അയ്യപ്പപണിക്കരെ കുറിച്ചുള്ള 'നിറവേറിയ വാഗ്ദാനം ; അയ്യപ്പപ്പണിക്കര്‍ എന്‍റെ കൊച്ചേട്ടന്‍' എന്ന പുസ്തകം രചിച്ചിട്ടുണ്ട്...

തിരുവനന്തപുരം : അധ്യാപികയും എഴുത്തുകാരിയുമായ എം ലക്ഷ്മിക്കുട്ടിയമ്മ അന്തരിച്ചു. 87 വയസ്സായിരുന്നു. കവി അയ്യപ്പപണിക്കരുടെ ഇളയ സഹോദരിയായ ലക്ഷ്മിക്കുട്ടിയമ്മയുടെ വിയോ​ഗം സഹോദരന്റെ പതിനാറാം ചരമ വാര്‍ഷിക തലേന്നാണ്. കന്യാകുമാരി ദേവസ്വത്തിന് കീഴിലുള്ള കന്യാകുമാരി ജില്ലയിലെ കുഴിത്തുറ ശ്രീ ദേവികുമാരി വിമന്‍സ് കോളേജിലെ മലയാളം വിഭാഗം അധ്യാപികയായിരുന്നു ലക്ഷ്മിക്കുട്ടിയമ്മ. പിന്നീട് ഇതേ കോളേജിൽ പ്രിന്‍സിപ്പലായി. 

കുട്ടനാട്ടിലെ കാവലത്ത് ഇ നാരായണൻ നമ്പൂതിരിയുടെയും എം മീനാക്ഷിയമ്മയുടെയും മകളായി 1934 സെപ്തംബർ 14 ന് ജനനം. തിരുവനന്തപുരം വിമന്‍സ് കോളേജില്‍ നിന്നാണ് ബിരുദ പഠനം പൂര്‍ത്തിയാക്കിയത്. എറണാകുളം മഹാരാജാസ് കോളേജ്, സെന്‍റ് ജോസഫ് ട്രെയിനിങ് കോളേജ് എന്നിവടങ്ങളായി ഉപരി പഠനം പൂർത്തിയാക്കി. എറണാകുളത്ത് സ്കൂള്‍ അധ്യാപികയായി ജോലി ചെയ്തു. 

അയ്യപ്പപണിക്കരെ കുറിച്ചുള്ള 'നിറവേറിയ വാഗ്ദാനം ; അയ്യപ്പപ്പണിക്കര്‍ എന്‍റെ കൊച്ചേട്ടന്‍' എന്ന പുസ്തകം രചിച്ചിട്ടുണ്ട്. പരേതനായ കെ.ബി നായര്‍ ആണ് ഭർത്താവ്. മൂത്തമകന്‍ ഡോ.ആനന്ദ് കാവാലത്തിനൊപ്പം തിരുവനന്തപുരത്തായിരുന്നു ലക്ഷ്മിക്കുട്ടി അമ്മയുടെ താമസം. ഇളയ മകന്‍ ബി അമൃത് ലാല്‍ ദില്ലിയിൽ യില്‍ മാധ്യമപ്രവര്‍ത്തകനാണ്. സംസ്ക്കാരം ഉച്ചതിരിഞ്ഞ് മൂന്നിന് തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തിൽ നടക്കും.