക്ഷം ഭരിക്കുന്ന കടലുണ്ടി പഞ്ചായത്തിന് ആംബുലന്‍സ് അനുവദിച്ചെങ്കിലും ഭരണ സമിതി വേണ്ടെന്ന നിലപാട് എടുത്തതായും എം കെ രാഘവന്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് വാഹനാപകടത്തില്‍ പരുക്കേറ്റ കരുവന്‍തുരുത്തി സ്വദേശി കോയാമോനെ പതിനെട്ട് വര്‍ഷത്തിലധികം പഴക്കമുള്ള ആംബുലന്‍സില്‍ കോഴിക്കോട് ബീച്ചാശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കയച്ചത്. വാതില്‍ തുറക്കാനാവാതെ ആംബുലന്‍സില്‍ അരമണിക്കൂര്‍ കുടുങ്ങിയ ഇയാള്‍ പിന്നീട് മരിച്ചു.