തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ജില്ലകളിലും യുഡിഎഫ് നേട്ടം ഉണ്ടാക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസൻ. കോട്ടയത്ത് ആശങ്കയില്ലെന്നും ഫലം മുഖ്യമന്ത്രിക്ക് ക്ഷീണമുണ്ടാക്കുമന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടേത് അതിരുകടന്ന ആത്മവിശ്വാസമാണെന്ന് പറഞ്ഞ എം എം ഹസൻ, വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യമില്ലെന്നും നീക്കുപോക്ക് മാത്രമാണ് ഉള്ളതെന്നും വ്യക്തമാക്കി. 

കോട്ടയത്ത് നേരത്തെ ഉണ്ടായിരുന്ന ആധിപത്യം യുഡിഎഫിന് ഉണ്ടാകുമെന്നതിൽ സംശയം ഇല്ലെന്ന് എം എം ഹസൻ നമസ്തേ കേരളത്തിൽ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ആർക്കാണ് ക്ഷീണം ഉണ്ടാകാൻ പോകുന്നത് എന്ന് 16 ന് ഉച്ച കഴിഞ്ഞ് പറയാം. മുഖ്യമന്ത്രി കണ്ണടച്ച് രവീന്ദ്രനെ ന്യായീകരിക്കുകയാണ്. മുഖ്യമന്ത്രിക്ക് അതിര് കടന്ന ആത്മവിശ്വാസ പ്രകടനമാണ് ഉള്ളത്. പാർലമെന്റ് തെരഞ്ഞെടുപ്പിലും ഇതുപോലെ ആയിരുന്നുവെന്നും എം എം ഹസൻ പരിഹസിച്ചു.