Asianet News MalayalamAsianet News Malayalam

കാട്ടാന പ്രശ്നത്തിൽ ജനങ്ങൾക്കൊപ്പം, പരിഹാരം കണ്ടില്ലെങ്കിൽ വനം വകുപ്പ് ഉദ്യോഗസ്ഥരുട വഴി മുടക്കും: എം എം മണി

പടയപ്പയെ പ്രകോപിപ്പിച്ചെന്ന് പറഞ്ഞ് കേസ് എടുത്ത വനപാലകർക്ക് എതിരെ കേസ് എടുക്കണമെന്നും എം എം മണി

M M Mani about wild elephant attack in Idukki
Author
First Published Jan 25, 2023, 6:37 PM IST

ഇടുക്കി : കാട്ടാന പ്രശ്നത്തിൽ ജനങ്ങൾക്ക് ഒപ്പമെന്ന് എം എം മണി എം എൽ എ. കുഴപ്പക്കാരായ കാട്ടാനകളെ പ്രദേശത്തു നിന്ന് മാറ്റാൻ നടപടി വേണം. ശാശ്വത പരിഹാരം ഉണ്ടാക്കിയില്ലെങ്കിൽ വനം വകുപ്പ് ഉദ്യോഗസ്ഥരെ വഴി നടക്കാൻ അനുവദിക്കില്ല. പടയപ്പയെ പ്രകോപിപ്പിച്ചെന്ന് പറഞ്ഞ് കേസ് എടുത്ത വനപാലകർക്ക് എതിരെ കേസ് എടുക്കണമെന്നും എം എം മണി ആവശ്യപ്പെട്ടു. ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർ മരിച്ച സംഭവത്തിന് പിന്നാലെ ജനങ്ങൾ റോഡ് ഉപരോധിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു എംഎൽഎ.

അയ്യപ്പൻകുടി സ്വദേശി ശക്‌തിവേൽ ആണ് ശാന്തൻപാറ പന്നിയാർ എസ്റ്റേറ്റിൽ കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. പന്നിയാർ എസ്റ്റേറ്റിൽ എത്തിയ  കാട്ടാനകൂട്ടത്തെ ഓടിക്കാൻ എത്തിയതായിരുന്നു ശക്‌തിവേൽ. കാട്ടാനക്കൂട്ടം ഇറങ്ങുമ്പോഴൊക്കെ ജനങ്ങൾക്ക് രക്ഷകനായി എത്തിയിരുന്ന ആളായിരുന്നു ശക്തിവേൽ. ദിവസങ്ങളായി പന്നിയാർ എസ്റ്റേറ്റിൽ കാട്ടാന ശല്യം രൂക്ഷമായിരുന്നു. തേയിലക്കാട്ടിൽ മൂന്ന് ആനകൾ നിൽക്കുന്നതായി തൊഴിലാളികൾ ഇന്ന് പുലർച്ചെ ശക്തിവേലിനെ അറിയിച്ചു. കാട്ടാനകൾ എത്തുമ്പോഴൊക്കെ രക്ഷകനാകാറുള്ള ശക്തിവേൽ മടിക്കാതെ തേയിലക്കാട്ടിലേക്ക് കയറി. 

മൂടൽ മഞ്ഞ് കാരണം ആനകളെ കാണാനാകാതെ മുന്നിൽ ചെന്നുപെട്ടു എന്നാണ് പ്രാഥമിക നിഗമനം. ഏറെ നേരം കഴിഞ്ഞിട്ടും ശക്തിവേൽ തിരിച്ച് എത്താതായപ്പോൾ നാട്ടുകാരും ബന്ധുക്കളും തെരച്ചിൽ തുടങ്ങി. ഒടുവില്‍ തേയിലക്കാട്ടിനുള്ളിൽ ആനകൾ ആക്രമിച്ച് കൊലപ്പെടുത്തിയ നിലയിൽ ശക്തിവേലിന്‍റെ മൃതദേഹം കണ്ടെത്തി. വർഷങ്ങളായി കാട്ടാനകളുമായി ഇടപഴകിയിരുന്ന ശക്തിവേലിന്റെ മരണം ബന്ധുക്കൾക്കും നാട്ടുകാർക്കും അവിശ്വസനീയമായി.

Read More : കാട്ടാന ആക്രമണത്തിൽ മരിച്ച ശക്തിവേലിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം

Follow Us:
Download App:
  • android
  • ios